SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.14 AM IST

അതിന് ഞാൻ എന്ത് ചെയ്യാനാണ്, സിനിമ കഴിഞ്ഞെന്ന് പറയുമ്പോൾ സംവിധായകനുമായി തല്ലുകൂടണോ? മാധവന്റെ പരാമർശത്തിൽ രൂക്ഷപ്രതികരണവുമായി അക്ഷയ് കുമാർ

madhavan-akshay

കുറ‌ഞ്ഞ സമയത്തിനുള്ളിൽ നല്ല സിനികൾ ചെയ്യാൻ സാധിക്കില്ലെന്ന നടൻ മാധവന്റെ പരാമർശത്തിന് മറുപടിയുമായി ബോളിവുഡ് താരം അക്ഷയ്‌ കുമാർ. മാധവൻ അക്ഷയ് കുമാറിനെ ഉദ്ദേശിച്ചാണ് ഈ പരാമർശം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെയാണ് നടന്റെ പ്രതികരണം.

പുഷ്‌പ, ആര്‍.ആര്‍.ആര്‍ പോലെയുള്ള ചിത്രങ്ങള്‍ ഒരു വര്‍ഷം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഇക്കാരണത്താൽ മൂന്ന് മുതൽ നാല് മാസം കൊണ്ട് ചിത്രീകരിച്ച സിനിമകളെക്കാൾ പ്രാധാന്യം പ്രേക്ഷകർ ഇത്തരം ചിത്രങ്ങൾക്ക് നൽകുമെന്ന് മാധവൻ പറഞ്ഞു. 'റോക്കട്രി ദി നമ്പി ഇഫക്ട്' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടയിലായിരുന്നു മാധവന്റെ പ്രതികരണം.

മാധവൻ അക്ഷയ് കുമാറിനെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഈയടുത്ത് അക്ഷയ് കുമാറിനെ നായകനാക്കി പുറത്തിറക്കിയ 'സാമ്രാട്ട് പൃഥ്വിരാജ്' വൻ പരാജയമായത് താരത്തിന്റെ തിരക്ക് മൂലമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും ഉൾപ്പടെയുള്ളവർ ആരോപിച്ചിരുന്നു. 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ പരാജയവും മാധവന്റെ പ്രസ്‌താവനയും ആളുകൾ കൂട്ടിച്ചേർത്തതോടെയാണ് അക്ഷയ് കുമാർ പ്രതികരണവുമായി എത്തിയത്.

'ഞാന്‍ ഇപ്പോള്‍ എന്താണ് പറയുക. എന്റെ സിനിമകളുടെ ഷൂട്ടിംഗ് പെട്ടെന്ന് തീരുന്നു. അതിന് ഞാന്‍ എന്ത് ചെയ്യാനാണ്. ഇതില്‍ ഇപ്പോൾ എനിക്ക് എന്താണ് ചെയ്യാനാവുക. സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറയുമ്പോൾ ഞാന്‍ ഇനി അയാളുമായി തല്ലുകൂടണോ?'- അക്ഷയ് ‌കുമാർ ചോദിച്ചു. 'രക്ഷാ ബന്ധന്‍' എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ച് മാധവന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHAVAN AKSHAY, MADHAVAN, AKSHAY KUMAR, MADHAVAN STATEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY