
സോളാർ വൈദ്യുതോത്പാദന പദ്ധതികളുടെ വ്യാപനത്തിന് കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകുമ്പോൾ കേരളത്തിൽ പക്ഷേ, ഊർജ്ജ വകുപ്പിനും കെ.എസ്.ഇ.ബിക്കും അതിനോട് അത്ര താത്പര്യം പോര. അതിനുള്ള കാരണം അവർ നിരത്തുന്നതിങ്ങനെ: 'സോളാർ വൈദ്യുതികൊണ്ട് രാത്രിയിൽ ഗുണമില്ല, പകൽ സോളർ വൈദ്യുതി അമിതമായി ഉത്പാദിപ്പിക്കുന്നത് ട്രാൻസ്ഫോർമറിൽ ഓവർ ലോഡിന് ഇടയാക്കുന്നു. സോളാർ ഉത്പാദകർ പകൽ നൽകുന്ന വൈദ്യുതിക്കു പകരം രാത്രി വില കൂടിയ വൈദ്യുതി അവർ ഉപയോഗിക്കുന്നു".
പുരപ്പുറ സോളാർ പ്ലാന്റുകൾ ഓരോ വീടുകളിലും സ്ഥാപിക്കപ്പെടുമ്പോൾ കെ.എസ്.ഇ.ബിക്ക് നെഞ്ചിടിപ്പ് കൂടുകയാണ്. സോളാർ പാനലുകൾ വർദ്ധിച്ചതോടെ പ്രതിവർഷം 500 കോടി രൂപയുടെ അധികബാദ്ധ്യത തങ്ങൾക്ക് വരുന്നുവെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനെ രേഖാമൂലം അറിയിച്ച കണക്കാണിത്. കഴിഞ്ഞ വർഷം നടന്ന കമ്മിഷൻ തെളിവെടുപ്പിൽ ഇതിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതിയുടെ 70 ശതമാനവും പകൽ സമയം ഗ്രിഡിലേക്ക് എത്തുന്നതായി കെ.എസ്.ഇ.ബി പറയുന്നു. അത് ഇനിയും വർദ്ധിച്ചാൽ ഗ്രിഡ് പ്രവർത്തനത്തെ ബാധിക്കുമത്രെ!. ജലസേചന പദ്ധതികൾക്കടക്കം പ്രയോജനപ്പെടുത്തുന്നതിനാൽ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉത്പാദനം പകൽ 350 മെഗാവാട്ടിന് താഴേയ്ക്ക് കുറയ്ക്കാനാവില്ല. കുടിവെള്ള പദ്ധതികളെയടക്കം ബാധിക്കുമെന്നതിനാലാണിത്.
മൺസൂൺകാലത്ത് ജലവൈദ്യുത പദ്ധതികൾ പൂർണമായി പ്രവർത്തിപ്പിച്ചാണ് വെള്ളം ക്രമീകരിക്കുന്നത്. ഈ സമയത്തും സോളാർ ഉത്പാദനത്തിൽ മൂന്നിലൊന്ന് കുറവു മാത്രമാണുള്ളതെന്നാണ് കെ.എസ്.ഇ.ബി വിശദീകരിക്കുന്നത്.
പഴി സോളാറിന്
വിവിധ സംസ്ഥാനങ്ങളിലെ കമ്പനികളുമായി രാത്രിയും പകലും വൈദ്യുതി ലഭിക്കുന്ന (ആർ.ടി.സി) കരാറുകളിലാണ് കെ.എസ്.ഇ.ബി പ്രധാനമായും ഏർപ്പെട്ടിരിക്കുന്നത്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയും സോളാർ വൈദ്യുതിയും കൂടിയാകുന്നതോടെ പകൽ വൈദ്യുതി അധികമാവും. അങ്ങനെ കരാർ പ്രകാരം വാങ്ങുന്ന വൈദ്യുതി സറണ്ടർ ചെയ്യേണ്ടിവരുന്നു. ഇത് നഷ്ടം വർദ്ധിപ്പിക്കുന്നുവെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.
പകൽ സോളാർ വൈദ്യുതി ഉപയോഗിച്ചശേഷം അധികം ആവശ്യമുള്ളതുമാത്രം പുറത്തുനിന്ന് വാങ്ങിയാൽ പോരേയെന്ന ചോദ്യത്തിന് പക്ഷേ, അത് പ്രയോഗികമല്ലെന്നാണ് അധികൃതരുടെ വാദം. പകൽ അധിക വൈദ്യുതി സറണ്ടർ ചെയ്യുന്നത് ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ഗൗരവമായ ആലോചനയോ ഇടപെടലുകളോ ഉണ്ടാകുന്നില്ല.
പകൽ വൈദ്യുതി ഉപയോഗം കൂടുതലുള്ള അയൽസംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ വിലയ്ക്കാണെങ്കിലും കൈമാറുന്നതടക്കമുള്ള സാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്നില്ല. അധിക വൈദ്യുതി രാത്രിയിലേക്ക് ശേഖരിക്കാനും നിലവിൽ സംവിധാനമില്ല.
ബാദ്ധ്യത കൂട്ടുമെന്ന് പ്രചാരണം
സോളാർ പാനലുകൾ വയ്ക്കുന്നവരുടെ ബാദ്ധ്യത മറ്റ് ഉപഭോക്താക്കൾക്കുകൂടി വഹിക്കേണ്ടി വരുന്നു എന്ന പ്രചാരണം നടക്കുന്നുണ്ട്. 2024-25ൽ, സോളർ ഇല്ലാത്ത സാധാരണ ഉപഭോക്താവിന്റെ ബില്ലിൽ അധിക ബാദ്ധ്യതയായി എത്തുന്നത് യൂണിറ്റൊന്നിന് 19 പൈസയാണ് എന്ന കണക്ക് കെ.എസ്.ഇ.ബി അവതരിപ്പിച്ചിരുന്നു. 10 വർഷത്തിനകം ഈ ബാദ്ധ്യത യൂണിറ്റിന് 40 പൈസയിലെത്തും എന്ന കണക്കും തയ്യാറാക്കി.
പകൽ വൈദ്യുതിക്ക് വില കുറവാണ്. ഈ സമയം സോളാർ പ്ലാന്റുകളിൽ നിന്ന് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്കുപകരം അതേ അളവിൽ തിരികെ സോളാർ ഉത്പാദകർക്ക് രാത്രിയിൽ വിലകൂടിയ വൈദ്യുതി നൽകുന്നത് നഷ്ടമാണെന്നും ഇത് സാധാരണ ഉപഭോക്താക്കളിലേക്കാണ് എത്തുകയെന്നും പ്രചരിപ്പിക്കുന്നു. സോളാർ വൈദ്യുത ഉത്പാദകർ അവരുടെ ആവശ്യത്തിന് സോളാർ വൈദ്യുതി ഉപയോഗിക്കുകയും ഗ്രിഡിലേക്ക് നൽകുന്നത് കുറയ്ക്കുകയുമാണ് നിലവിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന വാദവും കെ.എസ്.ഇ.ബിക്കുണ്ട്.
ഗ്രിഡിലേക്ക് വൈദ്യുതി അധികം നൽകുന്നതിന് പകരം പുരപ്പുറങ്ങളിൽ ഉത്പാദിപ്പിക്കുന്നത് വീടുകളിൽ തന്നെ ശേഖരിക്കുന്നതിന് കെ.എസ്.ഇ.ബിക്ക് എതിർപ്പില്ല. എന്നാൽ, വൈദ്യുതി ശേഖരിച്ചുവയ്ക്കാൻ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കുന്നുണ്ടെങ്കിലും ഇത് വ്യാപകമാക്കിയാൽ അതിനുള്ള അധികചെലവും സാധാരണ ഉപഭോക്താക്കളുടെ ബില്ലിൽ അധികബാദ്ധ്യതയായി എത്തുമെന്ന വാദവും കെ.എസ്.ഇ.ബി ഉയർത്തുന്നു. പുനരുപയോഗ ഊർജ്ജചട്ട ഭേദഗതിയുടെ കരട് സംബന്ധിച്ച തെളിവെടുപ്പിൽ റഗുലേറ്ററി കമ്മിഷനു മുന്നിൽ ഇക്കാര്യങ്ങൾ കെ.എസ്.ഇ.ബി അവതരിപ്പിച്ചിരുന്നു.
സോളാറിന് അനന്ത സാദ്ധ്യത
ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതോത്പാദന മാർഗമാണ് സോളാർ പാനലുകൾ. ഇത്രയധികം പരിസ്ഥിതി സൗഹൃദമായ മറ്റൊരു ഊർജ്ജ ഉത്പാദന മേഖലയില്ല. ഇന്ന് നമ്മുടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതി ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് താപനിലയങ്ങളാണ്. ഇവ ഉയർത്തുന്ന പരിസ്ഥിതി പ്രശ്നങ്ങളാകട്ടെ വളരെ വലുതും.
പിന്നെയുള്ളത് ആണവനിലയങ്ങളാണ്. അവയുടെ സുരക്ഷിതത്വവും മറ്റ് അനുബന്ധ പ്രശ്നങ്ങളും നിസാരമല്ല. കൂടുതൽ ജലവൈദ്യുത നിലയങ്ങൾ ആരംഭിക്കുന്നതിനാകട്ടെ തടസമേറെയുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളും കൂറ്റൻ ഡാമുകളുടെ നിർമ്മാണവുമടക്കം ജലവൈദ്യുതിയുടെ വ്യാപനം ഇനിയുള്ള കാലം സുഗമമാവില്ല. കാറ്റാടിയിൽ നിന്നുള്ള വൈദ്യുതോത്പാദനം എല്ലായിടങ്ങളിലും പ്രയോഗികമല്ല.
ഈ സാഹചര്യത്തിലാണ് സോളാർ പുതിയ കാലത്തിന്റെ ഊർജ്ജസ്രോതസായി മാറുന്നത്. ഒരുതരത്തിലുള്ള മലിനീകരണവും സൃഷ്ടിക്കാത്ത, പരിസ്ഥിതിയെ ഒരുവിധത്തിലും ബാധിക്കാത്ത സോളാർ, വരുംനാളുകളിൽ നാട്ടിലെ വൈദ്യുത ഉത്പാദനത്തിന്റെ മുഖ്യ ഉറവിടമായി മാറും. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്ര സർക്കാർ രാജ്യമാകെ സോളാർ വ്യാപനത്തിന് പ്രോത്സാഹനം നൽകുന്നത്. എന്നാൽ, സോളാറിനേയും അത് സ്ഥാപിക്കുന്നവരെയും 'പ്രശ്നക്കാരായി" കാണുകയാണ് കേരളത്തിന്റെ ഊർജ്ജരംഗം നിയന്ത്രിക്കുന്നവർ.
കേരളത്തിലെ സോളാർ
ഉത്പാദന ശേഷി
(മെഗാവാട്ടിൽ)
1850.4
പുരപ്പുറ സോളാർ ശേഷി
340.26
ഗ്രൗണ്ട് മൗണ്ടഡ് സോളാർ
24.93
ഓഫ് ഗ്രിഡ് സോളാർ
2215.59
ആകെ സോളാർ ശേഷി
2196.36
കേരളത്തിലെ ജലവൈദ്യുത
ഉത്പാദന ശേഷി
കേരളം ഉത്പാദിപ്പിച്ച
സോളാർ വൈദ്യുതി
2024-25................................. 1711.83 mu
2025-26..................................2420.50 mu
(പരമ്പര തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |