SignIn
Kerala Kaumudi Online
Friday, 03 July 2026 5.20 PM IST

'ലഹരി വിൽക്കുന്നവർക്കുള്ള ശിക്ഷ നരകത്തിലല്ല,​ ഇവിടെത്തന്നെ': ഓപ്പറേഷൻ തൂഫാൻ ജാഗരണിന് തുടക്കംകുറിച്ച് ആഭ്യന്തരമന്ത്രി

READ ENGLISH VERSION
ramesh-chennithala
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,​ പെരുമ്പാവൂരിലെ ഓപ്പറേഷൻ തൂഫാൻ ജാഗരൺ റാലിക്കിടെ/photo credit: kerala police

എറണാകുളം: ഇതരസംസ്ഥാനക്കാരുടെ കേന്ദ്രമായ പെരുമ്പാവൂരിനെ ലഹരി മുക്താമാക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തൂഫാൻ ജാഗരൺ റാലി ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് ഒരുമാസം തികയുന്ന ഇന്നുതന്നെയാണ് പുതിയ ക്യാമ്പയിന് തുടക്കമാകുന്നത്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോ​ഗം വർദ്ധിക്കുകയാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് പ്രദേശത്ത് പ്രത്യേക പരിപാടിക്ക് ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ബെന്നി ബെഹനാൻ എംപി,​ സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, നോർത്ത് മേഖല ഐജി പുട്ട വിമലാദിത്യ എന്നിവരും റാലിയുടെ ഭാഗമായി.

സിന്തറ്റിക് ലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗം അതിഥി തൊഴിലാളികൾക്കിടയിൽ പതിവാകുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നീക്കം. മഴ തടസം സൃഷ്ടിച്ചിട്ടും നാട്ടുകാരും സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെ വൻജനാവലിയാണ് റാലിയിൽ പങ്കെടുത്തത്. മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷമാണ് തൂഫാൻ ജാഗരൺ റാലി ആരംഭിച്ചത്. റാലിക്കുശേഷം പെരുമ്പാവൂരിലെ പൊതുസമ്മേളനത്തിൽ രമേശ് ചെന്നിത്തല സംസാരിച്ചു.

ഏറ്റെടുത്തിരിക്കുന്നത് ഏറ്റവും ദുഷ്കരമായ ദൗത്യമാണെന്നും പൊലീസിന് മാത്രമായി ലഹരിക്കെതിരെ ഒന്നും ചെയ്യാനാകില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അതിനാൽ ജനങ്ങളുടെ പൂർണ പിന്തുണ വേണം. പെരുമ്പാവൂരിലെ ലഹരി വ്യാപനത്തിൽ മലയാളികൾക്കും പങ്കുണ്ട്. ലഹരി വിൽക്കുന്നവർക്കുള്ള ശിക്ഷ മരണശേഷം നരകത്തിലായിരിക്കില്ല ഇവിടെ ഭൂമിയിൽ തന്നെയായിരിക്കും. പെരുമ്പാവൂർ ലഹരിയുടെ കേന്ദ്രമെന്ന കുപ്രസിദ്ധി മാറ്റണം. ലഹരി വിൽപന നിർത്തിയില്ലെങ്കിൽ കയ്യിൽ വിലങ്ങുറപ്പാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മലയാളികളും അന്യഭാഷാ തൊഴിലാളികളും ചേർന്ന് പ്രദേശത്ത് ലഹരി ഉപയോഗം നടത്തുന്നുണ്ടെന്നും അക്രമ സംഭവങ്ങൾ പതിവാണെന്നുമുള്ള നാട്ടുകാരുടെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് തൂഫാൻ ജാഗരൺ റാലിക്ക് ആഭ്യന്തര മന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഒരു മാസത്തിനിടെ സംസ്ഥാനത്തുനിന്ന് ഏകദേശം 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതുവരെ 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേർ അറസ്റ്റിലാകുകയും ചെയ്തു. 6005 ബോധവൽക്കരണ ക്ലാസുകളും 279 കൗൺസിലിംഗുകളുമാണ് പൊലീസ് ഇതുവരെ സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH CHENNITHALA, TOOFAN JAGARAN RALLY, ATHITHI THOZHILALIKAL, KERALA ANTI DRUG CAMPAIGN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA