
ആറാം ലോകകപ്പിലെ ആദ്യ അങ്കത്തിൽ സ്റ്റാർട്ടിംഗ് ട്രബിളുണ്ടായെങ്കിലും ഉസ്ബെക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ തന്റെ ക്ലാസ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 41ാം വയസിലും അപാരമായ പ്രതിഭയുടെ മിന്നലാട്ടം തുടരുന്ന റൊണാൾഡോ ഉസ്‌ബെക്ക് വലയിലേക്ക് അടിച്ച് കയറ്റിയത് രണ്ട് വെടിച്ചില്ല് ഗോളുകളായിരുന്നു. ഇതോടെ കഴിഞ്ഞ മത്സരത്തിൽ നിരാശയിലായിരുന്ന റോണോ ആരാധകർ ആഘോഷിക്കുകയാണ്.
ഇപ്പോഴിതാ റൊണാൾഡോയുടെ തിരിച്ചുവരവ് ആഘോഷിച്ച് നടി അഞ്ജു കുര്യൻ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. റൊണാൾഡോയുടെ മാസ്റ്റർപീസ് 'സിയൂ' ആഘോഷം ഏറ്റെടുത്താണ് അഞ്ജു സന്തോഷം അറിയിച്ചത്. സിആർ 7 ജേഴ്സി അണിഞ്ഞാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ചില പോർച്ചുഗൽ ആരാധകർ അഞ്ജുവിനെ പിന്തുണച്ചപ്പോൾ മറ്റ് ടീമുകളുടെ ആരാധകർ താരത്തെ ട്രോളുന്നുമുണ്ട്.
'നേരത്തെ ആഘോഷിക്കല്ലേ.... കൊളംബിയയുമായുള്ള അടുത്ത മത്സരം.. കാത്തിരുന്ന് കാണുക, അതിനുശേഷം തീരുമാനിക്കൂ', ചെറിയ ടീമിനെ തോൽപ്പിച്ചതിന് ഇത്രയും ആഘോഷമോ, ഇത്തവണത്തെ കപ്പ് മെസിയടിക്കും എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയൽ, നേരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജു.
അതേസമയം, ആദ്യ മത്സരത്തിൽ കോംഗോയ്ക്ക് എതിരെ വഴങ്ങിയ അപ്രതീക്ഷ സമനിലയുടെ നിരാശ പാടേ മായ്ക്കുന്നതായി പോർച്ചുഗലിന് കഴിഞ്ഞ വിജയം. മത്സരത്തിന്റെ 6,39 മിനിട്ടുകളിൽ വലകുലുക്കിയ റൊണാൾഡോ തുടർച്ചായായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കാഡുൾപ്പെടെ നിരവധി നേട്ടങ്ങൾ തന്റെ പേരിൽ എഴുതി ചേർത്താണ് ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. ഇത് രണ്ടാം തവണയാണ് റൊണാൾഡോ ഒരു ലോകകപ്പിൽ ഒന്നിലധികം ഗോളുകൾ നേടുന്നത്. ഇതിന് മുമ്പ് 2018 ലോകകപ്പിലാണ് റൊണാൾഡോ ഒന്നിൽക്കൂടുതൽ ഗോളുകൾ നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |