
കൊച്ചി: പരിവാഹന്റെ പേരിൽ വാട്സാപ്പിലെത്തിയ വ്യാജ സന്ദേശത്തിൽ ക്ലിക്ക് ചെയ്ത ബാങ്ക് ഉദ്യോഗസ്ഥയ്‌ക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.75 ലക്ഷം രൂപ നഷ്ടമായി. വ്യാജ ആപ്പ് വഴി അക്കൗണ്ട് വിശദാംശങ്ങൾ ചോർത്തിയെടുത്താണ് തട്ടിപ്പു സംഘം പണം ചോർത്തിയത്.
പൊതുമേഖലാ ബാങ്കിൽ ജോലി ചെയ്യുന്ന മുളവുകാട് സ്വദേശിയായ 39കാരിയാണ് തട്ടിപ്പിന് ഇരയായത്. ആഗസ്റ്റ് മൂന്നിനാണ് ഉദ്യോഗസ്ഥയുടെ പേരിലുള്ള വാഹനത്തിന് പിഴ ഒടുക്കണമെന്ന് വാട്സാപ്പിൽ സന്ദേശമെത്തിയത്. സന്ദേശത്തിൽ ക്ലിക്ക് ചെയ്തപ്പോൾ മൊബൈൽ ഫോണിൽ പരിചkതമല്ലാത്ത ആപ്പ് ഡൗൺലോഡായി. സംശയം തോന്നിയ ഉദ്യോഗസ്ഥ ആപ്പ് ഉടൻ അൺ ഇൻസ്റ്റാൾ ചെയ്തെങ്കിലും പൂർണമായി ഡിലീറ്റാകാതിരുന്നത് ശ്രദ്ധയിൽപ്പെട്ടില്ല. അടുത്തദിവസം ഉച്ചയ്ക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി മെസേജുകൾ എത്തിയതോടെയാണ് തട്ടിപ്പ് അറിയുന്നത്.
ബാദൽകുമാർ, മുഹമ്മദ് സലിം, തൃദിപ് ബാഹർ, നിഷ, മുഹമ്മദ് ഹുസൈൻ എന്നിവരുടെ പേരിലുള്ള കേരള ഗ്രാമീണ ബാങ്ക്, കാനറാ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണംപോയത്. ഗ്രാമീൺ ബാങ്കിന്റെ അക്കൗണ്ടുകളിലേക്ക് നാല് തവണ 20000 രൂപ വീതവും കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു തവണ 10000 രൂപയും പോയതായി കണ്ടെത്തി. മൊബിക്വിക്ക് സിസ്റ്റംസിന്റെ പേരിൽ സ്വകാര്യ നവലിബറൽ ബാങ്കിലുള്ള അക്കൗണ്ടിലേക്കും 85,000 രൂപ പോയിട്ടുണ്ട്.
ആപ്പ് വഴി ബാങ്ക് ഉദ്യോഗസ്ഥയുടെ അക്കൗണ്ട് വിശദാംശങ്ങൾ ചോർത്തിയെടുത്താണ് പണം പിൻവലിച്ചതെന്ന് കരുതുന്നു. സൈബർതട്ടിപ്പിന് കേസെടുത്തതായി മുളവുകാട് എസ്.എച്ച്.ഒ ശ്യാംകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |