SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

നിത്യ നിതാന്ത ചൈതന്യമേ

a
സ്വാമി അവ്യയാനന്ദ

നിത്യ നിതാന്ത ചൈതന്യമേ
സത്യപ്രകാശമാം നാരായണ
ഹൃത്തിൽ എങ്ങും വിളങ്ങീടേണമേ
നിസ്തുലനായി നീ വാഴേണമേ

പ്രിയരേ, അചഞ്ചലവും അകളങ്കിതവുമായ ഗുരുഭക്തിയാൽ അന്തർലീനമായ ഈ മനോഹര ഗാനത്തിന്റെ ആർദ്രതയുടെ നറുംപാൽ ചുരത്തുന്ന സ്‌നേഹാക്ഷരങ്ങൾ രചിച്ച പ്രിയങ്കരനായ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ടി.കെ.ഡി. മുഴുപ്പിലങ്ങാട് എന്നെന്നേക്കുമായി വിടവാങ്ങിയെന്ന് ഇതെഴുതുമ്പോഴും വിശ്വസിക്കാനാവുന്നില്ല. ഗാനവും കവിതയും കഥയും പുരാണേതിഹാസാഖ്യാനങ്ങളും ഒരേപോലെ വഴങ്ങുന്ന മൃദുഭാഷിയായ ഈ കൈരളീതനയന്റെ എന്നും പാടുന്ന മണിവീണ മൃത്യുദേവത വാഹന രൂപത്തിൽ വന്ന് തട്ടിയെടുത്തത് ഏറെ വേദനയോടെയാണ് ഇക്കഴിഞ്ഞ ഗുരുദേവ ജയന്തിക്ക് ദിനപത്രത്തിലൂടെ വായിച്ചറിഞ്ഞത്.

കുട്ടികൾക്കും മുതിർന്നവരും ഒരുപോലെ വായിച്ചു പ്രബുദ്ധരാകാവുന്ന തരത്തിൽ മുഴുപ്പിലങ്ങാട് യോഗനാദത്തിൽ എഴുതി വന്നിരുന്ന ഗുരുദേവ കഥകൾ ഇനി ആരാണ് മുഴുമിപ്പിക്കുക. ഹൃദ്യവും സരളവും ഋജുവുമായ അവതരണ രീതി ഗംഭീരമെന്നേ പറയേണ്ടൂ.

വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിലെ പ്രൗഢമായ ഒരു ഗുരുദർശന പഠനസദസ്സിൽ നിന്നും ഉയർന്നുവന്ന ഗുരുദേവ ഗാന മാലികയിൽ മനസ്സലിഞ്ഞ് ഈയുള്ളവൻ തൊട്ടടുത്തു നിന്നിരുന്ന പ്രിയ മിത്രം വസുമിത്രൻ എൻജിനീയറോട് ഗുരുഗാനങ്ങളുടെ സ്‌നേഹാർദ്രതയും ലാളിത്യവും ചർച്ച ചെയ്തുകൊണ്ടിരിക്കെ ചുണ്ടിൽ തുമ്പച്ചിരിയുമായി ടി.കെ.ഡി വന്ന് മെല്ലെപ്പറഞ്ഞു. 'അത് ഞാനെഴുതിയ ഗാനങ്ങളാണ് ". അറിയാതെ എന്റെ കൈകൾ ആ ചുമലിൽ പതിഞ്ഞു. എൺപതുകളുടെ ആരംഭത്തിലെ കാസറ്റ് യുഗത്തിൽ ചരിത്രം സൃഷ്ടിച്ച ആ ഗുരു ഗാനമാലിക എങ്ങനെ മറക്കും.

ശിവഗിരി മഠത്തിൽ ഞങ്ങളുടെ ആത്മസഹോദരനായ സമാധിസ്ഥനായ വിദ്യാനന്ദ സ്വാമികൾ ഏറെ ആലാപന മധുരമായി നിത്യനിതാന്ത ചൈതന്യം പലവട്ടം പാടി കേട്ടിട്ടുണ്ട്. മലയാളസാഹിത്യത്തിലും വിശിഷ്യ ഗുരുദേവദർശനത്തിലുമായി നൂറോളം പുസ്തകങ്ങൾ സമർപ്പിച്ചിട്ടാണ് പ്രിയപ്പെട്ട ടി. കെ. ഡി വിട വാങ്ങിയത്.

മസ്തിഷ്‌കമല്ല ഹൃദയം ആണ് വ്യക്തിയെയും സമൂഹത്തെയും നയിക്കേണ്ടത്. മസ്തിഷ്‌കത്തെ തന്നെ നേരെ നടത്താൻ ഹൃദയത്തിന്റെ മാർഗ്ഗദർശനം അനിവാര്യമാണ്. പ്രിയരെ, ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്ന പരമസാത്വികനെ ഓർക്കുമ്പോൾ ഈ ഹൃദയ സ്പർശിത്വമാണ് മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വം മുഴുവനും ഹൃദയസംസ്‌കാരത്തിൽ അധിഷ്ഠിതമായിരുന്നു. അതുകൊണ്ടുതന്നെ ആ ജീവിതം ഹൃദ്യവും ഹൃദയാർജ്ജകവുമായി. മനസ്സിൽ നിന്ന് ആ മൗനമന്ദഹാസം മായുന്നേയില്ല. അത് പൂർണമായും ഉള്ളിൽ നിന്നു വരുന്നതായിരുന്നു. ഹൃദയം ചിരിക്കുകയായിരുന്നു. അസാമാന്യമായ ഈ ഹൃദയപരതയായിരുന്നു ടി. കെ. ഡി യുടെ ഏറ്റവും വലിയ മൂലധനം. വിനയം, ലാളിത്യം, സൗമ്യത തുടങ്ങിയ സത്ഗുണങ്ങളെല്ലാം ടി.കെ.ഡി. മുഴുപ്പിലങ്ങാടിന്റെ സത്സ്വഭാവത്തിന്റെ ആത്മാംശങ്ങൾ ആയിരുന്നു. എന്നാൽ ഈ മേന്മകളെല്ലാം മൗലികമായ ഹൃദയ സംസ്‌കാരത്തിന്റെ പ്രതിഫലനങ്ങൾ മാത്രമായിരുന്നു. ഈ മഹനീയമായ ഗുണങ്ങളൊന്നും അദ്ദേഹം ഏതെങ്കിലും രീതിയിലുള്ള ശിക്ഷണക്രമത്തിലൂടെ ആർജ്ജിച്ചതായിരുന്നില്ല. മറിച്ച് അതെല്ലാം നൈസർഗികമായി അദ്ദേഹത്തിന്റെ വ്യക്തിസത്തയിൽ ഊട്ടപ്പെട്ടതായിരുന്നു എന്നതാണ് വാസ്തവം.

പ്രിയരെ, ടി.കെ.ഡി മുഴുപ്പിലങ്ങാട് ഇന്ന് നമുക്ക് മുന്നിലില്ല. പക്ഷേ അദ്ദേഹം അവശേഷിപ്പിച്ചുപോയ നന്മയുടെ നറുമലരുകൾ നമ്മെ എപ്പോഴും സുഗന്ധപൂരിതരാക്കുന്നു. ഇന്നും നമ്മുടെ ഹൃദയവിപഞ്ചിക അറിയാതെ പാടുന്നു.

'നിത്യനിതാന്ത ചൈതന്യമേ,
സത്യപ്രകാശമാം നാരായണ എന്ന ഈരടികൾ'.

ഫോൺ : 9388830966

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION