SignIn
Kerala Kaumudi Online
Friday, 31 July 2026 4.02 AM IST

പ്രിയദർശിനി' തരംഗത്തിൽ കട്ടപ്പുറത്തേറി സ്വകാര്യ ബസുകൾ

ss

സ്ത്രീയാത്രക്കാർക്ക് വിലയ ആവേശം, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സന്തോഷം, സ്വകാര്യബസ് ഉടമകൾക്കും തൊഴിലാളികൾക്കും കനത്ത ആശങ്ക...

ജൂൺ 15ന് യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ തങ്ങളുടെ അഭിമാനപദ്ധതി 'പ്രിയദർശിനി' സൗജന്യയാത്ര ഒന്നരമാസം പിന്നിട്ടപ്പോൾ നിരത്തിലെ ചിത്രം ഇതാണ്. സ്ത്രീ യാത്രക്കാർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പദ്ധതി പക്ഷേ, സ്വകാര്യ ബസ് മേഖലയെ കട്ടപ്പുറത്തിരുത്തുകയാണ്.

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യബസുകളുടെ വരുമാനത്തിൽ പ്രതിദനം 3000 മുതൽ 6000 രൂപ വരെ കുറവുവരുന്നതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. പ്രിയദർശിനി പദ്ധതിയുടെ വരവോടെ കെ.എസ്.ആർ.ടി.സി ഓർഡിനറി യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയർന്നു. ദിവസേന ആറായിരത്തോളം യാത്രക്കാരുടെ വർദ്ധനയുണ്ടായതായി ജീവനക്കാർ പറയുന്നു.

പദ്ധതി നിലവിൽ വന്നതോടെ ഭൂരിഭാഗം യാത്രക്കാരും കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് മാറിയതാണ് സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായത്. പാലക്കാട് - തൃശ്ശൂർ, പാലക്കാട് - കോഴിക്കോട്, പാലക്കാട് - ഗുരുവായൂർ, പാലക്കാട് - ചിറ്റൂർ തുടങ്ങിയ പ്രധാന റൂട്ടുകളിലെല്ലാം സ്വകാര്യ ബസുകളിലെ കളക്ഷൻ കുത്തനെ ഇടിഞ്ഞു. ഈ റൂട്ടുകളിൽ സർവീസ് നടത്തിയ സ്വകാര്യ ബസുകളിൽ ബഹുഭൂരിപക്ഷം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ഇന്ധന വില വർധന കാരണം പ്രയാസത്തിലായിരിക്കെ ഈ പദ്ധതി കൂടി വന്നത് പ്രതിസന്ധി രൂക്ഷമാക്കിയെന്നതാണ് യാഥാർത്ഥ്യം.

ട്രിപ്പുകൾ വെട്ടി ചുരുക്കിയും ജീവനക്കാരുടെ ശമ്പളം നേർ പകുതിയാക്കിയുമാണ് പല ഉടമകളും പിടിച്ചുനിൽക്കുന്നത്. ട്രിപ്പ് ഉപേക്ഷിച്ച് നിറുത്തിയിടുന്ന ബസുകളിൽ നിന്ന് പിഴ ഈടാക്കൽ ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹനവകുപ്പ് സ്വീകരിക്കുന്നതായും ബസുടമകൾ പറയുന്നു. 40,000 ആളുകൾക്ക് പ്രത്യക്ഷമായും അതിലിരട്ടി പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ഈ മേഖലയിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ സമ്പൂർണ തകർച്ച സ്വകാര്യബസ് മേഖല അഭിമുഖീകരിക്കും.

 സ്വകാര്യ ബസുകളുടെ അവസ്ഥ പരിഗണിച്ചില്ല

സർക്കാർ കൂടിയാലോചനകൾ നടത്താതെയാണ് കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയത്. ഇതോടെ സ്വകാര്യ ബസ് വ്യവസായം തകർച്ചയലേക്ക് നീങ്ങിയെന്നത് വസ്തുതയാണ്. ഇന്ധന വില വർധന കാരണം പ്രയാസത്തിലായിരിക്കെ ഈ പദ്ധതി കൂടി വന്നത് പ്രതിസന്ധി രൂക്ഷമാക്കി. തൊഴിലാളികൾക്ക് വേതനം പോലും ലഭിക്കാത്ത നിലയിൽ 15 ദിവസം പിന്നിട്ടതിന് ശേഷമാണ് വിഷയം പഠിക്കുവാൻ സമിതിയെക്കുറിച്ച് പോലും സർക്കാർ ആലോചിച്ചത്. കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമീകരണത്തിലൂടെ സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാമെന്ന നിർദേശവും തെല്ലും പ്രതീക്ഷ നൽകുന്നതല്ല. ഇടകലർന്ന് സർവീസുകളുള്ള റൂട്ടിൽ സ്വകാര്യ ബസുകൾക്ക് ബുദ്ധിമുട്ടില്ലാതെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത് പ്രായോഗികമല്ല. കൂടാതെ സ്ത്രീ യാത്രികർ പലയിടത്തും സ്വകാര്യ ബസുകളെ അവഗണിച്ചുകൊണ്ടാണ് പ്രിയദർശിനിക്കായി കാത്തിരിക്കുന്നത്. പരസ്യത്തിലൂടെ വരുമാനം കണ്ടെത്തുകയെന്ന നിർദേശവും എത്രകണ്ട് പ്രായോഗികമാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. സ്വകാര്യ ബസ് മേഖലയുടെ നിലനില്പിനെക്കുറിച്ച് വ്യക്തമായ പഠനം നടത്താതെയാണ് യു.ഡി.എഫ് സർക്കാർ പ്രിയദർശിനി പദ്ധതി നടപ്പാക്കിയത്. ഈ സുപ്രധാന തീരുമാനമെടുക്കുന്നതിനു മുമ്പ് ബസ് ഉടമകളെ കേൾക്കുവാൻ തയ്യാറായില്ല. ത്രൈമാസ റോഡ് നികുതി 50 ശതമാനമായി കുറച്ചാൽ പോലും പ്രതിദിനം 150 രൂപയുടെ ലാഭം മാത്രമേ ഉടമകൾക്ക് ലഭിക്കൂ. ഒരു ബസിന് പ്രതിദിനം ശരാശരി 100 ലിറ്റർ ഡീസൽ ആവശ്യമാണ്. ഇന്ധന സെസ്സിൽ ലിറ്ററിന് 2 രൂപ കുറച്ചാൽ ദിവസം 200 രൂപയുടെ ആശ്വാസം ലഭിക്കും. എന്നാൽ, പ്രിയദർശിനി പദ്ധതിക്ക് ശേഷം ഉണ്ടാകുന്ന പ്രതിദിന നഷ്ടം ഇതിലും എത്രയോ ഇരട്ടിയാണെന്ന് ബസ് ഉടമകൾ കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു.

വ്യവസായം സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നുൾപ്പെടെ ആവശ്യങ്ങളിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ സർക്കാർ തീരുമാനമെടുക്കുകയായിരുന്നുവെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറയുന്നു. പ്രതിസന്ധി അതിരൂക്ഷമായതോടെ 1000ത്തിലധികം ബസുകളാണ് ജി ഫോം നൽകി നിരത്തൊഴിഞ്ഞത്. ഒരു വർഷം വരെ സർവീസ് നടത്താതെ നികുതി ഒഴിവാക്കുവാൻ ജി ഫോം നൽകുക വഴി സാധിക്കും. കെഎസ്ആർടിസി സർവീസുകൾ അധികമുള്ള ജില്ലകളിലാണ് സ്ഥിതി അതിരൂക്ഷം.


 പ്രതിദിനം 6,000 രൂപ വരെ നഷ്ടം

റൂട്ടുകൾക്ക് അനുസരിച്ച് പ്രതിദിനം 1,000 രൂപ മുതൽ 6,000 രൂപ വരെ വരുമാന നഷ്ടം നേരിടുന്നുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം തൊള്ളായിരത്തിലധികം സ്വകാര്യ ബസുകളാണ് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നത്. ഇതുവരെ 50 ലധികം ബസുകൾ ജി ഫോം നൽകിക്കഴിഞ്ഞു. സ്ത്രീകളുടെ ക്ഷേമത്തിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളോട് തങ്ങൾക്ക് വിയോജിപ്പില്ല. എന്നാൽ നിലവിലെ രീതി സ്വകാര്യ ബസ് മേഖലയെ പൂർണമായി തകർക്കുന്നതും നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്നു. കെ.എസ്.ആർ.ടി.സിക്ക് സബ്സിഡി നൽകുന്നതുപോലെ സ്വകാര്യ ബസുകൾക്കും ടിക്കറ്റ് തുക സർക്കാർ റീഇംബേഴ്സ് ചെയ്ത് നൽകിക്കൊണ്ട് പദ്ധതി സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കണം. സർക്കാർ ഒരു ജനക്ഷേമ പദ്ധതി പ്രഖ്യാപിക്കുമ്പോൾ അത് എല്ലാ സ്ത്രീകൾക്കും ഒരുപോലെ പ്രയോജനപ്പെടണം. സ്വകാര്യ ബസുകളെക്കൂടി ഇതിൽ പങ്കാളികളാക്കിയാൽ മാത്രമേ പദ്ധതിയുടെ ലക്ഷ്യം പൂർണമായി കൈവരിക്കാൻ സാധിക്കു എന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ പറയുന്നു.

 ആവശ്യങ്ങൾ നിരവധി

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കൊടുത്തതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾക്കും സർക്കാർ സഹായം വേണം

സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണം. ഡ്രൈവറെ ബസ് ഉടമകൾ നിയമിക്കും. കണ്ടക്ടറെ സർക്കാർ നിയമിക്കട്ടെയെന്നാണ് ഉടമകൾ.

കെ.എസ്.ആർ.ടി.സിക്ക് കൊടുക്കുന്നത് പോലെ സർക്കാർ ധനസഹായം സ്വകാര്യ ബസുകൾക്കും നൽകണം.

ഒരു ബസിന് കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണം.

കളക്ഷൻ സർക്കാരിന് നൽകാം. മറ്റെല്ലാ ചെലവുകളും ഉടമകൾ നടത്തും. റോഡ് ടാക്സ് ഒഴിവാക്കണം

 സ്വകാര്യ ബസുകളും വനിതകൾക്ക് സൗജന്യം നൽകാം. സർക്കാർ പണം തന്നാൽ മതി. ഇതിന് രണ്ടിനും തയ്യാറല്ലെങ്കിൽ പകുതി വിലയ്ക്ക് ഡീസൽ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY