SignIn
Kerala Kaumudi Online
Friday, 31 July 2026 4.02 AM IST

കാണാമറയത്തേക്ക് മോഴ

ph-1-

ഉപദ്രവകാരിയായ മോഴ ആനയെ തുരത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ കണ്ണൂരിലെ ആദിവാസി പുനരധിവാസ മേഖലയായ ആറളത്ത് നടക്കുന്നത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലും സമീപ പ്രദേശങ്ങളിലും വർഷങ്ങളായി ഭീതി വിതയ്ക്കുന്ന വലിയ മോഴയാനയായ കണ്ണൂർ മഖ്‌നയെ പിടികൂടാനാണ് വനംവകുപ്പ് നടപടികൾ ആരംഭിച്ചത്.ജനവാസ മേഖലയിൽ നിരന്തരം നാശനഷ്ടം വരുത്താൻ തുടങ്ങിയതോടെയാണ് ഈ മോഴ ആനയെ മയക്കുവെടി വച്ച് പിടികൂടാനും റേഡിയോ കോള‌ർ പിടിപ്പിച്ച് അനുയോജ്യമായ ആവസവ്യവസ്ഥയിൽ വിട്ടയച്ച് നിരീക്ഷിക്കുന്നതിനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.മോഴയെ മയക്കുവെടി വെക്കുന്നതിന് മുന്നോടിയായി ആരോഗ്യനിലയും നിലവിലെ സ്വഭാവ രീതിയും മനസ്സിലാക്കാനുള്ള നിരീക്ഷണം കഴിഞ്ഞ മൂന്ന് ദിവസവും സാദ്ധ്യമായില്ല. ആറളം വനത്തിലേക്ക് കടന്ന മോഴ ആറളം പുനരധിവാസ മേഖലയിലേക്ക് തിരികെ കയറിയില്ല. വരുംദിവസങ്ങളിൽ ആന തിരിച്ചു കയറുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷണ സംഘം. ആനയുടെ ആരോഗ്യനിലയും സ്വഭാവരീതിയും വിലയിരുത്താൻ വനം ദ്രുതപ്രതികരണ സേന വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഷിനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുനരധിവാസ മേഖലയിലും ഫാമിന്റെ കൃഷിയിടത്തിലും വ്യാപക തിരച്ചിൽ നടത്തി. കഴിഞ്ഞ രാത്രി പുനരധിവാസ മേഖലയിൽ ആനയെത്തി കൃഷി നശിപ്പിച്ചിരുന്നു. ഇത് മോഴയാകാമെന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകൾ മറ്റൊരാനയുടേതാണെന്ന് വ്യക്തമായി.

കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നതിനാൽ പകൽ സമയത്ത് പോലും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത തരത്തിൽ പ്രയാസമാണ് മേഖലയിലുള്ളവർ നേരിടുന്നത്. കഴിഞ്ഞദിവസം 11-ാം ബ്ലോക്കിലെ ശശിയുടെ വീട്ടുമുറ്റത്തെത്തിയ വീടിന്റെ സിറ്റൗട്ടിൽ വെച്ചിരുന്ന ഫോണും വസ്ത്രങ്ങളും നശിപ്പിച്ചു. അത്ഭുതകരമായാണ് ശശിയും കുടുംബവും രക്ഷപ്പെട്ടത്. അപകടകാരിയായ മോഴ ആനയെ എത്രയുംപെട്ടെന്ന് മയക്കുവെടി വെച്ച് പിടിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ആന പ്രതിരോധ മതിൽ നിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഇതുവരെയായി പ്രവൃത്തി പൂർത്തീയാക്കിയിട്ടില്ല. ആനപ്രതിരോധ മതിൽ നിർമ്മാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന സംശയവും മേഖലയിലുള്ളവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.ഉറപ്പുള്ള ആന പ്രതിരോധ മതിൽ എന്ന് പറഞ്ഞ് നിർമ്മാണമാരംഭിച്ച മതിലിന്റെ പല ഭാഗങ്ങളും തകരുകയുണ്ടായി. ആവശ്യത്തിന് സിമന്റ് ചേർക്കാതെയാണ് ആനപ്രതിരോധ മതിൽ പല ഭാഗത്തും നിർമ്മിച്ചതെന്നും ആരോപണമുയരുന്നുണ്ട്.നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ ഇതുവരെ 15 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 2014ൽ മാധവിയുടെ മരണത്തോടെ തുടങ്ങിയ ദുരന്തം ഇപ്പോഴും തുടരുന്നു. 2015ൽ ബാലൻ, 2017ൽ അമ്മിണി റെജി വാക്കാതുരത്തേൽ, 2018ൽ ദീപു, കൃഷ്ണൻ, ചപ്പിലി, 2020ൽ നാരായണൻ, ബിബീഷ്, 2022ൽ വിജേഷ് ദാമു, വാസു, 2023ൽ രഘു, 2025ൽ വെള്ളി, ലീല ദമ്പതിമാർ, ഒടുവിൽ 2026 ഫെബ്രുവരിയിൽ അനീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.ആനക്കൂട്ടത്തിന്റെ ആക്രമണം കാരണം ആറളം ഫാമിൽ 25 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

 തുരത്തിയാലും തിരികെയെത്തും

കോട്ടപ്പാറ മേഖലയിൽ നിന്ന് മോഴയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി ആന വനത്തിലേക്ക് കടന്നെന്നാണ് വനംവകുപ്പിന്റെ നിഗമനം. തിങ്കളാഴ്ച ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി നാല് ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. ഇതിൽ മോഴയും ഉൾപ്പെട്ടിരിക്കാമെന്ന് അധികൃതർ കരുതുന്നു. തുടർച്ചയായ മഴ നിരീക്ഷണത്തിന് തടസമാകുന്നുണ്ട്. ഒളിഞ്ഞിരുന്ന് ആക്രമിച്ച ശേഷം അതിവേഗം വനത്തിലേക്ക് മറയുന്നതാണ് കണ്ണൂർ മഖ്നയുടെ രീതി. പത്താം ബ്ലോക്കിൽ സ്ഥിരമായി കാണുന്ന ആനയുടെ പ്രധാന സഞ്ചാരവഴി ഏഴ്, ഒൻപത്, 13 ബ്ലോക്കുകളാണ്. വനത്തിലേക്ക് തുരത്തിയാലും വേഗത്തിൽ തിരികെ എത്തുന്ന സ്വഭാവവും ഇതിനുണ്ട്.

 ആനക്കൊട്ടിലിനും നടപടി

മോഴയെ താമസിപ്പിക്കാനുള്ള ആനക്കൊട്ടിൽ നിർമാണത്തിനുള്ള നടപടിയും തുടങ്ങി. യൂക്കാലി മരം ഉപയോഗിച്ചാണ് ആനക്കൊട്ടിൽ നിർമിക്കേണ്ടത്. തടികൾ കണ്ടെത്തി മുറിക്കാനുള്ള അനുമതി വനം വകുപ്പ് നൽകിക്കഴിഞ്ഞു.മോഴയെ വെടിവെച്ച് പിടിച്ച് ആറളത്തുനിന്ന് വയനാട്ടിലെ മുത്തങ്ങയിലേക്ക് മാറ്റാനായിരുന്നു ആദ്യ തീരുമാനം.എന്നാൽ ഇതിനെതിരെ മുത്തങ്ങയിൽ നിന്ന് എതിർപ്പുയർന്നത് ആനക്കൊട്ടിൽ നിർമാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ഉന്നതതല തീരുമാനമാണ് ഇനി അനിവാര്യം. ആറളത്തുതന്നെ പാർപ്പിക്കാനുള്ള സാദ്ധ്യതയുമായി മുന്നോട്ടു പോവുകയാണ് ആറളം വൈൽഡ് ലൈഫ്. 2008 മുതൽ ആറളത്തും പരിസര പ്രദേശങ്ങളിലും ഈ മോഴയാനയുടെ ശല്യമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടപ്പാറ പത്താം ബ്ലോക്കിൽ അനീഷ് എന്നയാളെ വീട്ടുമുറ്റത്ത് വച്ച് ആക്രമിച്ചു കൊലപ്പെടുത്തിയത് ഈ ആനയാണ്. 2025ൽ വെള്ളി, ലീല ദമ്പതിമാരുടെ ജീവനെടുത്തതും ഇതേ മോഴയാണെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പിന്റെ നീക്കം മുൻകൂട്ടി അറിഞ്ഞതുപോലെയാണ് നിരീക്ഷണ സംഘത്തിന്റെ കൺമുന്നിൽ നിന്ന് മോഴയാന മറയുന്നത്. നിലവിൽ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടന്നെന്നാണ് സൂചന.

തുടരുന്ന അരക്ഷിതാവസ്ഥ

കഴിഞ്ഞ കുറച്ചു മാസങ്ങളായി ആറളം പട്ടികവർഗ്ഗ പുനരദ്ധിവാസമേഖല അരക്ഷിതാവസ്ഥയിലാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ജില്ലാ കളക്ടർ ചെയർമാനും എസ് . ടി ഡിപ്പാർട്ട്‌മെന്റ് ജില്ലാ ഓഫീസർ കൺവീനറുമായിട്ടുള്ള ആറളം പട്ടികവർഗ്ഗ പുനരധിവാസ പദ്ധതി 20 വർഷം പിന്നിടുമ്പോൾ നിലവിൽ നാഥനില്ലാത്ത അവസ്ഥ കൈവന്നിരിക്കുകയാണ്. മേഖലയിൽ ദൈനംദിന കാര്യങ്ങൾ നടത്തുന്നതിനായി സൈറ്റ് മാനേജർ തസ്തികയിൽ ഒരു ഉദ്യോഗസ്ഥനും പത്ത് എസ്.ടി.പ്രമോട്ടർമാരും എൻജിനിയറും അടക്കമുള്ളവരുടെ സേവനം ലഭ്യമാക്കിയിരുന്നു.എന്നാൽ കുറച്ച് മാസങ്ങളായി സൈറ്റ് മാനേജരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ല. സൈറ്റിമാനേജരുടെ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥൻ മാത്രമാണ് ഇപ്പോഴുള്ളത്. ഇദ്ദേഹത്തിന് മറ്റ് ട്രൈബൽ ഓഫീസുകളിൽ കൂടി ഉത്തരവാദിത്വം നിറവേറ്റണം. പുനരധിവാസ മേഖലയിൽ മാത്രമായി ഒരു ട്രൈബൽ ഓഫീസും അനുബന്ധ സംവിധാനങ്ങളും വേണമെന്ന ആവശ്യം ഇതുവരെയായി നിറവേറ്റപ്പെട്ടിട്ടില്ല. പുനരധിവാസ പ്രവർത്തനത്തിന്റെ തുടക്കത്തിൽ നൽകിയ വീടുകളെല്ലാം ചോർന്നൊലിക്കുകയാണ പുതുക്കിപ്പണിയുന്നതിനായി ഫണ്ട് അനുവദിച്ചു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും വീടുകൾ റിപ്പയർ നടത്തുന്നതിനുള്ള പണം വിതരണം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മഴക്കാലമായതോടെ ചോർന്നൊലിക്കുന്ന വീടുകളിലാണ് പലരും അന്തിയുറങ്ങുന്നത്.

 ഉദ്യോഗസ്ഥരുടെ സേവനം വേണം

പുനരധിവാസ പ്രവർത്തനം കാര്യക്ഷമമായി നടക്കണമെങ്കിൽ സൈറ്റ് മാനേജർ ഉൾപ്പെടെയുള്ള സ്ഥിരം ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനവും അത്യാവശ്യമാണ്. ആറളം ഫാമിൽ പുനരധിവസിക്കപ്പെടുന്ന കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും തൊഴിൽ നൽകാനായാണ് കാർഷിക ഫാം നിലനിറുത്തിയത്. എന്നാൽ 400ൽ താഴെ ആളുകൾക്ക് മാത്രമാണ് നിലവിൽ തൊഴിൽ നൽകിയത്. പങ്കാളിത്ത കൃഷിയുമായി ബന്ധപ്പെട്ടുകൊണ്ട് പുതിയ പ്രോജക്ടുകൾ ഭൂമി പാട്ടത്തിനെടുത്ത് സ്വകാര്യ വ്യക്തികൾ നടപ്പിലാക്കി വരുന്നുണ്ട്.ഇവർക്ക് തൊഴിലാളികളെ നൽകുന്നത് ടി.ആർ.ഡി.എം തയ്യാറാക്കിയ ലേബർ ബാങ്ക് മുഖേനയാണ്.എന്നാൽ ഈ ലേബർ ബാങ്കിനകത്ത് ഫാമിൽ ഭൂമി ലഭിച്ചിട്ടുള്ള അർഹതപ്പെട്ട എല്ലാ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തുന്നില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അർഹതപ്പെട്ട എല്ലാ കുടുംബങ്ങളെയും ലേബർ ബാങ്കിൽ ഉൾപ്പെടുത്തി കാർഷിക ഫാമിലും പങ്കാളിത്ത കൃഷിയിലും തൊഴിൽ നൽകണമെന്നും ഇവിടെയുള്ളവ‌‌ർ ആവശ്യപ്പെടുന്നു. ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ മാസങ്ങളായി നിലനിൽക്കുന്ന അരക്ഷിതാവസ്ഥ പുനരധിവാസ മിഷന്റെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ ഇടപെടൽ അനിവാര്യമാണ്.ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ച് പുനരധിവാസ മേഖലയിലെ ജനങ്ങൾ തുടർച്ചയായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY