ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടാൻ നീക്കംനടത്തിയ യുവതി അറസ്റ്റിൽ. ഭർത്താവിനെ ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കി ബാറ്റ് കൊണ്ട് മർദിച്ച് കൊലപ്പെടുത്താനായിരുന്നു യുവതിയുടെ ശ്രമം. മഹാരാഷ്‌ട്രയിലെ ബർമതിയിൽ താമസിക്കുന്ന ഷർമിള പ്രവീൺ ജഗപ്‌ത് (38) ആണ് അറസ്റ്റിലായത്. ദൃശ്യം സിനിമയെ ഓർമ്മിപ്പിക്കുന്ന വിധമായിരുന്നു യുവതിയുടെ നീക്കമെന്ന് പൊലീസ് പറയുന്നു.
ജൂലായ് 30നാണ് യുവതി ഭർത്താവിനെ കൊല്ലാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയതോടെ പ്രവീൺ രണ്ട് ദിവസത്തോളം അബോധാവസ്ഥയിലായി. ഓഗസ്റ്റ് ഒന്നിന് ബോധം തിരികെവരുമെന്നായപ്പോൾ ഷർമിള ബാറ്റുപയോഗിച്ച് പ്രവീണിനെ ക്രൂരമായി മർദിച്ചു. തുടർന്ന് തൊഴിലാളികളെ നിർത്തി വീട്ടിലെ ബാൽക്കണിയിൽ ഇഷ്‌ടികയും സിമന്റും ഉപയോഗിച്ച് ചതുരാകൃതിയിലുള്ള കുഴി നിർമ്മിച്ചു. പ്രവീണിനെ ഇതിനുള്ളിൽ കിടത്തിയശേഷം മുകളിൽ കല്ലുപാളിവച്ച് അടയ്‌ക്കാനായിരുന്നു ശ്രമം.
എന്നാൽ, യുവതിയുടെ ചെയ്‌തികളിൽ സംശയം തോന്നിയ തൊഴിലാളികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുന്നതിനകംതന്നെ പ്രവീണിന്റെ സഹോദരൻ വീട്ടിലെത്തിയിരുന്നു. ഇയാളാണ് കുഴിയിൽനിന്ന് പ്രവീണിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന തന്റെ അമ്മയ്‌ക്കും ഷർമ്മിള ഉറക്കഗുളിക നൽകിയിരുന്നെന്ന് പ്രവീൺ പറയുന്നു. തന്നെ മർദിക്കുന്നതിനിടെ ബോധം തിരികെകിട്ടിയ അമ്മയാണ് സഹോദരനെ വിവരമറിയിച്ചതെന്നും പ്രവീൺ കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നിൽ മന്ത്രവാദമോ ആഭിചാരമോ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രവീൺ ആവശ്യപ്പെട്ടു. ജൂലായ് 13നും 14നും കലണ്ടറിൽ 'നോ റിസൾട്ട്' എന്ന് ഭാര്യ എഴുതിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഈ രണ്ട് ദിവസവും അമാവാസിയായിരുന്നെന്നും പ്രവീൺ ചൂണ്ടിക്കാട്ടി. ഡോക്‌ടറുടെ കുറിപ്പില്ലാതെ ഡോസ് കൂടിയ ഉറക്കഗുളികകൾ നൽകിയ മെഡിക്കൽ സ്റ്റോർ ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും പ്രവീൺ ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നാലെ ഭാര്യയുടെ മാതാപിതാക്കളുടെ തന്റെ കുട്ടികളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതായും കുഞ്ഞുങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പ്രവീൺ പൊലീസിനെ അറിയിച്ചു.
A 38-year-old woman in Maharashtra’s Baramati was arrested for allegedly drugging, beating and trying to bury her husband alive in a pit inside their home. The plan was foiled after workers alerted the police, who rescued the victim.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |