SignIn
Kerala Kaumudi Online
Thursday, 06 August 2026 3.07 AM IST

മഴക്കാലത്ത് മറക്കരുത് എലിപ്പനിയെയും ആദ്യ പ്രതിരോധം അവബോധം

ss

മഴ ശക്തമാകുന്നതോടെ കേരളത്തിൽ വീണ്ടും ആശങ്കയാകുന്ന രോഗമാണ് ലെപ്റ്റോസ്പിറോസിസ്, അഥവാ എലിപ്പനി. എലികൾ,പന്നികൾ,പശുക്കൾ,കുതിരകൾ,നായ്ക്കൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിൽ കാണപ്പെടുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. രോഗബാധിതമായ മൃഗങ്ങളുടെ മൂത്രം കലർന്ന വെള്ളം,ചെളി,മണ്ണ്,ഭക്ഷണം എന്നിവയുമായി സമ്പർക്കം പുലർത്തുമ്പോഴാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. വെള്ളപ്പൊക്കവും വെള്ളക്കെട്ടും സാധാരണമായ മഴക്കാലത്ത് രോഗ വ്യാപന സാദ്ധ്യത ഗണ്യമായി ഉയരുന്നു.
കേരളത്തിൽ കൃഷി, മൃഗസംരക്ഷണം, ശുചീകരണ പ്രവർത്തനങ്ങൾ, മലിനജല പരിപാലനം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് രോഗസാദ്ധ്യത കൂടുതലാണ്. എന്നാൽ തൊഴിൽ എന്തുതന്നെയായാലും മഴക്കാലത്ത് മലിനമായ വെള്ളത്തിലൂടെയോ ചെളിയിലൂടെയോ നടക്കേണ്ടിവരുന്ന ഏതൊരാളും അപകടസാദ്ധ്യതയുള്ളവരാണ്.


ഡെങ്കിപ്പനിയായി തെറ്റിദ്ധരിക്കപ്പെടുന്നു

എലിപ്പനിയുടെ ലക്ഷണങ്ങൾ മറ്റ് മഴക്കാല രോഗങ്ങളുമായി വളരെ സാമ്യമുള്ളതാണ്. കടുത്ത പനി, ശരീരവേദന, പ്രത്യേകിച്ച് കാലുകളിലെയും പേശികളിലെയും വേദന, വിറയൽ, തലവേദന, നടുവേദന, കണ്ണിന് പിന്നിലെ വേദന, കണ്ണുകൾ ചുവക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ഡെങ്കിപ്പനി, ഇൻഫ്ലുവൻസ, മലേറിയ, സ്ക്രബ് ടൈഫസ് എന്നീ രോഗങ്ങളിലും കാണാറുണ്ട്.അതിനാൽ തന്നെ എലിപ്പനി തിരിച്ചറിയുന്നതിൽ പലപ്പോഴും കാലതാമസവും ഉണ്ടാകാറുണ്ട്.എന്നാൽ ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ നടത്തുന്ന ലെപ്റ്റോസ്പൈറ പി.സി.ആർ. പരിശോധന പ്രാരംഭ രോഗനിർണയത്തിന് സഹായകരമാണ്. രോഗം സ്ഥിരീകരിക്കാൻ മൈക്രോസ്കോപ്പിക് അഗ്ലൂട്ടിനേഷൻ ടെസ്റ്റും (MAT) എറെ സഹായകരമാണ്.

നേരത്തെയുള്ള രോഗനിർണയം പ്രധാനം

എലിപ്പനി ബാധിച്ച രോഗിക്ക് തുടക്കത്തിൽ സുഖം പ്രാപിക്കുന്നതായി തോന്നുമെങ്കിലും പിന്നീട് പെട്ടെന്ന് രോഗം വഷളാകും.മുറിവുകൾ, പോറലുകൾ, കഫം, ചർമ്മം എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിലേക്ക് കടക്കുന്നത്. ആദ്യം പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുകയും പിന്നീട് വൃക്ക, കരൾ, ശ്വാസകോശം എന്നീ അവയവങ്ങളെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്യും.അതിനാൽ
സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് വെയിൽസ് രോഗമായി മാറുകയും മരണത്തിന് കാരണമാകുകയും ചെയ്യും.
മൂക്കിൽ നിന്നോ കണ്ണിൽ നിന്നോ രക്തസ്രാവം, മൂത്രത്തിലോ മലത്തിലോ രക്തത്തിന്റെ സാന്നിധ്യം, കണ്ണിന്റെയോ ചർമ്മത്തിന്റെയോ മഞ്ഞനിറം, പെട്ടെന്നുള്ള ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അടിയന്തര ചികിത്സ ആവശ്യമായ മുന്നറിയിപ്പുകളാണ്. 48 മണിക്കൂറിലധികം പനി തുടരുകയാണെങ്കിൽ സ്വയം മരുന്ന് കഴിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കുകയും വേണം.

അറിഞ്ഞിരിക്കാം ഡോക്സിസൈക്ലിൻ ഉപയോഗത്തെക്കുറിച്ച്

എലിപ്പനി ഉൾപ്പെടെയുള്ള വിവിധ ബാക്ടീരിയൽ അണുബാധകൾ പ്രതിരോധിക്കാനും ചികിത്സിക്കാനും ഉപയോഗിക്കുന്ന പ്രധാന ആന്റിബയോട്ടിക് മരുന്നാണ് ഡോക്സിസൈക്ലിൻ. മഴക്കാലത്ത് മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്ക് എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകരുടെയോ ഡോക്ടറുടെയോ നിർദേശപ്രകാരം ഈ മരുന്ന് കഴിക്കാവുന്നതാണ്.എട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാധാരണയായി എലിപ്പനി പ്രതിരോധത്തിനായി ഈ മരുന്ന് നൽകാറില്ല.ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കരൾ, വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ ഡോക്ടറുടെ വ്യക്തമായ നിർദേശമില്ലാതെ ഈ മരുന്ന് ഉപയോഗിക്കരുത്.

പ്രതിരോധമാണ് ഏറ്റവും നല്ല മാർഗം

എലിപ്പനിയെ തടയാൻ വ്യക്തിപരമായ മുൻകരുതലുകളും പൊതുജനാരോഗ്യ ഇടപെടലുകളും ഒരുപോലെ ആവശ്യമാണ്.
മഴക്കാലത്ത് എലിപ്പനി ഒരു സാധാരണ പനിയല്ല, സമയബന്ധിതമായി തിരിച്ചറിഞ്ഞില്ലെങ്കിൽ ജീവൻ തന്നെ കവർന്നേക്കാവുന്ന രോഗമാണെന്ന ബോധ്യം സമൂഹത്തിനാകെ ഉണ്ടാകണം. വ്യക്തികളുടെ ജാഗ്രതയും ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളും കൈകോർക്കുമ്പോഴേ രോഗത്തെ ഫലപ്രദമായി ചെറുക്കാനാകൂ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY