
തിരുവനന്തപുരം: ബഹിരാകാശത്ത് വിസ്മയ നേട്ടവുമായി ടെക്നോപാർക്കിലെ മലയാളി സ്റ്റാർട്ടപ്പ് ഹെക്സ് 20. അമേരിക്കയിലെ സ്‌പേസ് എക്സിന്റെ ട്രാൻസ്പോർട്ടർ 17 റോക്കറ്റിലാണ് 'കോയോ"" എന്ന നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചത്. തായ്‌വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് വേണ്ടിയാണ് 'കോയോ" എന്ന കൈനറ്റിക്കൽ ഒപ്‌ടിക് ഒബ്സർവർ സാറ്റലൈറ്റ് വിക്ഷേപിച്ചത്.
സ്‌പേസ് എക്സിന്റെ ട്രാൻസ്‌പോർട്ടർ 17ൽ ബഹിരാകാശത്തെത്തി ഒരു മണിക്കൂറിന് ശേഷം വിക്ഷേപണ വാഹനത്തിൽ നിന്ന് വിജയകരമായി വേർപെട്ടു. 40 മിനിറ്റിനുശേഷം ഹെക്സ് 20യുടെ സാറ്റലൈറ്റ് കൺട്രോൾ സെന്ററിൽ ആദ്യത്തെ ബീക്കൺ സിഗ്നലുകൾ ലഭിച്ചു. കഴിഞ്ഞവർഷം 'നിള" എന്ന കുഞ്ഞൻ ഉപഗ്രഹം വിക്ഷേപിച്ച സംസ്ഥാനത്തെ ആദ്യ സ്‌പേസ് സ്റ്റാർട്ടപ്പാണ് ഹെക്സ് 20.
മലയാളികളായ അമൽചന്ദ്രൻ, അശ്വിൻചന്ദ്രൻ, എം.ബി. അരവിന്ദ്, അനുരാഗ് രഘു, ലോയ്ഡ് ജേക്കബ് ലോപസ് എന്നിവർന്നാണ് ഹെക്സ് 20 സ്ഥാപിച്ചത്.
അമൽ ചന്ദ്രനാണു സി.ഇ.ഒ. ഐ.എസ്.ആർ.ഒയ്‌ക്ക് കീഴിലുള്ള ഇൻസ്‌പേസ്, സംസ്ഥാന സർക്കാരിന്റെ സ്‌പേസ് പാർക്ക് (കെ-സ്‌പേസ്), കേരള സ്റ്റാർട്ടപ് മിഷൻ എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
'ഹെക്സ് 20യെ വിശ്വസനീയമായ ആഗോള ഉപഗ്രഹ ദൗത്യ പങ്കാളിയായി സ്ഥാപിക്കുന്നതിലെ സുപ്രധാന ചുവടുവയ്പാണിത്".
- അമൽ ചന്ദ്രൻ,
ഹെക്സ് 20 സി.ഇ.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |