SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

മായാത്ത കൈയൊപ്പ്

krishnapilla-
പി,​ കൃഷ്ണപിള്ള

കേരള രാഷ്ട്രീയത്തിന്റെ ചക്രവാളത്തിൽ കൊള്ളിയാൻ മിന്നുന്നതുപോലെ മാഞ്ഞുപോയ തേജോബിംബമാണ് പി.കൃഷ്ണപിള്ള. ഒരു നവ ചിന്താ കമ്മ്യൂണിസ്റ്റ് ബോധം ആഗ്രഹിക്കുന്നവർക്ക് മുന്നോട്ട് പോകാനുള്ള കൈവിളക്കാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ. 19ന് കൃഷ്ണപിള്ളയുടെ 120-ാം ജന്മവാർഷികം.


പ്രസ്ഥാനത്തിന്റെ പര്യായമായി മാറാൻ അപൂർവം രാഷ്ട്രീയ നേതാക്കൾക്കേ സാധിച്ചിട്ടുള്ളൂ. അവരിൽ ഏറ്റവും പ്രമുഖനാണ് പി.കൃഷ്ണപിള്ള. അതിദരിദ്രമായ കുടുംബത്തിൽ ജനിച്ചു. കോൺഗ്രസ് നയിച്ച സ്വാതന്ത്ര്യസമരത്തിന്റെ ധീരഭടനായി മാറി. ഹിന്ദി പഠിക്കുകയെന്ന ആഹ്വാനം കേട്ട് ഹിന്ദി അദ്ധ്യാപകനായി. ഭയം എന്തെന്ന് അറിയാത്ത ധീരനായ പോരാളിയായി പി.കൃഷ്ണപിള്ള മാറി.

കൃഷ്ണപിള്ളയുടെ പാദസ്പർശം ഏൽക്കാത്ത മണ്ണില്ല കേരളത്തിൽ. 30കളിലും 40കളിലും കൃഷ്ണപിള്ള തന്റെ മാന്ത്രികവിരൽ കൊണ്ട് സ്പർശിച്ച നൂറുകണക്കിന് സാധാരണക്കാരായ മനുഷ്യർ വലിയ നേതാക്കന്മാരായി മാറി. ചിലരോട് അദ്ദേഹം ബിസിനസ് ചെയ്യാൻ ആവശ്യപ്പെട്ടു. ആ മേഖലയിലും പലരും വലിയ വിജയം നേടി. ആരെവിടെ ശോഭിക്കുമെന്ന് അറിയാനുള്ള മാസ്മരിക ധിഷണയുടെ ഉടമസ്ഥനായിരുന്നു അദ്ദേഹം.

ഇ.കെ.ഇമ്പിച്ചി ബാവ പറഞ്ഞിരുന്ന ഒരു കഥ ഓർമ്മയിലുണ്ട്. മലബാറിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഉദ്ഘാടകനായി ഇമ്പിച്ചിബാവ ആവശ്യപ്പെട്ടത് സുഭാഷ്ചന്ദ്ര ബോസിനേയോ അദ്ദേഹത്തിന്റെ സഹോദരനേയോ ആണ്. അത് നടക്കാൻ സാദ്ധ്യതയില്ലെന്ന് പി.കൃഷ്ണപിള്ള കുട്ടികളെ പറഞ്ഞ് മനസിലാക്കി. പകരം ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പേര് നിർദ്ദേശിച്ചു. സംസാരത്തിന്റെ ബുദ്ധിമുട്ടുള്ളതുകൊണ്ട് ചെറുപ്പക്കാരോടുള്ള ആദ്യ പ്രസംഗം ഇ.എം.എസ് എഴുതി വായിക്കുകയായിരുന്നു.

ഇത് അന്നത്തെ ഊർജ്ജസ്വലരായ കുട്ടികൾക്ക് ഇഷ്ടമായില്ലത്രേ. പക്ഷേ, കൃഷ്ണപിള്ള പറഞ്ഞു ഇദ്ദേഹം വലിയ കാതലുള്ള നേതാവാണ്, അത് ശ്രദ്ധിക്കണം. അവിടം മുതൽ ഇങ്ങോട്ട് ഒരു വ്യക്തിയുടെ ഏത് കഴിവാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് വ്യക്തമായി തിരിച്ചറിയുകയും കൃത്യമായി ചതുരംഗത്തിന്റെ കരുനീക്കങ്ങൾ പോലെ കേഡർമാരെ നിർണയിക്കുകയും ചെയ്ത നാട് കണ്ട ഏറ്റവും വലിയ സംഘടനാ ചതുരനായിരുന്നു പി.കൃഷ്ണപിള്ള.

പാപ്പിനിശേരിയിലെ ആറോൺമിൽ തൊഴിലാളി സമരത്തിലും ഗുരുവായൂരിലെ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിലും പുന്നപ്ര വയലാർ വെടിവയ്പ്പുവരെ എത്തിയ വിപ്ലവ സമരങ്ങളിലും സഖാവിന്റെ കൈയൊപ്പുണ്ട്. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഘടകത്തിന്റെ സെക്രട്ടറിയായി അദ്ദേഹം മാറി. കോഴിക്കോട്ട് കടപ്പുറത്ത് ഉപ്പുകുറുക്കുമ്പോൾ കോൺഗ്രസ് പതാക വിട്ടുകൊടുക്കാതിരുന്നതിന്റെ പേരിൽ ബോധംകെടുവോളം പൊലീസിന്റെ ചവിട്ടേറ്റ ആ കോൺഗ്രസ് വോളന്റിയർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായി പരിവർത്തനം ചെയ്തത് ആ കാലഘട്ടത്തിലെ രാഷ്ട്രീയ വിസ്മയങ്ങളിൽ ഒന്നായിരുന്നു.

ഹിന്ദി പുസ്തകവും

പ്രണയവും

ഇന്ന് തമിഴ്നാട്ടിലുള്ള തെക്കൻ തിരുവിതാംകൂറിലെ ഒരു ജയിലിൽ കൃഷ്ണപിള്ള അടയ്ക്കപ്പെട്ട കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചതായിരുന്നു തന്റെ പ്രാണപ്രേയസിയായി മാറിയ തങ്കമ്മയുമായുള്ള പ്രണയം. തനിക്ക് ഹിന്ദി പുസ്തകങ്ങൾ വാങ്ങിച്ചുതരണമെന്ന് ജയിൽ വാർഡനോട് കൃഷ്ണപിള്ള പറഞ്ഞിരുന്നു. അയാൾ അന്വേഷിച്ചപ്പോൾ ക്ഷേത്രത്തിലെ ഒരു പൂജാരിയുടെ മകൾ ഹിന്ദി പഠിക്കുന്നതായി അറിഞ്ഞു.

ആ കുട്ടിയുടെ കൈയിൽ നിന്നും പുസ്തകം വാങ്ങിക്കൊടുത്തു തുടങ്ങി. ആരാണ് ഈ കുട്ടി എന്നുപോലും കൃഷ്ണപിള്ളയ്ക്ക് അറിയില്ലായിരുന്നു. പിന്നീടാണ് തങ്കം എന്ന പെൺകുട്ടിയാണെന്ന് കൃഷ്ണപിള്ള അറിഞ്ഞത്. പിന്നെ പുസ്തകങ്ങൾ ഉണ്ടോ എന്ന് ചോദിച്ചുകൊണ്ടുള്ള കുറിപ്പുകൾ പതിവായി. അതിൽ ഒരു ദിവസം തങ്കമ്മയ്ക്ക് വന്ന കത്തിൽ കൃഷ്ണപിള്ള 'മേരി പ്യാരി തങ്കം' എന്ന് അഭിസംബോധന ചെയ്തു. മഹാനായ മനുഷ്യന്റെ പ്രണയം പൂത്തത് അങ്ങനെയാണ്. ജയിൽ മോചിതനായ കൃഷ്ണപിള്ള നേരെ, താൻ ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത കാമുകിയുടെ വീട്ടിൽ ചെന്ന് വിവാഹാഭ്യർത്ഥന നടത്തി. മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തി ആ കുട്ടിയെ വിവാഹം ചെയ്തു.

ഒരു ഹിന്ദി വിദ്യാർത്ഥിനി മാത്രമായിരുന്ന തങ്കമ്മയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതൽക്കൂട്ടായി. എല്ലാ സമരഭൂമികളിലും സഖാവിന്റെ തുണയായി തങ്കമ്മ മാറി. കണ്ണൂരിൽ കൃഷ്ണപിള്ളയും ഇ.എം.എസും എ.കെ.ജിയും അടങ്ങുന്ന ഒരു യോഗം ചേരുകയാണ്. കാലം തികയാതെ തങ്കമ്മയ്ക്ക് പ്രസവ വേദനയുണ്ടായി. രണ്ട് ഇരട്ടക്കുട്ടികളെ പ്രസവിച്ചു. അതിനിടയിൽ യോഗം നിറുത്തിവച്ചിരുന്നു. ഏതാനും മണിക്കൂറുകൾക്കിടയിൽ കുട്ടികൾ മരിച്ചുപോയി.

കൃഷ്ണപിള്ള തന്റെ ഓട്ടം തുടർന്നു. പാർട്ടി നിരോധിക്കപ്പെട്ട 48ൽ തന്റെ ആത്മ മിത്രമായിരുന്ന കുളത്തുങ്കൽ പോത്തന്റെ വീട്ടിൽ തങ്കമ്മയെ നിറുത്തി സഖാവ് ഒളിവിൽ പോയി. കൃഷ്ണപിള്ളയ്ക്ക് വീടുണ്ടായിരുന്നില്ല.ഒരു തുണ്ട് ഭൂമി പോലും സ്വന്തമായുണ്ടായിരുന്നില്ല. ഒരു ദിവസം കെ.ടി.ജേക്കബ് പോത്തന്റെ വീട്ടിലെത്തി സഖാവിന് സുഖമില്ല എന്ന് അറിയിച്ചപ്പോൾ തങ്കമ്മ ബസ് കയറിയാണ് ആലപ്പുഴയിൽ എത്തിയത്. വഴിയിൽ കരിങ്കൊടികൾ കണ്ട തങ്കമ്മ അന്തംവിട്ടുപോയി. സഖാവിന് ഒന്നും പറ്റിയിട്ടില്ലെന്ന് തങ്കമ്മ തന്നോട് തന്നെ വാദപ്രതിവാദം ചെയ്തുകൊണ്ടിരിക്കെ, കൃഷ്ണപിള്ളയുടെ ഏകസഹോദരി ഓടിവന്ന് കെട്ടിപ്പിടിച്ച് പറഞ്ഞു 'കൃഷ്ണൻ നമ്മളെ പറ്റിച്ചുമോളെ' എന്ന്.

അവിടെ നിന്നും എങ്ങോട്ട് പോകണമെന്ന് അവർക്ക് അറിയില്ലായിരുന്നു. ടി.വി.തോമസിന്റെ പിതാവാണ് ഒരു മാസം അവരെ സംരക്ഷിച്ചത്. വീണ്ടും പോത്തന്റെ വീട്ടിലേക്ക് മടങ്ങി, ആരുമില്ലാത്തവളായി. സ്വന്തം വീട്ടിലേക്ക് മടങ്ങാൻ മറ്റൊരു കത്ത് പാർട്ടിയിൽ നിന്നും വന്നു. അവർ എന്നന്നേക്കുമായി കേരളത്തോട് വിട പറഞ്ഞ് നാട്ടിൽ തിരിച്ചുപോയി. അതു മറ്റൊരു ചരിത്രം.

തേജോബിംബം

കൃഷ്ണപിള്ളയുടെ ജീവിതം കഷ്ടപ്പാടും പീഡനങ്ങളും നിറഞ്ഞതായിരുന്നു. അതിലൊരിക്കലും അദ്ദേഹം പതറിയില്ല, നിരാശപ്പെട്ടില്ല. സർപ്പദംശനമേറ്റ് ഇഹലോകവാസം വെടിഞ്ഞ കൃഷ്ണപിള്ള കേരള രാഷ്ട്രീയത്തിന്റെ ചക്രവാളത്തിൽ കൊള്ളിയാൻ മിന്നുന്നതുപോലെ മാഞ്ഞുമറഞ്ഞുപോയ തേജോബിംബമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തിരിച്ചടി നേരിടുന്ന കാലമാണിത്. ജനിച്ച യൂറോപ്പിലും വളർന്ന പലയിടത്തും. ഒരു നവ ചിന്താ കമ്മ്യൂണിസ്റ്റ് ബോധത്തിന്റെ അനിവാര്യതയുണ്ട്. അതാഗ്രഹിക്കുന്നവർക്ക് മുന്നോട്ട് പോകാനുള്ള കൈവിളക്കാണ് പി.കൃഷ്ണപിള്ളയുടെ ഓർമ്മകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY