
മിന്നൽ മുരളി സിനിമയും ഉഷ എന്ന കഥാപാത്രവും നൽകിയ വലിയ ഇരിപ്പിടത്തിലാണ് ഷെല്ലി എൻ. കുമാർ ഇരിക്കുന്നത്. സിനിമയായിലും സീരിയലായാലും ഷെല്ലിയെ തേടി എത്തുന്ന കഥാപാത്രങ്ങളിൽ അധികം പേരും ദുഃഖപുത്രിമാർ. മിന്നൽ മുരളിയിലെ ഉഷയും ദുഃഖപുത്രി.
''ദുഃഖപുത്രിമാർ അല്ലാത്ത എന്റെ കഥാപാത്രങ്ങളൊന്നും പ്രേക്ഷകരിൽ എത്തിയില്ല. എവിടെയെങ്കിലും ദുഃഖവും കുറച്ച് കരച്ചിലും ഉണ്ടാകും. ദുഃഖപുത്രിമാരായ നായികമാരെയാണ്എല്ലാ വീടുകളിലും ആറുമണിമുതൽ പത്തുമണിവരെ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്. സീരിയിലിന്റെ കഥാഘടന മാറിയാൽ മാത്രമേ ദുഃഖപുത്രിമാർക്ക് മോചനം ലഭിക്കൂ. ആണുകൾ എല്ലാം വില്ലൻമാരും സ്ത്രീകൾ എല്ലാം കരഞ്ഞുകൊണ്ടിരിക്കുന്നവരുമല്ല. തിരിച്ചും സംഭവിക്കുന്നുണ്ട്. മിന്നൽ മുരളിയുടെ ഷൂട്ടിംഗിന് കേരള - കർണാടക അതിർത്തിയിൽ പോയപ്പോൾ കുങ്കുമപ്പൂവിലെ ശാലിനി എന്നും സ്ത്രീപദത്തിലെ ബാല എന്നും ആളുകൾ വിളിച്ചു. ജീവിതയാത്രയിൽ സന്തോഷവും ദുഃഖവും വരാറുണ്ട്. എല്ലാം നേരിട്ടു മുൻപോട്ടു പോവുക എന്നതാണ് രീതി. തമാശകൾ പറയുകയും നന്നായി ആസ്വദിക്കുകയും ചെയ്യുന്ന എന്നെ അടുത്ത് അടുപ്പമുള്ളവർക്ക് അറിയാം. ആ വലയത്തിൽ എത്തിയാൽ അതുവരെയുള്ള ചട്ടക്കൂട് മാറ്റി വേറൊരു വ്യക്തിയായി മാറും. ഒരു ലൊക്കേഷനിൽ പോയാൽ ആ കുട്ടി മൂഡ് ഓഫാണ് എന്നു എന്നെപ്പറ്റി കേൾക്കാം. കുറച്ചു സമയമെടുക്കും മിംഗിൾ ആകാൻ. അല്ലാതെ ഉൾവലിയുന്ന സ്വഭാവമില്ല.""ഷെല്ലി പറഞ്ഞു.
ദേശീയ അവാർഡ് ലഭിച്ച തങ്കമീനുകൾ ആണ് ഷെല്ലിയുടെ ആദ്യ തമിഴ് ചിത്രം. എന്നാൽ അതിനുശേഷം അഭിനയിക്കാൻ ആരും വിളിച്ചില്ല. തങ്കമീനുകൾ കഴിഞ്ഞു ഷെല്ലി ദുബായിലേക്ക് പോയി. ആസമയത്ത് സിം നഷ്ടപ്പെടുകയും ചെയ്തു. തങ്കമീനുകൾ നൽകിയ പ്രശസ്തിയെപ്പറ്റി ചിന്തിച്ചില്ല. രണ്ടുവർഷം കഴിഞ്ഞു സംവിധായകൻ റാം വിളിച്ച് അവാർഡ് ഉണ്ടെന്ന് പറഞ്ഞു. എന്നാൽ വരാൻ കഴിയാത്ത സാഹചര്യം. തമിഴിലെ പ്രശസ്തരായ സംവിധായകർ തന്നെ അന്വേഷിച്ചതായി അറിഞ്ഞെങ്കിലും ആ സിനിമയിലേക്കൊന്നും എത്താൻ കഴിഞ്ഞില്ല.
'' മിന്നൽ മുരളിയിലൂടെ പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച കഥാപാത്രം ലഭിച്ചു. ഈടയിൽ നല്ല കഥാപാത്രമായിരുന്നെങ്കിലും പ്രേക്ഷകരിൽ എത്തിയില്ല. പുതിയ സിനിമകളിലേക്ക് വിളി വന്നിട്ടുണ്ട്. തത്കാലം കുറച്ചു നാളത്തേക്ക് സീരിയൽ വേണ്ട എന്ന തീരുമാനത്തിലാണ് ജോലിയിൽ പ്രവേശിച്ചത്. സിനിമ പോലെയല്ല സീരിയൽ. രാവിലെ ആറ് മുതൽ രാത്രി വരെ ചിത്രീകരണം ഉണ്ടാകും. സീരിയൽ ചെയ്താൽ ജോലി ഒപ്പം കൊണ്ടുപോകാൻ കഴിയില്ല.കൊവിഡ് സമയത്ത് കാശിന്റെയും ജോലിയുടെയും സ്ഥിരം വരുമാനം ഇല്ലാത്തതിന്റെയും വില മനസിലാക്കി. ജോലി വേണമെന്ന ചിന്തയാണ് സുരക്ഷിതമായ ഇടത്തിൽ എത്തിച്ചത്."" ഷെല്ലി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |