ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ വൻപരാജയത്തിന് ശബരിമല കാരണമായെന്ന എൽ.ഡി.എഫ് വിലയിരുത്തലിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എ. ജയശങ്കർ രംഗത്ത്. 'മിഥുനം ഒന്നു മുതൽ ആക്‌ടിവിസ്റ്റുകൾക്ക് നിലക്കലിനപ്പുറം പ്രവേശനം അനുവദിക്കില്ല. താഴ്‌മൺ തന്ത്രിക്കെതിരെയുളള സകല നടപടിയും ഉപേക്ഷിക്കും.വരുന്ന മണ്ഡലകാലത്ത് സി.പി.എം മുൻകയ്യെടുത്ത് വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ, 'റെഡി ടു വെയ്റ്റ് ക്യാമ്പൈൻ ഏറ്റെടുക്കും. സംസ്ഥാനത്തെമ്പാടും ഡിഫി (ഡി.വൈ.എഫ്.ഐ) പ്രവർത്തകർ ശബരിമല തീർത്ഥാടകർക്ക് ചുക്കുകാപ്പിയും സംഭാരവും വിതരണം ചെയ്യും- ഇപ്രകാരമാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പൂർണരൂപം വായിക്കാം-
'നവോത്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ ശബരിമല നയം തികച്ചും ശരിയാണ്. പക്ഷേ ബിജെപിയും കോൺഗ്രസും ലീഗും തെറ്റിദ്ധാരണ പരത്തുകയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയും ചെയ്തു. നമ്മുടെ ചില സഖാക്കൾ കൂടിയും എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായി. 18സീറ്റ് ജയിക്കും എന്നു വീമ്പടിച്ച ഇടതു മുന്നണി 19 സീറ്റ് തോറ്റു.
ശബരിമല വിശ്വാസികൾക്ക് പാർട്ടിയിലുളള വിശ്വാസം വീണ്ടെടുക്കണം അല്ലെങ്കിൽ കേരളം ബംഗാളാകും എന്നാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തൽ.
അതുകൊണ്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നവോത്ഥാനത്തിന് മോറട്ടോറിയം പ്രഖ്യാപിക്കുകയാണ്. വെളളാപ്പളളി നടേശൻ, പുന്നല ശ്രീകുമാർ, സുനിൽ പി ഇളയിടം, ദീപ നിശാന്ത് മുതലായ സകല നവോത്ഥാന നായികാ നായകരുടെയും സേവനം അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നു.
ജി സുകുമാരൻ നായരുടെ പേര് സംസ്ഥാന സർക്കാർ പത്മവിഭൂഷണത്തിന് ശുപാർശ ചെയ്യും. മന്നത്ത് പത്മനാഭൻ്റെ പൂർണ കായ പ്രതിമ സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിക്കും. മിഥുനം ഒന്നു മുതൽ ആക്റ്റിവിസ്റ്റുകൾക്ക് നിലക്കലിനപ്പുറം പ്രവേശനം അനുവദിക്കില്ല. താഴമൺ തന്ത്രിക്കെതിരെയുളള സകല നടപടിയും ഉപേക്ഷിക്കും. പത്മകുമാറിൻ്റെ കാലാവധി തീരുമ്പോൾ കലഞ്ഞൂർ മധുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കും. വരുന്ന മണ്ഡലകാലത്ത് സിപിഎം മുൻകയ്യെടുത്ത് വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ, 'റെഡി ടു വെയ്റ്റ്' ക്യാമ്പൈൻ ഏറ്റെടുക്കും. സംസ്ഥാനത്തെമ്പാടും ഡിഫി പ്രവർത്തകർ ശബരിമല തീർത്ഥാടകർക്ക് ചുക്കുകാപ്പിയും സംഭാരവും വിതരണം ചെയ്യും. ആപത്ബാന്ധവനേ, അനാഥ രക്ഷകനേ, ശരണമയ്യപ്പ!'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |