
(യോഗനാദം 2026 ആഗസ്റ്റ് 16 ലക്കം എഡിറ്റോറിയൽ)
കേരളം ഇപ്പോൾ നേരിടുന്നത് സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയാണ്. 44 നദികളും ആവശ്യത്തിലധികം മഴയും ഉണ്ടായിട്ടും നമ്മുടെ സംസ്ഥാനം ജലവൈദ്യുതി ഉത്പാദനത്തിൽ അമ്പേ പരാജയപ്പെട്ടു. ആവശ്യത്തിന്റെ 17ശതമാനം മാത്രമാണ് നാം ഉത്പാദിപ്പിക്കുന്നത്. പുറത്തുനിന്നുള്ള വൈദ്യുതിയിലാണ് കേരളത്തിന്റെ നിലനിൽപ്പ്. അതപോലും കൃത്യമായും ആസൂത്രണത്തോടെയും വാങ്ങാൻ കെ.എസ്.ഇ.ബിക്ക് കഴിയുന്നില്ല. എന്തൊരു പരാജയമാണിത്.
വൈദ്യുതി വാങ്ങലിലെ ഗുരുതരമായ വീഴ്ചകൾ മൂലം കഴിഞ്ഞ മാസം അപ്രഖ്യാപിതമായ ലോഡ് ഷെഡിംഗും വേണ്ടിവന്നു. ഒരു കാലത്ത് ആവശ്യത്തിലേറെ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന രാജ്യത്തെ അപൂർവം സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. ഇപ്പോൾ നാം വൈദ്യുതി തെണ്ടിയും കൂടുതൽ കാശും കൊടുത്ത് വാങ്ങണമെന്ന അവസ്ഥയിലെത്തിയിട്ടുണ്ടെങ്കിൽ അത് മാറി മാറി വന്ന സർക്കാരുകളുടെ അനാസ്ഥയാണ്. ദീർഘവീക്ഷണമില്ലായ്മയാണ്. വൈദ്യുതിയുടെ കാര്യത്തിൽ മുടിഞ്ഞ തറവാടപോലെയാണ് സംസ്ഥാനം. 1971ൽ കമ്മിഷൻ ചെയ്ത ഇടുക്കിയുടെ വിഹിതമാണ് ഉത്പാദിപ്പിക്കുന്നതിൽ പകുതിയും.
ജലസമൃദ്ധമായ സംസ്ഥാനത്ത് ദീർഘവീക്ഷണത്തോടെയുള്ള ഒരു സമീപനമോ മാർഗരേഖയോ നയമോ ഉണ്ടായില്ല. 50 വയസ് പിന്നിട്ട ഇടുക്കി പദ്ധതിയെ വെല്ലാൻ ഒരു വലിയ പദ്ധതിയോ ചെറിയ പദ്ധതികളുടെ ശൃംഖലയോ സൃഷ്ടിക്കാൻ സാധിക്കാതെ പോയി. 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതിയുടെ തുടർച്ചയായി 800 മെഗാവാട്ടിന്റെ പുതിയ പദ്ധതിക്ക് രൂപരേഖയായിട്ടും പ്രാഥമിക അംഗീകാരംപോലും അതിന് ലഭിച്ചിട്ടില്ല.
സപ്തതിയിലെത്തിയിട്ടും ഊർജകാര്യത്തിൽ കേരളം സ്വയംപര്യാപ്തമാകാതെ തുടരുകയാണ്. അയൽസംസ്ഥാനങ്ങളാകട്ടെ ഇക്കാര്യത്തിൽ വലിയ നേട്ടങ്ങളും കൊയ്തു. ആണവോർജ്ജനിലയത്തിനും പുതിയ ജലപദ്ധതികൾക്കുമെതിരെ സമരവുമായി നാം നടന്നപ്പോൾ തമിഴ്നാട് കൽപ്പാക്കത്തും കൂടംകുളത്തുമായി 1220 മെഗാവാട്ടിന്റെ രണ്ട് ആണവനിലയങ്ങൾ പണിതു. ഓരോ യൂണിറ്റ് വൈദ്യുതിയും അമൂല്യമായി കണ്ട് കാറ്റാടിപ്പാടങ്ങളും സൗരോർജ്ജ പദ്ധതികളും ആവിഷ്‌കരിക്കുന്നു.
കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയും മാറിമാറിവന്ന സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയുമാണ് ഊർജകാര്യത്തിൽ കേരളം ഭിക്ഷാംദേഹിയാകാൻ കാരണം. പോയകാലത്തെ കുറ്റങ്ങളും കുറവുകളും പറഞ്ഞിരിക്കാൻ ഇനി നമുക്ക് സമയമില്ല. നാളേയ്ക്ക് എന്തവേണമെന്ന് മാത്രമാകണം ഊർജകാര്യത്തിൽ ലക്ഷ്യം. അതിന്റെ ആദ്യപടിയായി കെ.എസ്.ഇ.ബിയെന്ന ഈജിയൻ തൊഴുത്ത് കഴുകി വൃത്തിയാക്കണം. സംസ്ഥാനസർക്കാരിന്റെ സ്ഥാപനങ്ങളിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്നവർ വാഴുന്ന പ്രസ്ഥാനമാണത്. പ്രഗത്ഭരായ നിരവധി ഉദ്യോഗസ്ഥർ അതിലുണ്ടെന്ന കാര്യം വ്യക്തമാണ്. യൂണിയൻ നേതാക്കളാണ് കെ.എസ്.ഇ.ബി ഭരിക്കുന്നത്. കമ്പനിയുടെ സാരഥിയായി സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ യൂണിയൻ നേതാക്കളുടെ സേവകരായി പ്രവർത്തിച്ചില്ലെങ്കിൽ കസേര തെറിക്കും. 40,000 കോടി നഷ്ടവും ശതകോടികളുടെ ബാദ്ധ്യതയും പേറുന്ന കെ.എസ്.ഇ.ബിയെ നേരെചൊവ്വേയാക്കാൻ ശ്രമിച്ച ഡോ.ബി.അശോക് എന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ കഥ നമുക്കെല്ലാം അറിയാം. ഊർജകാര്യത്തിൽ കേരളത്തെ ഈ ദുരവസ്ഥയിലെത്തിച്ചതിൽ ഈ യൂണിയൻ നേതാക്കൾക്കും അവരെ നിയന്ത്രിക്കാൻ കഴിയാത്ത ഭരണകർത്താക്കൾക്കും പങ്കുണ്ട്.
കമ്പനിയായി മാറ്റിയ കെ.എസ്.ഇ.ബിയിൽ യൂണിയൻകാർ, പ്രത്യേകിച്ച് ഓഫീസർമാരുടെ യൂണിയൻകാർ അംഗീകരിക്കാത്ത ഒരു പരിപാടിയും സാദ്ധ്യമാകില്ല. മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയ സ്മാർട്ട് മീറ്റർ പദ്ധതി ഇപ്പോഴും നമ്മുടെ ഗാർഹിക ഉപഭോക്താക്കളിലേക്ക് എത്തിയിട്ടില്ല. കാരണം നേതാക്കളുടെ എതിർപ്പുതന്നെ. ജീവനക്കാരുടെ സംഘടിത ശക്തി ഒരു സ്ഥാപനത്തെ നശിപ്പിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കെ.എസ്.ഇ.ബി.
യൂണിയൻകാരുടെ കൊമ്പൊടിച്ചുകൊണ്ടല്ലാതെ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. അതിനുള്ള ചങ്കൂറ്റം വി.ഡി.സതീശൻ സർക്കാർ കാണിക്കണം. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ് പദവി ഒഴിഞ്ഞ് പൂർണമായും വൈദ്യുതിമന്ത്രാലയത്തിന്റെ ചുമതല വഹിക്കണം. അഞ്ചുവർഷം കണ്ണിലെണ്ണയൊഴിച്ച് നോക്കിയാൽ ഇപ്പോഴത്തെ പ്രതിസന്ധിയുടെ കടുപ്പം കുറയ്ക്കാൻ കഴിഞ്ഞേക്കും. നാഷണൽ പവർ എക്സ്‌ചേഞ്ച് എന്ന കേന്ദ്രപൂളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങുന്നതിലും സൂക്ഷ്മമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കണം. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ എത്രയും വേഗം പുതിയ ഊർജപദ്ധതികൾ കൊണ്ടുവരുവാൻ ശ്രമിക്കണം. സൗരോർജ്ജം ഉൾപ്പടെയുള്ള സാദ്ധ്യതകൾ വിനിയോഗിക്കാനുള്ള ആലോചനകൾ വേണം.
പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം നമ്മുടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. അവിടത്തെ സൗരോർജ്ജപാടം വിദേശരാഷ്ട്രങ്ങൾക്ക് പോലും മാതൃകയാണ്. കേന്ദ്രസർക്കാരിന്റെ ഗാർഹിക സൗരോർജ്ജ പദ്ധതി ഏറ്റവും ഭംഗിയായി നടക്കുന്ന സംസ്ഥാനമാണ് കേരളം. മൂന്നര ലക്ഷത്തിലേറെ വീടുകൾ സൗരോർജ്ജത്തിലേക്ക് മാറിക്കഴിഞ്ഞു. കേന്ദ്രം നൽകുന്ന സബ്സിഡിക്ക് പുറമേ സംസ്ഥാനവും സബ്സിഡിയോ കൂടുതൽ ആനുകൂല്യങ്ങളോ നൽകിയാൽ സൗരോർജ്ജ ഉത്പാദനം വർദ്ധിപ്പിക്കാനാകും. ഗാർഹിക സോളാർ പ്ലാന്റുകളിൽ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി സൃഷ്ടിച്ചിട്ടും അതിന്റെ നാലിലൊന്നപോലും ശേഖരിക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കാനായില്ല. യൂണിയനുകളായിരുന്നു തടസം. ഇത് ഉണ്ടായിരുന്നെങ്കിൽ രാത്രികളിൽ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരളവോളം പരിഹാരമായേനെ. ചെറുകിട ജലവൈദ്യുത പദ്ധതികളെയും സ്വകാര്യമേഖലയിൽ പ്രോത്സാഹിപ്പിക്കണം. ഏറ്റവും ചെലവു കുറഞ്ഞതാണ് ജലവൈദ്യുതി. ആയിരക്കണക്കിന് ചെറുകിട പദ്ധതികൾക്ക് ഇവിടെ സാദ്ധ്യതയുമുണ്ട്. പലതുള്ളി പെരുവെള്ളം പോലെ ഇത്തരം പദ്ധതികൾക്ക് വലിയ സംഭാവന ചെയ്യാനാകും.
കേരളത്തിന്റെ ഭാവിയുടെമേൽ കരിനിഴൽ വീഴ്ത്തുന്ന പ്രശ്നമാണ് ഊർജപ്രതിസന്ധി. അത് പരിഹരിക്കാൻ ദീർഘവീക്ഷണത്തോടെ കഠിനമായ തീരുമാനങ്ങളെടക്കേണ്ടി വരും. കെ.എസ്.ഇ.ബിയിലെ യൂണിയൻരാജിന് അന്ത്യം കുറിക്കണം. ഭരണപക്ഷം കൊണ്ടുവരുന്ന ഏത് പദ്ധതികളെയും പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിർക്കുക എന്നതാണ് നമ്മുടെ പതിവ് ശൈലി. വൈദ്യുതിയുടെ കാര്യത്തിൽ ഈ രീതി ഉപേക്ഷിക്കാനുള്ള സന്മനസ് പ്രതിപക്ഷ കക്ഷികൾക്ക് ഉണ്ടാകണം. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത്, അവരെ കാര്യങ്ങൾ ധരിപ്പിച്ച് മന്നോട്ടപോകാനുള്ള സൗമ്യതയും നയതന്ത്രജ്ഞതയും സർക്കാർ അനുവർത്തിക്കുകയും വേണം. ആണവോർജ്ജ നിലയം ഉൾപ്പടെയുള്ള എല്ലാ സാദ്ധ്യതകളും പരിശോധിക്കണം. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയോടെ, ഉത്തരവാദിത്വ ബോധത്തോടെ മന്നോട്ടപോയില്ലെങ്കിൽ എല്ലാ മേഖലകളിലും നാം പിന്നോട്ടപോകും. കക്ഷി രാഷ്ട്രീയഭേദമന്യേയുള്ള ഒത്താെരുമ അനിവാര്യമാണ്. ഇതിനായി എത്രയും വേഗം സർക്കാർ സർവ്വകക്ഷിയോഗം വിളിച്ചു ചേർക്കണം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പ്രതിനിധികളും ഇപ്പോൾ സഭയിലുണ്ട്. കേന്ദ്രപിന്തുണയ്ക്കായി ഇവരെയും ഉപയോഗപ്പെടുത്താനാകും. ഇടതുപക്ഷത്തിനും ഇക്കാര്യത്തിൽ ഏറെ ഉത്തരവാദിത്വമുണ്ട്. നാടിന്റെ നന്മയ്ക്ക് വേണ്ടി രാഷ്ട്രീയ ഭിന്നതകൾ മറന്ന് കൈകോർക്കുക. കേരള ജനത ഒന്നായി ഇക്കാര്യത്തിൽ നിങ്ങൾക്കൊപ്പമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |