SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

കോടികൾ വിലയുള്ള രവിവർമ്മചിത്രങ്ങൾക്ക് യൂണിവേഴ്‌സിറ്റി കോളേജിൽ പുനർജന്മം

Increase Font Size Decrease Font Size Print Page
john-rose

തിരുവനന്തപുരം: ഇതിഹാസ ചിത്രകാരൻ രാജാ രവിവർമ്മയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ചിത്രങ്ങൾക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പുനർജന്മത്തിന് വഴിയൊരുങ്ങുന്നു. പ്രിൻസിപ്പലിന്റെ മുറിയിലാണ് നിധിപോലെ കാക്കേണ്ട നാല് ചിത്രങ്ങൾ നിലവിലുള്ളത്. ഇവയിൽ രവിവർമ്മയുടെ കൈയൊപ്പും വരച്ച വർഷവും രേഖപ്പെടുത്തിയിട്ടുള്ളത് ഒരെണ്ണത്തിൽമാത്രം. കോളേജിന്റെ ആദ്യ പ്രിൻസിപ്പലായിരുന്ന ജോൺ റോസിന്റെ ചിത്രത്തിലാണ് രവിവർമ്മയുടെ കൈയൊപ്പുള്ളത്. ചിത്രങ്ങളുടെ സംരക്ഷണത്തിനായി 92 ലക്ഷം രൂപ പ്രത്യേക ഫണ്ടായി സംസ്ഥാന സർക്കാർ അനുവദിച്ചു.

പലയിടത്തായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളുടെ മൂല്യം മനസിലാക്കിയതോടെയാണ് സുരക്ഷിത സ്ഥാനത്തേക്ക് അവ മാറ്റിയതെന്ന് പ്രിൻസിപ്പൽ സജി സ്‌റ്റീഫൻ കേരളകൗമുദിയോട് പറഞ്ഞു. റെസ്‌റ്റോറേഷൻ മേഖലയിലെ വിദഗ്‌ദ്ധരുമായി ബന്ധപ്പെട്ട് ചിത്രങ്ങളുടെ സംരക്ഷണം ഉടൻ ഉറപ്പാക്കും. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ചിത്രങ്ങൾക്ക് പലയിടത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് പൂർവ സ്ഥിതിയിലാക്കുക ഏറെ ശ്രമകരമാണ്. കഴിവതും വേഗം അത് ചെയ്‌തില്ലെങ്കിൽ ചിത്രങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്ങനെയാണ് ഇവ പ്രദർശിപ്പിക്കേണതെന്ന് തീരുമാനിച്ചിട്ടില്ല.

'ദേശീയനിധി"എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് രവിവർമ്മ ചിത്രങ്ങൾ. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തേക്കും കൈമാറ്റാം ചെയ്യാനാവില്ല. സ്വകാര്യ ശേഖരങ്ങളിലുള്ള ചില ചിത്രങ്ങൾ 30 കോടി രൂപയ്ക്കുവരെ ലേലം കൊണ്ടിട്ടുണ്ട്.

2000 ചിത്രങ്ങൾ

1848 ൽ കിളിമാനൂരിൽ ജനിച്ച രവിവർമ്മ രണ്ടായിരത്തിലധികം ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ചിത്രകലയെ ജനകീയവത്കരിക്കുന്നതിന് അദ്ദേഹം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. 1906ൽ അൻപത്തിയെട്ടാം വയസിൽ അന്തരിച്ചു.

''ഒരു ചിത്രം റീസ്‌റ്റോറേഷൻ ചെയ്യാൻ ആറുമാസമെങ്കിലും വേണ്ടിവരും. കൺസർവേഷൻ ലാബും പ്രത്യേകം ക്രമീകരിച്ച ലൈറ്റുകളുമൊക്ക ഇതിനാവശ്യമാണ്. പദ്ധതി പൂർത്തീകരിച്ചാൽ 300 വർഷം കേടുകൂടാതിരിക്കും.""

- നാരായണൻ നമ്പൂതിരി, റെസ്‌റ്റോറേഷൻ എക്‌സ്‌പേർട്ട്.

റെസ്‌റ്റോറേഷൻ

ചിത്രത്തിന്റെ പഴക്കമാണ് ആദ്യം പരിശോധിക്കുക. നാലു ലെയറുകളിലുള്ള സൂക്ഷ്‌മ പരിശോധന വേണ്ടിവരും. വാർണിഷ് ലെയർ, പെയിന്റ് ലെയർ, ഗ്രൗണ്ട് ലെയർ, കാൻവാസ് ലെയർ. നഗ്‌ന നേത്രങ്ങൾ കൊണ്ടുള്ള പരിശോധനയും സ്‌റ്റീരിയോ മൈക്രോസ്കോപ്പ് അടക്കം ഉപയോഗിച്ചുള്ള പരിശോധനയും നടത്തും. താത്കാലിക ലാബ് സജ്ജമാക്കിയാണ് ചിത്രങ്ങൾ വീണ്ടെടുക്കാനുള്ള ക്രമീകരണങ്ങൾ നടത്തുക. ഓരോ ചിത്രത്തിനും പ്രത്യേകം ട്രീറ്റ്മെന്റാണ് വേണ്ടിവരിക.

TAGS: REVIVARMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY