SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

മെസിയുടെ കണ്ണീർ ; ചിരിപ്പിച്ച അമളിയും

d

'എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ'. മനുഷ്യനായി ഭൂമിയിൽ അവതരിച്ചശേഷം ഭഗവാൻ ശ്രീകൃഷ്ണനെ ഒരിക്കൽ മാത്രമേ കണ്ണീരണിഞ്ഞു കണ്ടിട്ടുള്ളു. മുഷിഞ്ഞ വസ്ത്രധാരിയായി ഓലക്കുടയും പിടിച്ച് അവശതയോടെ നടന്നടക്കുന്ന തന്റെ സതീർത്ഥ്യൻ കുചേലനെ കൊട്ടാരത്തിലിരുന്ന് ദർശിച്ചാണ് ശ്രീകൃഷ്ണൻ കണ്ണീരണിഞ്ഞതെന്നാണ് പൂന്താനം 'ജ്‌ഞാനപ്പാന'യിൽ പറയുന്നത്. നവോത്ഥാന കേരള ശിൽപ്പിയായ ശ്രീനാരായണ ഗുരുദേവൻ ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം ശിവ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി നദിയിൽ മുങ്ങി ശിലയെടുത്തശേഷം ധ്യാനനിമഗ്നനായി നിന്ന് കണ്ണീർ വാർത്തു. നാൽക്കാലികളെപ്പോലെ അജ്ഞതയുടെയും അവഗണനയുടെയും അടിമത്തത്തിൽ കഴിയാൻ വിധിക്കപ്പെട്ടിരുന്ന അവശ ജനലക്ഷങ്ങളുടെ ദുരിതമോർത്തായിരുന്നു ആ കണ്ണീർ.

ഫുട്ബാൾ ഇതിഹാസമായ ലയണൽ മെസി ദിവസങ്ങൾക്ക് മുമ്പ് തന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് പൊട്ടിക്കരഞ്ഞ് സമൂഹ മാദ്ധ്യമത്തിൽ വികാരനിർഭരമായ കുറിപ്പിട്ടത് ലോകം കണ്ടതാണ്. മെസി വീണ്ടും കരഞ്ഞത് കേരളത്തിലെ തന്റെ ഫുട്ബാൾ ആരാധകർ കബളിപ്പിക്കപ്പെട്ടതറിഞ്ഞാണ്, മനസാ വാചാ കർമ്മണാ താനറിയാതെ തന്റെ പേരിൽ ചിലർ നടത്തിയ കോടികളുടെ തട്ടിപ്പിന്റെ കഥകൾ കേട്ടാണ്. 'അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ'!

ഇതാണാ രേഖ! 'വിയറ്റ്നാം കോളനി' എന്ന സിനിമയിൽ ശങ്കരാടിയുടെ കഥാപാത്രം വലതു കൈപ്പടം ഉയർത്തിക്കാട്ടി പറയുന്ന ഡയലോഗ്. ഇരുകാലിലും ചങ്ങലപ്പൂട്ടുമായുള്ള ഇരിപ്പ് കണ്ടാൽ തന്നെ ആളുടെ മനോനില പിടികിട്ടും.മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീനിയൻ ടീം കേരളത്തിലെത്തുമെന്നും ഇവിടെ പ്രദർശന മത്സരം നടത്തുമെന്നും കഴിഞ്ഞ സർക്കാരിലെ കായികമന്ത്രി അബ്ദു റഹിമാൻ രണ്ടു കൊല്ലം മുമ്പ് നടത്തിയ പ്രഖ്യാപനം ഫുട്ബാൾ പ്രേമികളെ, വിശേഷിച്ച് മെസി ആരാധകരെ ആവേശഭരിതരാക്കി.

മെസിയെയും ടീമിനെയും കൊണ്ടു വരുന്നതിനുള്ള സ്പോൺസറായി സ്വകാര്യ കമ്പനിയെ സർക്കാർ ഏൽപ്പിച്ചു. അർജന്റീന ഫുട്ബാൾ അസോസിയേഷനെ കൊണ്ടുവരുന്നതിന് യു.എസിലെ ഏജൻസിയുമായി സ്പോൺസർ നേരിട്ട് 126 കോടിയുടെ കരാറിൽ ഏർപ്പെട്ടതായും പറഞ്ഞു. മെസിയുടെ വരവ് ഉറപ്പിക്കാൻ കായിക മന്ത്രിയും പരിവാരങ്ങളും സർക്കാർ ചെലവിൽ സ്പെയിനിലേക്ക് പറന്നു.

കൊച്ചി കലൂരിലെ നെഹ്റു സ്റ്റേഡിയം മോടിപിടിപ്പിക്കുന്നതിന് സർക്കാർ ഏൽപ്പിച്ചതും അതേ സ്പോൺസറെ. സെക്യൂരിറ്റി നിക്ഷേപം, ഇൻഷ്വറൻസ്, നികുതി, വാടകയിനത്തിൽ 5 കോടിയുടെ സാമ്പത്തിക ഇളവും സ്പോൺസർക്ക് വഴിവിട്ട് നൽകി. സ്പോൺസർ കരാറിന്റെ രേഖയായി കായിക മന്ത്രിക്കും സർക്കാരിനും കൈമാറിയത് അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ വാണിജ്യ പരിപാടികളെക്കുറിച്ചുള്ള നോട്ടീസ്!.

ഈ വ്യാജരേഖ കൈയിൽ വച്ചാണ്, കേരളത്തിലെത്താമെന്ന് മെസിയും ടീമും സമ്മതിച്ചതായി അറിയിച്ച് അന്നത്തെ സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തെഴുതിയത്. അതിന്റെ അടിസ്ഥാനത്തിൽ യു.എസ് ഏജൻസിക്ക് 126 കോടി അയച്ചു കൊടുക്കാൻ സ്പോൺസർ കേന്ദ്ര സർക്കാരിന്റെ ഫെമ അനുമതിയും നേടിയെടുത്തു. സ്പോൺസർ അർജന്റീന അസോസിയേഷന് 126 കോടി കൈമാറിയതിന്റെയോ, അവരത് സ്വീകരിച്ചതിന്റെയോ രേഖ ചോദിച്ചാലോ? ശങ്കരാടിയുടെ കഥാപാത്രത്തെ പോലെ കൈപ്പത്തി ഉയർത്തിക്കാണിക്കുകയേ കായിക മന്ത്രിക്കും സ്പോൺസർക്കും തരമുള്ളു.

ഇതിന്റെ പേരിൽ സ്പോൺസർ ജി.എസ്.ടി ഇനത്തിൽ നൽകേണ്ട 23 കോടി വെട്ടിച്ചതായും പുതിയ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. വേമ്പനാട്ട് കായലിലൂടെ വെള്ളം പിന്നെയും ധാരാളം ഒഴുകി. കോട്ടയം കുഞ്ഞച്ചന്റെ കട ഉദ്ഘാടനത്തിന് മോഹൻലാൽ വരുമോ എന്ന് നാട്ടുകാർ ആകാംക്ഷയോടെ ചോദിക്കുന്നത് പോലെ, മെസി കേരളത്തിൽ വരുമോ എന്നായി ഇടയ്ക്ക് പലരുടെയും ചോദ്യം.

വരുമെന്ന് കട്ടായം പറഞ്ഞ മന്ത്രി അബ്ദു റഹിമാൻ, പിന്നീട് സ്വരം മാറ്റി. നമ്മൾ പറയുന്ന സമയത്ത് മെസി വന്നില്ലെങ്കിൽ വരേണ്ട എന്നായി. മെസിക്ക് വാശിയെങ്കിൽ നമുക്കും വാശി. സംഭവം ഗുലുമാലാവുമെന്ന് അതോടെ ഉറപ്പായി. മോഹൻലാൽ വരാതിരിക്കാൻ സംവിധായകൻ ജോഷി ചതിച്ചാശാനേ എന്ന് കോട്ടയം കുഞ്ഞച്ചൻ പറഞ്ഞതു പോലെ, 'മെസി ചതിച്ചാശാനേ' എന്നുപറഞ്ഞ് ഒടുവിൽ മന്ത്രി തടിതപ്പി. സ്പോൺസർ ഊരാക്കുടുക്കിലും.

ചക്കിന് വച്ചത് കൊക്കിന് കൊണ്ടു. കോൺഗ്രസിന് അടുത്ത കാലത്തെങ്ങും ഇതിലും വലിയൊരു പറ്റ് പറ്റാനില്ല. ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ചടങ്ങുകളിൽ ആലപിക്കാവൂ എന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപിത നയം. അതിന് ശേഷമുള്ളത് ദുർഗാ ദേവി ഉൾപ്പെടെയുള്ള ഹിന്ദു ദൈവങ്ങളെ പ്രകീ‌ർത്തിക്കുന്നതാണ്. ദേശീയ ഗീതമായതിനാൽ, രാജ്യത്തെ എല്ലാ സമുദായങ്ങളിലും ഐക്യം ഉറപ്പാക്കാൻ ആദ്യ രണ്ട് ചരണങ്ങൾ ആലപിച്ചാൽ മതിയെന്ന് കോൺഗ്രസ് തീരുമാനിച്ചത് 1937ലാണ്. അതും രബീന്ദ്രനാഥ ടാഗോറിന്റെ നിർദ്ദേശപ്രകാരം.

വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുകയോ, അവഹേളിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുവർഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ മോദി സർക്കാർ പാ‌ർലമെന്റിൽ പാസാക്കിയിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം അതിനെ ശക്തമായി എതിർത്തിരുന്നു. പക്ഷേ, ആ എതിർപ്പ് എ.ഐ.സി.സി ആസ്ഥാനത്ത് തന്നെ ലംഘിക്കപ്പെടുന്ന 'തമാശ'യാണ് കഴിഞ്ഞ ദിവസം രാജ്യം കണ്ടത്.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വന്ദേമാതരം പാടാനേൽപ്പിച്ച ഗായക സംഘം മുഴുവനും പാടി. അതും, സോണിയാ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും പാർട്ടി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെയും സാന്നിദ്ധ്യത്തിൽ. ആദ്യത്തെ രണ്ട് ചരണമേ പാടാവൂ എന്ന് ഗായക സംഘത്തോട് പറയാൻ വിട്ടു പോയതാണത്രെ. ചടങ്ങിൽ അറ്റൻഷനായി നിന്ന നേതാക്കളുടെ മുഖം ആദ്യത്തെ രണ്ട് ചരണങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അസ്വസ്ഥമായി. ആലാപനം നിറുത്താൻ സോണിയയും ഖാർഗെയും കൈകൊണ്ട് ആംഗ്യം കാട്ടുന്നതും ലൈവായി കാണാം. ഇടയ്ക്ക് സോണിയ സ്റ്റോപ്പ് എന്നു പറയുന്നതും കേൾക്കാം.

പക്ഷേ, അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയി. ഗീതം പൂർണമായി പാടിക്കഴിഞ്ഞിരുന്നു. കോൺഗ്രസിന് പറ്റിയ അമളിയോർത്ത് മോദിക്കും കൂട്ടർക്കും ആർത്തു ചിരിക്കാൻ വക. വന്ദേമാതരം ഇടയ്ക്കുവച്ച് നിറുത്താനല്ല, ഏറെ നേരമായി നിൽക്കുകയായിരുന്ന മുതിർന്ന നേതാവ് ഖാർഗെയ്ക്ക് ഇരിക്കാൻ കസേര എത്തിക്കാനാണ് സോണിയ കൈകൊണ്ട് ആംഗ്യം കാട്ടിയതെന്ന വാദം അതിലേറെ തമാശ!

നുറുങ്ങ്

 'എം.വി.ഗോവിന്ദൻ മാഷ് ഞങ്ങളുടെ വീടിന്റെ ഐശ്വര്യം'- മുഖ്യമന്ത്രി വി.ഡി.സതീശൻ

►ഈ ഐശ്വര്യം തുടരണമെന്ന് സി.പി.എമ്മിനെക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് യു.ഡി.എഫുകാരാണെന്ന് ചുരുക്കം.

(വിദുരരുടെ ഫോൺ: 9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY