SignIn
Kerala Kaumudi Online
Monday, 13 July 2026 3.30 AM IST

ഗുരുദേവ സങ്കല്പത്തിലെ കല്പവൃക്ഷം പ്ലാവ്

plave
ശിവഗിരി മഹാസമാധിക്ക് മുന്നിലെ പ്ലാവ്

വൃക്ഷങ്ങളിൽ ഗുരുദേവൻ പ്ലാവിനെ ഒരു കല്പവൃക്ഷമായി കണ്ടിരുന്നു എന്ന് കരുതാവുന്നതാണ്. ഗുരുദേവൻ അവിടത്തെ പ്രസ്ഥാനങ്ങളെയെല്ലാം രൂപം നൽകിയത് പ്ലാവുകളുടെ ചുവട്ടിൽ വച്ചായിരുന്നു എന്നത് ഇതിന് തെളിവാണ്. ശിവഗിരി മഹാസമാധി മന്ദിരത്തിനു മുമ്പിൽ തലയുയർത്തി ആയിരങ്ങൾക്ക് തണൽ നൽകി അനുഗ്രഹിക്കുന്നത് ഒരു പ്ലാവ് ആണല്ലോ. 1903ൽ എസ്.എൻ.ഡി.പിയുടെ ആദ്യ യോഗം ചേരുന്നത് പ്ലാവിന്റെ ചുവട്ടിലാണ്.1928ൽ ശ്രീനാരായണ ധർമ്മസംഘം എന്ന സന്യാസി സംഘം സ്ഥാപിക്കുന്നതും ഒരു പ്ലാവിന്റെ ചുവട്ടിൽ വച്ചാണ്.

ഗുരുദേവന്റെ പ്രധാനപ്പെട്ട ആശ്രമങ്ങളായ അരുവിപ്പുറം മഠം, കുന്നുംപാറ മഠം,ആലുവ അദ്വൈതാശ്രമം തുടങ്ങി ശിവഗിരിയുടെ പ്രധാന ശാഖാ സ്ഥാപനങ്ങളിലെല്ലാം ആശ്രമമുറ്റത്ത് പ്ലാവുകളുണ്ട്. അടുത്തകാലത്ത് ശിവഗിരി മഹാസമാധി മന്ദിരത്തിന്റെ മുറ്റത്തുള്ള പ്ലാവിൽ വിപുലമായ ചികിത്സ നടത്തി. ഗുരുദേവൻ ശിവഗിരിക്കുന്നിൽ വിശ്രമിക്കുന്ന വേളയിൽ ഭക്തർ കാണിക്കയായി വിവിധയിനം ഫലമൂലാദികൾ സമർപ്പിച്ചിരുന്നപ്പോൾ ഒരു ഭക്തൻ കാഴ്ചവച്ച ചക്കപ്പഴത്തിൽ നിന്നും ഒരു കുരുവെടുത്ത് ചെറുകുഴിയിൽ നട്ടതാണ് ഈ പ്ലാവെന്ന് ചരിത്രം.122 വർഷമാണ് പ്രായം കണക്കാക്കിയിട്ടുള്ളത്.

വിവിധ ഇനങ്ങളിൽപ്പെട്ട മുപ്പതോളം വിഭവങ്ങളാണ് ചികിത്സയ്ക്കായി വേണ്ടിവന്നത്.പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.പശുവിൻപാൽ,നെയ്യ്,ചെറുതേൻ,കദളിപ്പഴം,വയലിലെ മണ്ണ്, രാമച്ചപ്പൊടി,കറുത്ത എള്ള്, ചെറുപയർ,മുത്തങ്ങ,ശർക്കര,നല്ലെണ്ണ,തൈര് തുടങ്ങിയവയും ഉൾപ്പെടുത്തിയാണ് ചികിത്സാ ഔഷധക്കൂട്ട് തയ്യാറാക്കിയത്. മൂന്ന് ലിറ്റർ പശുവിൻ പാൽ ഏഴു ദിവസം പ്ലാവിൽ ചുറ്റിയ തുണിയിലേക്ക് സ്പ്രേ ചെയ്തുകൊണ്ടായിരുന്നു ചികിത്സ.

നേരത്തെ,​ ഗുരുദേവന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന ചെമ്പഴന്തിയിൽ ഗുരുകുലം ഓഫീസിന്റെ മുന്നിൽ നിലകൊള്ളുന്ന മുത്തശ്ശി പ്ലാവിനും,ശ്രീനാരായണ ധർമ്മസംഘത്തിന് രൂപം നൽകിയ തൃശൂർ കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലെ പ്ലാവിനും ബിനുവിന്റെ നേതൃത്വത്തിൽ ചികിത്സ നൽകിയിരുന്നു. ഈ പ്ലാവുകൾ ആരോഗ്യത്തോടെ നിലകൊള്ളുന്നു. ഇപ്പോൾ മഹാസമാധിയിലെ പ്ലാവിന്റെ ക്ഷീണം മാറി നല്ലവണ്ണം തളിർത്തിരിക്കുന്നു.

പ്ലാവ് ഒരു സമ്പൂർണ കല്പവൃക്ഷമായി ഗുരുദേവൻ കണ്ടിരുന്നതായി കാണാം. പ്ലാവിന്റെ തടി, ശിഖരങ്ങൾ, ഇല,ചക്ക,കുരു,ചവിണി, പുറന്തോട് എന്നിവയെല്ലാം ഉപയോഗപ്രദമാണ്. ചക്ക കൊണ്ട് ഏതാണ്ട് 150ലധികം വിഭവങ്ങൾ തയ്യാറാക്കിയ ഒരു വ്യക്തി അടുത്തകാലത്ത് ശിവഗിരിയിൽ വന്നിരുന്നു. ഗവൺമെന്റ് പ്ലാവിന് പരിഗണന നൽകണം. രാജ്യത്തിന്റെ കല്പവൃക്ഷമായി പ്രഖ്യാപിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY