
ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് മുന്നോട്ടുവച്ച പ്രകടനപത്രികയിൽ മദ്യവ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു വാഗ്ദാനം നൽകിയിരുന്നു. മദ്യം കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണെന്നും, അതുകൊണ്ട് മദ്യ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നയമായിരിക്കും ഇടതു സർക്കാർ സ്വീകരിക്കുകയെന്നും ആ പ്രകടനപത്രിക പറയുന്നു. മദ്യവർജ്ജനം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നാണ് അന്ന് ഇടതു മുന്നണി വാക്കുപറഞ്ഞിരുന്നത്. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാത്യകയിൽ അതിവിപുലമായ ഒരു ജനകീയ ബോധവൽക്കരണ പ്രസ്ഥാനത്തിന് രൂപം നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
കേരളത്തിൽ കേവലം 29 ബാറുകൾ മാത്രം പ്രവർത്തിച്ചിരുന്ന കാലത്തായിരുന്നു ഈ വാഗ്ദാനം. അർഹിക്കുന്ന ഗൗരവത്തോടെയും പ്രാധാന്യത്തോടെയും ഈ വാഗ്ദാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് കേരളത്തെ വലിയ സാമൂഹ്യദുരന്തത്തിലേയ്ക്ക് തള്ളിവിടുന്ന ആപൽക്കരമായ മദ്യവ്യാപനവും ലഹരി പദാർത്ഥങ്ങളുടെ അനിയന്ത്രിതമായ വിതരണ- വ്യാപന ശൃംഖലകൾ ശക്തിപ്പെടുന്ന ദുരവസ്ഥയും ഉണ്ടാകുമായിരുന്നില്ല. നിർഭാഗ്യവശാൽ തിരഞ്ഞെടുപ്പ് വാഗ്ദാനം സമ്പൂർണമായി കാറ്റിൽ പറത്തി , കേരളത്തിൽ സമ്പൂർണ മദ്യവ്യാപനത്തിന് കളമൊരുക്കുന്ന നടപടികളാണ് ഒന്നൊന്നായി ഈ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ബാറുകളുടെ
കേരളം!
ഇപ്പോൾ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം ആയിരത്തിലധികമായി. ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഷോപ്പുകളും ക്ളബുകളും കള്ളുഷാപ്പുകളും ഇതിനു പുറമെയാണ്. മദ്യമില്ലെങ്കിൽ മയക്കുമരുന്ന് വ്യാപിക്കും എന്നായിരുന്നല്ലോ സർക്കാരിന്റെ പ്രധാന വാദഗതി. എന്നാൽ, ഇപ്പോൾ മദ്യം വ്യാപകമാകുകയും, മയക്കുമരുന്നും കഞ്ചാവും മറ്റ് രാസ ലഹരി പദാർത്ഥങ്ങളും റെക്കാഡ് വേഗതയിലുള്ള വ്യാപനത്തിലേയ്ക്ക് എത്തുകയും ചെയ്തിരിക്കുന്നു. ഓരോ ദിവസവും മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്ന അക്രമ സംഭവങ്ങളും കുറ്റകൃത്യങ്ങളും മദ്യലഹരിയുടെ വലിയ തോതിലുള്ള സ്വാധീനഫലമാണെന്നത് നിസ്തർക്കമാണ്.
ആഭ്യന്തര വകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിവുള്ളതാണെങ്കിലും സംസ്ഥാനത്ത് പെരുകിവരുന്ന അക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും മദ്യത്തിന്റെ പങ്ക് പൂർണമായി ഒഴിവാക്കി, മയക്കുമരുന്ന് പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തീരുമാനങ്ങളാണ് എടുക്കുന്നത് . മദ്യവ്യാപനത്തിന് നേതൃത്വം കൊടുക്കുന്ന സർക്കാർതന്നെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടുവന്നാൽ അതിന് ഒട്ടും വിശ്വാസ്യതയുണ്ടാവില്ല. അതുകൊണ്ട് ലഹരിക്കെതിരെ ക്യാമ്പയിനുമായി മുന്നോട്ടു പോകുമ്പോൾ, മദ്യവ്യാപനത്തിന് വഴിവയ്ക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയുന്നുവെന്ന് ജനങ്ങൾക്ക് ബോദ്ധ്യമാവുന്ന നടപടികൾ സ്വീകരിക്കണം.
ലോക് ഡൗൺ
മാതൃക
മദ്യവും മയക്കുമരുന്നും ജനങ്ങൾക്ക് അവശ്യവസ്തുവല്ലെന്ന് കൊവിഡ് കാലത്ത് ലോക്ഡൗൺ നടപ്പാക്കിയ 64 ദിവസത്തെ സ്ഥിതിഗതികൾ തെളിയിച്ചതാണ്. ആ ഇടവേളയിൽ മദ്യശാലകൾ സംസ്ഥാനത്ത് സമ്പൂർണമായി അടച്ചുപൂട്ടിയതിന്റെ ഫലമായുണ്ടായ ഗുണപരമായ മാറ്റങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. കുറ്റകൃത്യങ്ങളിൽ ആ കാലയളവിലുണ്ടായ ഗണ്യമായ കുറവ് സ്റ്റേറ്റ് ക്രൈം റെക്കാർഡ്സ് ബ്യൂറോ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
മദ്യം ഇല്ലാതായതിനെത്തുടർന്ന് അതിൽപ്പെട്ടിരുന്നവരുടെ കുടുംബങ്ങൾക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. 3978 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഇത്തരം കുടുംബങ്ങൾക്കുണ്ടായതായി 'അഡിക് ഇന്ത്യ"യുടെ പഠനം വ്യക്തമാക്കുന്നുണ്ട്. മദ്യം ഇല്ലാതായാൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കും, വ്യാജവാറ്റ് പെരുകും, മദ്യം ഉപയോഗിച്ചിരുന്നവർക്ക് അത് ലഭ്യമല്ലാതായാൽ വൻ പ്രത്യാഘാതങ്ങളുണ്ടാകും.... എന്നിങ്ങനെ മദ്യവ്യാപന നയത്തിന് ആധാരമായി നേരത്ത മുതൽ സർക്കാർ ഉയർത്തിയ വാദഗതികളും നടത്തിവന്നിരുന്ന പ്രചരണങ്ങളും തീർത്തും അസ്ഥാനത്താണെന്ന് ലോക്ഡൗൺ കാലത്ത് തെളിയിക്കപ്പെട്ടു.
മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരികയെന്നതാണ് മദ്യവിപത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അനിവാര്യമായിട്ടുള്ളത് എന്നതാണ് ഈ വിഷയത്തിൽ ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന തത്വം. വിനോദ സഞ്ചാര മേഖലയെ മദ്യനിയന്ത്രണം തളർത്തുമെന്ന വാദവും വസ്തുതകൾക്ക് നിരക്കാത്തതാണ്. ടൂറിസം വകുപ്പിന്റെ കണക്കുകൾതന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. 2014-ൽ 9,23,366 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി കേവലം 29 ബാറുകൾ മാത്രം പ്രവർത്തിക്കുകയും മറ്റെല്ലാ ബാറുകളും അടഞ്ഞുകിടക്കുകയും ചെയ്ത 2016-ൽ അത് 10,38,419 ആയി വർദ്ധിച്ചു!
മാഫിയകളുടെ
ഊർജ്ജസ്രോതസ്
സർക്കാരിന്റെ നിലനിൽപ്പ് മദ്യവരുമാനത്തെ ആശ്രയിച്ചാണെന്ന വാദവും നിരർത്ഥകമാണ്. മദ്യത്തിൽനിന്നുള്ള വരുമാനത്തിന്റെ ഇരട്ടിയിലേറെ തുക, മദ്യംമൂലമുണ്ടാകുന്ന ദുരിതങ്ങൾക്കും പരിഹാരത്തിനുമായി സർക്കാരിനുതന്നെ ചെലവിടേണ്ടിവരുന്നുണ്ട്. മദ്യലഹരിയിൽ സ്വന്തം മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവനെടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. പെരുകിവരുന്ന ക്വട്ടേഷൻ, ഗുണ്ടാ, മാഫിയ സംഘങ്ങളുടെ ഊർജ്ജ സ്രോതസും മദ്യവും മയക്കുമരുന്നും തന്നെയാണ്. ഇതെല്ലാം കണക്കിലെടുത്ത്, തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാതെ ജനങ്ങളോട് കാണിച്ച വിശ്വാസവഞ്ചനയ്ക്കും ഗുരുതര വീഴ്ചകൾക്കും ജനങ്ങളോട് മാപ്പു പറയാൻ മുഖ്യമന്ത്രി തയ്യാറാകണം. അതോടൊപ്പം, മദ്യവ്യാപനത്തിന് ഇടയാക്കുന്ന രീതിയിലുള്ള മദ്യനയം സമ്പൂർണമായി പിൻവലിക്കുകയും, സർവ വിധ ലഹരിവസ്തുക്കളും ഇല്ലാതാക്കാനും സർക്കാർ കുറ്റമറ്റ നടപടികൾ സ്വീകരിക്കണം.
ഉറവിടത്തിൽ നിന്നുതന്നെ ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുക്കണം. ലഹരി കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന അവസ്ഥയുണ്ടാക്കണം. ഇതെല്ലാം സാദ്ധ്യമാകുന്ന വിധത്തിൽ ബന്ധപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണം. പൊലീസ്- എക്‌സൈസ് സേനകളിലെ, മികച്ച സേവന പശ്ചാത്തലയും കാര്യപ്രാപ്തിയും ഉള്ളവരെ ഉൾക്കൊക്കൊള്ളിച്ച് ലഹരി വിരുദ്ധ സ്‌ക്വാഡുകൾ പുന:ക്രമീകരിക്കണം. വിമുക്തി ഉൾപ്പെടെയുള്ള ലഹരി നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിയുടെ നേത്യത്വത്തിൽ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യനീതി, തദ്ദേശ വകുപ്പുകളുടെ സംയുക്ത സംരംഭമായി മാറ്റിയെടുക്കണം. പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണശാല ആരംഭിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ ഉടനടി പിന്തിരിയണം.
(കെ.പി.സി.സി മുൻ പ്രസിഡണ്ട് ആണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |