
അനിൽ മേനോന്റെ ബഹിരാകാശ യാത്ര നമ്മുടെ യുവതലമുറയ്ക്ക് ഇൗ മേഖലയിലേക്ക് കടക്കാൻ പ്രചോദനമാകും. കൂടാതെ അതിനനുസൃതമായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കോഴ്സുകളുണ്ടാകും.
മലയാളിവേരുകളുള്ള അനിൽമേനോൻ നാസയ്ക്കുവേണ്ടി ബഹിരാകാശ യാത്ര നടത്തിയത് ഏതൊരു മലയാളിക്കും അഭിമാനമാണ്. അദ്ദേഹം എട്ടുമാസക്കാലം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ കഴിയുമെന്നത് ആവേശമുണ്ടാക്കുന്നതാണ്. ഇത് ഏതെല്ലാം തരത്തിലാണ് നമ്മുടെ നാടിന് പ്രയോജനമുണ്ടാക്കുക എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്. രണ്ടുതരത്തിൽ ഇത് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. അതു രണ്ടും യുവജനങ്ങൾക്കാണ്.
അനിൽ മേനോന്റെ യാത്ര ബഹിരാകാശ ശാസ്ത്രത്തിലെ ബയോമെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ടാണ്. ബഹിരാകാശ മനുഷ്യദൗത്യങ്ങൾ വർദ്ധിക്കുമ്പോൾ പ്രാധാന്യമേറിവരുന്ന മേഖലയാണത്.അതിവേഗം വളരുന്ന ഇൗ രംഗത്ത് ഭാവിയിൽ കൂടുതൽ അവസരങ്ങളുണ്ടാകും. അനിൽമേനോന്റെ യാത്ര നമ്മുടെ യുവതലമുറയ്ക്ക് ഇൗ മേഖലയിലേക്ക് കടക്കാൻ പ്രചോദനമാകും. കൂടാതെ അതിനനുസൃതമായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കോഴ്സുകളുണ്ടാകും.
പരമ്പരാഗത വിദ്യാഭ്യാസ കോഴ്സുകളിൽ നിന്ന് മാറേണ്ടത് കാലത്തിന്റെ ആവശ്യമാണ്. കൂടുതൽ സാദ്ധ്യതകളുള്ള കോഴ്സുകൾ തുടങ്ങാൻ അനിൽമേനോന്റെ യാത്ര സർക്കാരിനും യൂണിവേഴ്സിറ്റികൾക്കും പ്രചോദനമുണ്ടാക്കും. യുവാക്കൾക്ക് ബഹിരാകാശ ഗവേഷണ രംഗത്തേക്ക് ആകർഷണമുണ്ടാക്കുമെന്നാണ് മറ്റൊരു നേട്ടം. ഐ.എസ്.ആർ.ഒയ്ക്ക് രാജ്യത്ത് ഗ്ളാമർ കിട്ടിത്തുടങ്ങിയത് 2000ത്തോടെയാണ്. അതിന് കാരണം മംഗൾയാൻ ദൗത്യത്തിന്റെ വിജയമാണ്.പിന്നീട് ചന്ദ്രയാൻ പേടകം ചന്ദ്രനിൽ ഇറങ്ങിയതോടെ അത് വർദ്ധിച്ചു. ഇപ്പോൾ വിദേശത്ത് ഐ.ടി ജോലിക്കും മറ്റും പോയിരുന്നവർ പോലും ഐ.എസ്.ആർ.ഒയിൽ ചേരാൻ താത്പര്യപ്പെട്ടുവരുന്നു. ഐ.എസ്.ആർ.ഒയിൽ വേതനം കൂട്ടാൻ സർക്കാരും നിർബന്ധിതരായി.
ഇത്തരം മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത് അനിൽ മേനോന്റേയും ശുഭാംശു ശുക്ളയുടേയുമൊക്കെ ബഹിരാകാശ യാത്രകളാണ്. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനും ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകാൻ പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ്.
ഇന്ത്യൻ ശാസ്ത്ര മേഖലയ്ക്ക് നേട്ടമുണ്ടാക്കുന്നതാണ് ശുഭാംശു ശുക്ളയുടെ സ്പേസ് സ്റ്റേഷൻ യാത്ര. അത് ഗഗൻയാൻ ദൗത്യത്തിന് കരുത്തേകും. ഗഗൻയാൻ ദൗത്യത്തിന് വാഹനം റെഡിയാണ്, മോഡ്യൂൾ റെഡിയാണ്. മോഡ്യൂളിന്റെ സുരക്ഷ സംബന്ധിച്ചിട്ടുള്ള ടെസ്റ്റുകൾ അടിക്കടി നടക്കുന്നുണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ രണ്ട്, മൂന്ന്, നാല് ടെസ്റ്റുകൾ പൂർത്തിയാക്കി. അതിലൂടെ ഒരു എമർജൻസി സാഹചര്യമോ എവിടെയെങ്കിലും ഒരു പിഴവ് പറ്റുകയോ ചെയ്താൽ മറികടക്കാനുള്ള സംവിധാനങ്ങൾ പരീക്ഷിച്ചു വിജയിച്ചു.
സാധാരണ വിക്ഷേപണങ്ങൾ പരാജയപ്പെട്ടാൽ പണം നഷ്ടമാകും എന്നേയുള്ളു. മനുഷ്യദൗത്യങ്ങൾ അങ്ങനെയല്ല. അതിനുള്ള കരുതലോടെയുള്ള ഒരുക്കങ്ങളാണ് ഐ.എസ്.ആർ.ഒ നടത്തുന്നത്. രണ്ടുവർഷത്തിനുള്ളിൽ നാം ലക്ഷ്യം കാണും. കഴിഞ്ഞ ഒരു വർഷം ഐ.എസ്.ആർ.ഒയ്ക്ക് ഒരു നേട്ടവുമുണ്ടാക്കാനാവാതെ പോയ കാലയളവായിരുന്നു. പ്രത്യേകിച്ചും വിക്ഷേപണങ്ങളുടെ കാര്യത്തിൽ.
അടിക്കടിയുണ്ടായ പി.എസ്.എൽ.വി വിക്ഷേപണത്തിലെ രണ്ട് പരാജയങ്ങളാണ് അതിനിടയാക്കിയത്. പരാജയത്തിൽ നിന്ന് കരകയറി ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് പ്രതിസന്ധിയായത്. അങ്ങനെ ഒരു സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല. സർക്കാർ അനുമതിയാണിപ്പോൾ പ്രശ്നമെന്നാണ് അറിയുന്നത്. സർക്കാരിന് വിശ്വാസം തോന്നത്തക്ക തരത്തിൽ നിലപാടുകളെടുക്കാൻ കഴിയണം. അതിനുള്ള സാഹചര്യമുണ്ടാകുന്നതോടെ ഇൗ പ്രതിസന്ധി മറികടക്കുമെന്നാണ് വിശ്വാസം.
പി.എസ്.എൽ.വി പരാജയങ്ങളുടെ കാരണം കണ്ടെത്തി പരിഹരിച്ചു.ഇനി അത് തെളിയിക്കുകയാണ് വേണ്ടത്. അതിനുള്ള അവസരം ഉപയോഗിക്കപ്പെടണം. അതോടെ ഗഗൻയാൻ പദ്ധതി അതിവേഗം മുന്നോട്ട് പോകും.അറിഞ്ഞിടത്തോളം സർക്കാരിൽ നിന്ന് അതിനുള്ള അനുമതിക്കായി ഐ.എസ്.ആർ.ഒ കാത്തിരിക്കുകയാണ്.
(രാജ്യത്തെ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വി.എസ്.എസ്.സിയുടേയും ശ്രീഹരിക്കോട്ട സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്റേയും ഡയറക്ടറുമായിരുന്നു എം.സി.ദത്തൻ. കഴിഞ്ഞ പത്തുവർഷം കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായിരുന്നു.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |