SignIn
Kerala Kaumudi Online
Friday, 15 May 2026 5.15 PM IST

രണ്ടിന്റെ ഗുണനപട്ടിക മറന്നു, അഞ്ചാം ക്ളാസുകാരന്റെ കൈ ഡ്രില്ലർ ഉപയോഗിച്ച് തുളച്ച് അദ്ധ്യാപകൻ

vivaan

ലക്‌നൗ: ഗുണനപട്ടിക മറന്നതിന്റെ പേരിൽ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയുടെ കൈ അദ്ധ്യാപകൻ ഡ്രില്ലർ ഉപയോഗിച്ച് തുളച്ചു. ഉത്തർപ്രദേശ് കാൺപൂരിലെ പ്രേംനഗറിൽ അപ്പർ പ്രൈമറി മോഡൽ സ്‌കൂളിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. വിദ്യാർത്ഥി രണ്ടിന്റെ ഗുണനപട്ടിക മറന്നതിൽ ക്ഷുഭിതനായ അദ്ധ്യാപകൻ ഡ്രില്ലർ ഉപയോഗിച്ച് മുറിപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്.

സിസാമൗ സ്വദേശിയായ വിവാനാണ് അക്രമത്തിനിരയായത്. സർക്കാരിന്റെ ആഭിമുഖ്യത്തോടെ സംഘടിപ്പിക്കുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി വിവിധ സ്കൂളുകളിൽ വ്യത്യസ്ത വിഷയങ്ങളിൽ പരിശീലനങ്ങൾ നൽകുന്ന അദ്ധ്യാപകനായ അനുജ് ആണ് കുട്ടിയോട് അതിക്രൂരമായി പെറുമാറിയത്.

ഡ്രില്ലറുമായാണ് അദ്ധ്യാപകൻ ക്ളാസിലെത്തിയതെന്ന് അക്രമത്തിനിരയായ കുട്ടി പറയുന്നു. പിന്നാലെ കുട്ടിയോട് രണ്ടിന്റെ ഗുണനപട്ടിക പറയാൻ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി പറയാതിരുന്നതോടെ ഡ്രില്ലർ ഉപയോഗിച്ച് കൈ തുളയ്ക്കാൻ തുടങ്ങി. ഇതുകണ്ട് അടുത്തുനിന്ന് മറ്റൊരു വിദ്യാർത്ഥിയായ കൃഷ്ണ ഡ്രില്ലറിന്റെ പ്ളഗ് ഊരിമാറ്റുകയായിരുന്നു. തുടർന്ന് കുട്ടിയ്ക്ക് ചെറിയ രീതിയിൽ ചികിത്സ നൽകി വീട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. കുട്ടിയുടെ ക്ളാസ് ടീച്ചർ വിവരം സ്കൂൾ അധികൃതരെ അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ സംഭവമറിഞ്ഞ് സ്‌കൂളിൽ എത്തി പ്രശ്നമുണ്ടാക്കിയതോടെയാണ് വിവരം അധികാരികളിലേയ്ക്ക് എത്തുന്നത്.

അക്രമവിവരം അറിഞ്ഞതിന് പിന്നാലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ബേസിക് ശിക്ഷാ അധികാരി ( ബി എസ് എ) സുർജിത്ത് കുമാർ സിംഗ് സ്ഥലത്തെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുട്ടിയോട് അക്രമം നടത്തിയ അദ്ധ്യാപകനെ സ്‌കൂളിൽ നിന്ന് പിരിച്ചുവിട്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CLASS, FIVE, STUDENT, HAND, DRILLER, TEACHER, UP, KANPUR, TABLE OF TWO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY