SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.10 AM IST

കുനാൽ ഷാ സിംപിളാണ്, സ്ട്രോംഗും

k

ഇന്ത്യക്കാരനായ കുനാൽ ഷായാണ് വാട്സാപ്പിന്റെ പുതിയ ആഗോള ‌മേധാവി. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തെ ഏറ്റവും പ്രശസ്‌തമായ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമിന്റെ ഗ്ലോബൽ ഹെഡ് ആയി ഈ 47കാരൻ മാറുമ്പോൾ രാജ്യത്തിനും അഭിമാനം.

തിരിച്ചടികളെ നേരാംവണ്ണം നേരിടാൻ കഴിയാത്തവർക്കും, അതിൽ നിന്ന് പുറത്തുവരാൻ സമയമെടുക്കുന്നവർക്കും പറ്റിയ മേഖലയല്ല സംരംഭകത്വമെന്ന് ഉറച്ച നിലപാടുള്ള ഇന്ത്യക്കാരനായ കുനാൽ ഷായാണ് വാട്സാപ്പിന്റെ പുതിയ ആഗോള ‌മേധാവി. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറി ലോകത്തെ ഏറ്റവും പ്രശസ്‌തമായ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമിന്റെ ഗ്ലോബൽ ഹെഡ് ആയി ഈ 47കാരൻ മാറുമ്പോൾ രാജ്യത്തിനും അഭിമാനം 15,000 കോടിയുടെ സ്വത്തിനുടമയാണെങ്കിലും നയിക്കുന്നത് ലളിത ജീവിതം.

ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനർ ഭാവന ഷായാണ് ഭാര്യ. കുടുംബജീവിതത്തിലെ വിശേഷങ്ങൾ പൊതുഇടങ്ങളിൽ പങ്കുവയ്‌ക്കാറില്ല. സ്വകാര്യത പരമപ്രധാനമാണ് അദ്ദേഹത്തിന്. എന്നാൽ, ബിസിനസിൽ അതിനിപുണൻ. വിദ്യാഭ്യാസ യോഗ്യത ഫിലോസഫിയിൽ ബിരുദം. സ്റ്റാർട്ടപ്പുകളിലും പുത്തൻ സംരംഭങ്ങളിലും നിക്ഷേപിക്കുന്നതിൽ മടിച്ചു നിൽക്കാറില്ല. 250ൽപ്പരം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമുണ്ട്. അതുവഴി കോടികൾ സമ്പാദിക്കുന്നുമുണ്ട്.

റിസ്‌ക് എടുത്ത് ബിസിനസ് വിജയിപ്പിച്ചെടുക്കുന്ന കുനാലിന്റെ ഈ മനോഭാവവും അനുഭവപരിചയവുമാണ് മെറ്റ ഉപയോഗിക്കാൻ പോകുന്നത്. ഇന്ത്യയിൽ പുതിയ വരുമാന സ്രോതസുകൾ ലക്ഷ്യമിടുന്നുണ്ട് മെറ്ര. എ.ഐ ബിസിനസ്, പേയ്‌മെന്റ് സൗകര്യം തുടങ്ങിയവ വികസിപ്പിക്കാനാണ് പദ്ധതി. ഇന്ത്യയിലെ പ്രധാന ടെക് കമ്പനികളിലൊന്നായ ക്രെഡ് നി‌ർമ്മിച്ചത് കുനാലാണെന്ന മെറ്റ മേധാവി മാർക് സൂക്കർബർഗിന്റെ പരാമർശം ശ്രദ്ധേയമാണ്.

ആഗോള കാഴ്ചപ്പാടും, ബിസിനസ് കെട്ടിപ്പടുക്കുന്നതിലുള്ള മികവും കുനാലിനെ ഉന്നതപദവിയിലെത്താൻ തുണച്ചു. 85.3 കോടിയിൽപരം വാട്സാപ്പ് ഉപയോക്താക്കൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. അതിനാൽതന്നെ കുനാലിന്റെ നിയമനം അത്തരത്തിൽ നിർണായകമാണ്. കുനാലിന്റെ ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡിൽ (സി.ആർ.ഇ.ഡി) 8,​550 കോടി രൂപ വാട്സാപ്പ് നിക്ഷേപിച്ചിരുന്നു. മെറ്റയുടെ കീഴിലെ ആപ്പുകളിലൊന്നായി ക്രെഡ് മാറി. 20ശതമാനം ഓഹരിയാണ് മെറ്ര സ്വന്തമാക്കിയത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ, ത്രെഡ്സ് തുടങ്ങിയവയാണ് മെറ്റയുടെ മറ്റു കമ്പനികൾ.

ജോലിക്കിറങ്ങിയത്

15ാം വയസിൽ

1979 മേയ് 30ന് മദ്ധ്യവർഗ ഗുജറാത്തി കുടുംബത്തിൽ മുംബയിലാണ് കുനാൽ ഷായുടെ ജനനം. കുനാലിന് 14 വയസുള്ളപ്പോൾ, പിതാവിന്റെ മരുന്നുവിതരണ ബിസിനസ് നഷ്‌ടത്തിലായി. കടം കയറി വലഞ്ഞു. വീടു കൂടി വിറ്റതോടെ 15ാം വയസിൽ കുനാൽ ജോലിക്കിറങ്ങി. പഠനത്തോടൊപ്പം ഡെലിവറി ബോയ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ട്യൂഷൻ അദ്ധ്യാപകൻ അങ്ങനെ പല വേഷങ്ങൾ. മുംബയിലെ വിൽസൺ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടി.

ജോലിക്കൊപ്പം പഠനസമയം കണ്ടെത്താൻ കഴിയുമെന്നതു കൊണ്ടാണ് ഈ വിഷയം തിരഞ്ഞെടുത്തതെന്ന് കുനാൽ പറഞ്ഞിട്ടുണ്ട്. മുംബയിലെ നാർസീ മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എയ്‌ക്ക് ചേർന്നെങ്കിലും പൂ‌ർത്തിയാക്കിയില്ല. സംരംഭക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2009ൽ 'പൈസ ബാക്ക്' എന്ന ക്യാഷ്‌ബാക്ക് പ്രൊമോഷൻസ് കമ്പനിയും, പിന്നാലെ 'ഫ്രീചാർജ്' എന്ന പേയ്‌മെന്റ് സ്റ്റാർട്ടപ്പും ആരംഭിച്ചു.

'ഫ്രീചാർജ്' 2015ൽ ഇന്ത്യൻ ഇ-കൊമേഴ്സ് ഭീമനായ സ്‌നാപ് ഡീലിന് 40 കോടി ഡോളറിന് വിറ്റു. 2018ലാണ് ക്രെഡ് ആരംഭിച്ചത്. ക്രെഡിറ്റ് കാർഡ് തുക കൃത്യമായി അടയ്‌ക്കുന്ന ഉപഭോക്താക്കൾക്ക് റിവാർഡ് നൽകുന്ന ക്രെഡിന്റെ രീതി ഏറെ ശ്രദ്ധിക്കപ്പെട്ടു. 1.7 കോടി ഉപഭോക്താക്കളാണ് ക്രെഡിനുള്ളത്. ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ, വായ്‌പകൾ, ഇൻഷ്വറൻസ്, വെൽത്ത് മാനേജ്മെന്റ് എന്നിവയിലാണ് അത് പ്രവർത്തിക്കുന്നത്. ഫോർച്യൂൺ ഇന്ത്യ മാസിക 2016ൽ 40 വയസിന് താഴെയുള്ള മികച്ച സംരംഭകനായി കുനാലിനെ തിരഞ്ഞെടുത്തിരുന്നു. 'കംബാക്ക് കിഡ് ഒഫ് ദ ഇയറായി' ഇക്കോണമിക് ടൈംസും പ്രഖ്യാപിച്ചിരുന്നു.

ആഗോള കമ്പനി തലപ്പത്തെ

ഇന്ത്യൻ സാന്നിദ്ധ്യം

സത്യ നദെല്ല- മൈക്രോസോഫ്റ്റ് സി.ഇ.ഒ

സുന്ദ‌ർ പിച്ചൈ- ഗൂഗിൾ സി.ഇ.ഒ

എസ്. രവികുമാർ- കൊഗ്നിസന്റ് സി.ഇ.ഒ

നീൽ മോഹൻ- യൂട്യൂബ് സി.ഇ.ഒ

രാഹുൽ പാട്ടീൽ- ആന്ത്രോപിക് ചീഫ് ടെക്നോളജി ഓഫീസർ

ആശാ ശർമ്മ (അമേരിക്കയിലെ ഇന്ത്യൻ വംശജ)- എക്‌സ് ബോക്‌സ് സി.ഇ.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUNAL SHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY