SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.19 AM IST

എബോളയെ തടയാം മുൻകരുതലെടുത്ത്

s

ലോകത്തെ ഏറ്റവും അപകടകാരിയായ പകർച്ചവ്യാധികളിൽ ഒന്നാണ് എബോള വൈറസ് രോഗം. ഉയർന്ന മരണനിരക്കും അതിവേഗ രോഗവ്യാപന ശേഷിയും കാരണം ആഗോള ആരോഗ്യരംഗം എബോളയെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലാണ് പ്രധാനമായും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും, അന്തർദേശീയ യാത്രകളും ആഗോള ബന്ധങ്ങളും വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കേരളം ഉൾപ്പെടെ എല്ലാ പ്രദേശങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

കേരളം വിദേശരാജ്യങ്ങളുമായി അടുത്ത ബന്ധമുള്ള സംസ്ഥാനമാണ്. ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കൻ മേഖലകളിലേക്കും യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുതലായതിനാൽ എബോള പോലുള്ള രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണവും മുൻകരുതലുകളും സംസ്ഥാനത്ത് അത്യാവശ്യമാണ്.

ഡി.ആർ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ എബോള ബാധിത രാജ്യങ്ങളിൽനിന്ന് വരുന്നവരോ അവിടങ്ങളിലൂടെ യാത്ര ചെയ്ത് വരുന്നവരോ മുൻകരുതൽ പാലിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. പനി, ഛർദ്ദി, അകാരണമായ രക്തസ്രാവം, തലവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവരും രോഗബാധിതരായ വ്യക്തികളുമായി അടുത്തിടെ സമ്പർക്കം പുലർത്തിയവരും ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പ് എയർപോർട്ട് ഹെൽത്ത് ഓഫീസർമാരെ ഉടൻ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

നിലവിൽ ഇന്ത്യയിൽ എബോള കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗപ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണം നടപ്പിലാക്കുന്നുണ്ട്. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്. ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ രോഗികളെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 900 കടന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 101 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരായി മരിച്ചവരെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 119 ആയി.

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലൊരിടത്തും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ ആശങ്ക വേണ്ട. എങ്കിലും തിരുവനന്തപുരം, കൊച്ചി, പരിയാരം, മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.

എബോള വൈറസ് 'ഫിലോവിരിഡേ' കുടുംബത്തിൽപ്പെടുന്ന വൈറസാണ്. മനുഷ്യരിലും വന്യമൃഗങ്ങളിലുമാണ് ഇത് ഗുരുതരമായ വൈറൽ ഹെമറാജിക് പനി ഉണ്ടാക്കുന്നത്. 1976ൽ ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 2014- 2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്.

കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള ബാധിച്ച് 2300 പേരാണ് മരിച്ചത്.

രോഗബാധ ഗുരുതരമായാൽ ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനം തകരുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യാം. ചികിത്സ വൈകിയാൽ മരണസാദ്ധ്യത വളരെ കൂടുതലാണ്. കേരളത്തിന്റെ ആരോഗ്യരംഗം മുൻകാല അനുഭവങ്ങളിൽ നിന്ന് വലിയ പാഠങ്ങൾ നേടിയിട്ടുള്ളതിനാൽ, ശാസ്ത്രീയമായ മുൻകരുതലുകളും കർശനമായ നിരീക്ഷണവും തുടരുകയാണെങ്കിൽ എബോള പോലുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാൻ സംസ്ഥാനത്തിന് കഴിയും.

വായുവിലൂടെ പകരില്ല

എബോള വായുവിലൂടെ പകരുന്ന രോഗമല്ല. രോഗബാധിതരുടെ ശരീരദ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. രോഗബാധിതരുടെ രക്തം, ഉമിനീര്, ഛർദ്ദി, വിയർപ്പ്,​ മലമൂത്രം, ശരീരസ്രവങ്ങൾ, മൃതദേഹവുമായി സമ്പർക്കം എന്നിവയിലൂടെയാണ് രോഗപകർച്ചയ്ക്ക് സാദ്ധ്യത. രോഗബാധിതരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് അപകടസാദ്ധ്യതയുണ്ട്. ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാത്തത് രോഗവ്യാപനത്തിന് കാരണമാകാം.

രോഗലക്ഷണങ്ങൾ

എബോള വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 2 മുതൽ 21 ദിവസം വരെ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കാം. ആരംഭഘട്ടത്തിൽ കടുത്ത പനി, തലവേദന, ക്ഷീണം, പേശിവേദന, തൊണ്ടവേദന എന്നിവയും തുടർന്ന് ഛർദ്ദി, വയറിളക്കം,​ വയറുവേദന,ചർമ്മത്തിൽ പാടുകൾ,കണ്ണിൽ ചുവപ്പ് എന്നിവ കാണപ്പെടാം. ഗുരുതരമായാൽ
രക്തസ്രാവം,വൃക്ക, കരൾ തകരാർ,ബോധക്ഷയം തുടങ്ങി മരണത്തിലേക്ക് നയിക്കും.

രോഗനിർണയവും

ചികിത്സയും

എബോളയുടെ ലക്ഷണങ്ങൾ ഡെങ്കിപ്പനി, മലേറിയ, നിപ്പ, കൊവിഡ് തുടങ്ങിയ രോഗങ്ങളുമായി സാമ്യമുള്ളതിനാൽ ലബോറട്ടറി പരിശോധന നിർണായകമാണ്. ആർ.ടി.പി.സി.ആർ, എലൈസ പരിശോധനകളാണ് പ്രധാനം. സംശയം തോന്നിയാൽ രോഗികളെ ഉടൻ ഐസൊലേഷനിൽ പ്രവേശിപ്പിക്കണം. എബോളയ്ക്ക് പൂർണമായ ചികിത്സ നിലവിൽ പരിമിതമാണെങ്കിലും സമയബന്ധിത ചികിത്സ രോഗിയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. നിലവിൽ പൂനെ എൻ.ഐ.വിയിലാണ് പരിശോധനാ സംവിധാനമുള്ളത്.

കേരളത്തിന്റെ

സാഹചര്യം

കേരളം മുമ്പ് കൊവിഡ്, നിപ്പ വൈറസുകളെ നേരിട്ട അനുഭവമുള്ള സംസ്ഥാനമാണ്. അതിനാൽ എബോള പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ശക്തമായ ആരോഗ്യസംവിധാനങ്ങൾ സംസ്ഥാനത്തുണ്ട്. എങ്കിലും വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടുതലായതിനാൽ നിരന്തര ജാഗ്രത അനിവാര്യമാണ്. കേരളത്തിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും രോഗം കടന്നുവരാനുള്ള വാതിലുകളാണ്. നേരിട്ട് വിമാനങ്ങളില്ലെങ്കിലും പലയിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് രോഗബാധിത പ്രദേശങ്ങളിലുള്ളവർ എത്താൻ സാദ്ധ്യതയുണ്ട്.

പ്രധാന മുൻകരുതലുകൾ
വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ആരോഗ്യ പരിശോധന,താപനില പരിശോധന ,രോഗലക്ഷണമുള്ളവരുടെ നിരീക്ഷണം ,യാത്രാ ചരിത്ര പരിശോധന എന്നിവ പ്രധാനമാണ്.

ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ വാർഡുകൾ ഒരുക്കണം, പി.പി.ഇ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കണം, മെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമായി സംസ്‌കരിക്കണം, രോഗികളുമായി സമ്പർക്കം പരിമിതപ്പെടുത്തണം. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നർ 21 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.

വൈറസിനെ

തുരത്താൻ
കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക
പനി ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കുക
വിദേശയാത്രാ വിവരം ഡോക്ടറെ അറിയിക്കുക
വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുത്
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക

(തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസറാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY