SignIn
Kerala Kaumudi Online
Saturday, 04 July 2026 3.33 PM IST

സെക്രട്ടറി സ്ഥാനം വെല്ലുവിളിയല്ല: എം.വി. ഗോവിന്ദൻ

mv-govindan

പ്രതിസന്ധികളെ അതിജീവിക്കും

തിരുവനന്തപുരം: പ്രതിസന്ധികളെ അതിജീവിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും,പാർട്ടി സെക്രട്ടറി സ്ഥാനം തനിക്ക് വെല്ലുവിളിയല്ലെന്നും സി.പി.എമ്മിന്റെ പുതിയ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ എ.കെ.ജി സെന്ററിൽ വാർത്താലേഖകരോട് പറഞ്ഞു.

സെക്രട്ടറിയാക്കാൻ തീരുമാനിച്ചത് പാർട്ടിയാണ്. ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകും. മന്ത്രിസ്ഥാനം രാജി വയ്ക്കുന്നതൊക്കെ പാർട്ടി തീരുമാനിക്കും. മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും നയിക്കുന്നത് പാർട്ടിയാണ്. വ്യക്തികളല്ല.പാർട്ടിയും ഇടതുമുന്നണിയുമെടുക്കുന്ന നിലപാടനുസരിച്ച് മുന്നോട്ട് പോകുന്ന സർക്കാരാണ് കേരളത്തിലുള്ളത്. പിന്നെയെങ്ങനെയാണ് ചുമതല വെല്ലുവിളിയാകുന്നത്? പാർട്ടിയിൽ ചില ഘട്ടങ്ങളിൽ മാത്രമാണ് വിഭാഗീയതയുണ്ടായിട്ടുള്ളത്. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോയിട്ടുണ്ട്.

ഗവർണർ വിഷയത്തിൽ

പിന്നോട്ടില്ല

ഗവർണറുടെ വിഷയത്തിൽ പിന്നോട്ടില്ല. ഗവർണറെടുക്കുന്ന നിലപാടുകൾ ജനാധിപത്യപരവും ഭരണഘടനാപരവുമാകണം. .പാർട്ടി പിന്നോട്ട് പോകുമോയെന്ന ചോദ്യത്തിന്, മുന്നോട്ടല്ലാതെ ആരെങ്കിലും പിന്നോട്ട് പോകുമോയെന്നായിരുന്നു മറുചോദ്യം. പിന്നോട്ട് പോയാൽ പാർട്ടിയുണ്ടാവുമോ? ഗവർണറുമായി ബന്ധപ്പെട്ട വിഷയത്തിന്റെ ഭാവി നമ്മളെ ആശ്രയിച്ചല്ല, ഭരണഘടനയെ ആശ്രയിച്ചാണ്.

#മന്ത്രിസഭയുടെ പ്രവർത്തനം മോശമാണെന്നാരും പറഞ്ഞിട്ടില്ല. തിരുത്തേണ്ട ചില കാര്യങ്ങളുണ്ട്, അത് തിരുത്തുമെന്നാണ് പറഞ്ഞത്. മന്ത്രിസഭാ പുന:സംഘടനയൊന്നും പാർട്ടി ആലോചിച്ചിട്ടില്ല.

# ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നല്ലതുപോലെ തിരിച്ചുവരും. ഒരു സീറ്റൊന്നുമാകില്ല. . പാർട്ടിയും മുന്നണിയും കൂട്ടായി പോകണം.

#സി.പി.ഐ ജില്ലാ സമ്മേളനങ്ങളിൽ വിമർശനമുന്നയിക്കുന്നെങ്കിൽ ആരോഗ്യപരമായ കഴിവുണ്ടെന്നാണർത്ഥം. എല്ലാ മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പാർട്ടിയിലും വിമർശനവും സ്വയംവിമർശനവുമുണ്ടാകും. . മാദ്ധ്യമവാർത്തകൾ വച്ചുകൊണ്ട് സി.പി.ഐ അങ്ങനെയാണ് ചിന്തിക്കുന്നതെന്ന് കരുതുന്നില്ല. മാദ്ധ്യമങ്ങൾ വലിയതോതിൽ പർവതീകരിക്കുന്നുണ്ടാകും. ഞങ്ങളതൊന്നും ഗൗരവമായെടുക്കുന്നില്ല.

#യു.ഡി.എഫിലിപ്പോൾ ഇടതുപക്ഷസ്വഭാവമുള്ള പാർട്ടികളില്ല. ആർ.എസ്.പി ഇടതായിരുന്നുവെന്ന് ചരിത്രത്തിന്റെ ഭാഗമായി പറയാം. ഇപ്പോൾ തികഞ്ഞ വലതുപക്ഷ നിലപാടാണ്. അവർ തിരുത്തിവന്നാൽ അപ്പോൾ സ്വാഗതം ചെയ്യാം.

#കോൺഗ്രസെന്താണെന്നതിൽ കോൺഗ്രസുകാർക്കു തന്നെയിപ്പോൾ ആശങ്കയാണ്. ഗുലാംനബിക്ക് പിന്നാലെ ആരൊക്കെയാണ് പോകുകയെന്ന് കണ്ടറിയണം. രാഹുൽഗാന്ധിയുടെ യാത്ര പുറപ്പെട്ടിങ്ങെത്തുമോയെന്നൊക്കെ കാണേണ്ടതുണ്ട്.. കോൺഗ്രസ് വർഗീയതയ്ക്കെതിരെ എന്തെങ്കിലും പറയുന്നത് ഇവിടെയാണ്. ഇവിടന്നങ്ങോട്ട് കടന്നാലൊന്നുമില്ല.

#പാർട്ടിയെയും സർക്കാരിനെയും നയിക്കുന്നതെല്ലാം കണ്ണൂരുകാരാണല്ലോയെന്ന ചോദ്യത്തിന്, തങ്ങളൊക്കെ കണ്ണൂരിൽ നിന്ന് പുറപ്പെട്ടിട്ട് കാലമെത്രയായെന്നായിരുന്നു മറുചോദ്യം. താൻ 80ന് മുമ്പ് കണ്ണൂർ വിട്ട് പ്രവർത്തിക്കാൻ തുടങ്ങിയതാണ്. കോടിയേരിയും പിണറായിയും ഇ.പി. ജയരാജനുമെല്ലാം അങ്ങനെ തന്നെ. ഏത് ജില്ല, ഏത് പ്രദേശം എന്നതല്ല പ്രസക്തം.

#ബി.ജെ.പി കുഴപ്പമുണ്ടാക്കുന്നു

ആർ.എസ്.എസ്- ബി.ജെ.പി നേതൃത്വം തലസ്ഥാനജില്ലയിലടക്കം ബോധപൂർവ്വം കുഴപ്പമുണ്ടാക്കുന്നു. ആനാവൂർ നാഗപ്പന്റെ വീടിന് നേരേയുണ്ടായ ആക്രമണം ഇതിന്റെ ഭാഗം. ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ആക്രമണമുണ്ടായി. പ്രകോപനമുണ്ടാക്കി സംഘർഷമുണ്ടായാൽ ഇവിടെയെല്ലാം തകർന്നുവെന്ന് വരുത്താനാണ് ശ്രമം. അതിൽ പാർട്ടി വീഴില്ല. എ.കെ.ജി സെന്റർ ആക്രമിച്ചവരെ പിടികൂടും.

#കോടിയേരിയെ കണ്ട് സംസാരിച്ചു. എത്രയോ പതിറ്റാണ്ടുകളായി ബന്ധമുള്ളവരാണ്. അദ്ദേഹത്തിന് നല്ല ചികിത്സയൊരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVGOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA