തിരുവനന്തപുരം: വിജിലൻസിലെ രണ്ട് സെക്ഷനുകളെ വിവരാവകാശ മുക്തമാക്കിയത് മുൻ സർക്കാരിന്റെ നടപടികളുടെ തുടർച്ച. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയുമടക്കം ഉന്നതരെ രക്ഷിക്കാൻ വിജിലൻസിനെ ഒന്നാകെ വിവരാവകാശത്തിൽ നിന്നൊഴിവാക്കാനായിരുന്നു ഇടതുഭരണകാലത്തെ ശ്രമം. 2025 ജൂണിൽ ഇതുസംബന്ധിച്ച ശുപാർശ വിജിലൻസ് മേധാവി സർക്കാരിന് കൈമാറിയിരുന്നു. വിവരാവകാശ നിയമത്തിലെ 24(4) വകുപ്പനുസരിച്ച് സുരക്ഷാ, ഇന്റലിജൻസ് ഏജൻസികളെ വിവരവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാവും. ഈ വകുപ്പിനെ മറയാക്കിയാണ് അഴിമതി അന്വേഷണ ഏ ജൻസിയായ വിജിലൻസിനെ ഒന്നാകെ ഒഴിവാക്കാനുള്ള ശുപാർശ നൽകിയത്.
അന്ന് ആഭ്യന്തര അഡി. ചീഫ്സെക്രട്ടറിയായിരുന്ന ബിശ്വനാഥ്സിൻഹ ഇതിനെ എതിർത്തതോടെ വിജ്ഞാപനമിറക്കാനായില്ല. യു.ഡി.എഫ് സർക്കാർ വന്നതോടെ ഇതിനുള്ള ഫയൽ വീണ്ടും സജീവമായി. ബിശ്വനാഥ് സിൻഹ ചീഫ്സെക്രട്ടറിയാവുകയും ആഭ്യന്തര അഡി.ചീഫ്സെക്രട്ടറിയായി മിൻഹാജ് അലം വരികയും ചെയ്തതോടെയാണിത്. വിജിലൻസിനെ ഒന്നാകെ ഒഴിവാക്കാനാവില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ ആകെയുള്ള 32 സെക്ഷനുകളിൽ പത്തെണ്ണം ഒഴിവാക്കണമെന്ന് വിജിലൻസ് വീണ്ടും ആവശ്യപ്പെട്ടു. ഇതിനും സർക്കാർ വഴങ്ങാതിരുന്നതോടെ അഞ്ചെണ്ണമാക്കി കുറച്ചു. ഒടുവിലാണ് ടി-1, ടി-2 (ടോപ്പ് സീക്രട്ട്) സെക്ഷനുകളെ വിവരാവകാശത്തിൽ നിന്നൊഴിവാക്കിയത്. മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ഉന്നത ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട അഴിമതിക്കേസ് കൈകാര്യം ചെയ്യുന്നതാണ് ടി-2. അഴിമതിക്കാരുടെ ഇന്റലിജൻസ് വിവരങ്ങൾ സൂക്ഷിക്കുന്നതാണ് ടി-1 സെക്ഷൻ.
വിവരാവകാശ പരിധി: ന്യായീകരിച്ച് ചെന്നിത്തല
അതീവ രഹസ്യ സ്വഭാവമുള്ള കേസുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടാൽ കുറ്റാരോപിതർക്ക് സഹായകരമാകുമെന്നത് കൊണ്ടാണ് വിജിലൻസിലെ സുപ്രധാന സെക്ഷനുകളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. അന്വേഷണം പുർത്തിയായാൽ വിശദവിവരം നൽകും. വിജിലൻസിലെ ടി 1, ടി 2 സെക്ഷനുകളെ വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് മുൻ എൽ.ഡി.എഫ് സർക്കാരാണ് ശുപാർശ ചെയ്തത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ 22ന് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയതെന്നും കെ.കെ.വത്സരാജിന് മന്ത്രി മറുപടി നൽകി. വിവരാവകാശ നിയമത്തിൽ യു.ഡി.എഫ് സർക്കാർ വെള്ളം ചേർക്കില്ല. ടി 1, ടി 2 സെക്ഷനുകളെ ഒഴിവാക്കിയ നടപടിയിൽ നിന്നും പിന്നോട്ടു പോകില്ല.
ഏതുരേഖയും രഹസ്യമാക്കാം
1. രണ്ടു സെക്ഷനുകൾ വിവരാവകാശത്തിൽ നിന്നൊഴിവാക്കിയതോടെ, സർക്കാരിന് രഹസ്യമായി സൂക്ഷിക്കണമെന്ന് താത്‌പര്യമുള്ള ഫയലുകൾ ഇവിടേക്ക് മാറ്റാനാവും.
2. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയുമടക്കം ബാധിക്കുന്ന വിവരാവകാശ ചോദ്യങ്ങളെത്തുമ്പോൾ ഫയലുകൾ ടി-സെക്ഷനിലേക്ക് മാറ്റും. കഴിഞ്ഞ സർക്കാരിലെ ടൂറിസം വകുപ്പുദ്യോഗസ്ഥരുടെ വിദേശയാത്രകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്നത് ഈ പഴുതുപയോഗിച്ചാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |