SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

കേന്ദ്ര നയങ്ങളും പിരിച്ചുവിടൽ നടപടികളും ഒരേ നാണയത്തിന്റെ ഇരുവശം

a

കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡും അവയുടെ ചട്ടങ്ങളും ട്രേഡ് യൂണിയനുകളെ തളർത്താനും, എട്ട് മണിക്കൂർ ജോലി സമയം അട്ടിമറിക്കാനും, സ്ഥിരം തൊഴിൽ സമ്പ്രദായം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

സംഘടിത - അസംഘടിത മേഖലകളിലെ തൊഴിലാളികളെ കുത്തകകളുടെ ലാഭക്കൊതിക്ക് മുന്നിൽ അടിമസമാനമായ തൊഴിൽ സാഹചര്യത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര നയത്തിനെതിരെയാണ് രാജ്യവ്യാപകമായി ആഗസ്റ്റ് 10ന് ജയിൽ നിറയ്ക്കൽ സമരം സംഘടിപ്പിക്കുന്നത്. കർഷകർക്ക് സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ചെയ്ത പ്രകാരം ഉത്പാദന ചെലവിന്റെ 50% അധികരിച്ച താങ്ങുവില ഉറപ്പാക്കാതിരിക്കുകയും, വൈദ്യുതി ഭേദഗതി ബില്ലിലൂടെ പൊതുമേഖലയെ തകർക്കുകയും ചെയ്യുന്ന ഭരണകൂട സമീപനം അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ നട്ടെല്ലൊടിക്കും.

മറുവശത്ത്, സംസ്ഥാനത്ത് അധികാരത്തിലുള്ള വി. ഡി. സതീശൻ സർക്കാരിന്റെ നിലപാടും അതേ പാതയിലാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ദിവസവേതന അടിസ്ഥാനത്തിലും കരാറടിസ്ഥാനത്തിലും ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ജീവനക്കാരെ രാഷ്ട്രീയ പ്രതികാരത്തോടെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് വെൽഫെയർ ബോർഡ്, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങി വിവിധ ക്ഷേമ ബോർഡിൽ നിന്നായി നൂറുകണക്കിന് തൊഴിലാളികളെ ഒറ്റയടിക്ക് വഴിയിലാക്കി. കുടുംബശ്രീ പദ്ധതികളിലും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ - ഡിസ്ക്) പോലുള്ള സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്ന കരാർ ജീവനക്കാരെ ഒഴിവാക്കിയതും ഈ നിഷ്ഠൂര സമീപനത്തിന്റെ ഉദാഹരണമാണ്.

കൊവിഡ് മഹാമാരിയുടെ ഘട്ടത്തിലടക്കം നാടിന്റെ ആരോഗ്യമേഖലയെ താങ്ങിനിറുത്തിയ നാഷണൽ ഹെൽത്ത് മിഷനിലെ 17,000ത്തോളം വരുന്ന കരാർ ജീവനക്കാരുടെ കാലാവധി ആഗസ്റ്റ് 30 വരെയെന്ന് നിജപ്പെടുത്തി. മോദി സർക്കാർ ലേബർ കോഡുകളിലൂടെയും ഭാരതീയ ന്യായ് സംഹിത പോലുള്ള കറുത്ത നിയമങ്ങളിലൂടെയും സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശങ്ങളെ റദ്ദാക്കുമ്പോൾ, സംസ്ഥാനത്ത് സതീശൻ സർക്കാർ താത്കാലിക ജീവനക്കാരുടെ തൊഴിൽ സുരക്ഷ അട്ടിമറിക്കുന്നു. തൊഴിൽ വിഷയം ഭരണഘടനയുടെ സമവർത്തി പട്ടികയിൽ ഉൾപ്പെടുന്നതിനാൽ കേന്ദ്ര നിയമങ്ങളിലെ തൊഴിലാളി വിരുദ്ധ വകുപ്പുകളെ മറികടക്കാനും ആനുകൂല്യങ്ങൾ ഉറപ്പാക്കാനും സംസ്ഥാന നിയമനിർമ്മാണത്തിലൂടെ സാധിക്കും.

തൊഴിൽ കോഡുകളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പഠിച്ച് ഭേദഗതി നിർദ്ദേശിക്കാനും തൊഴിലാളി സംരക്ഷണ നിയമം കൊണ്ടുവരാനുമായി എൽ. ഡി. എഫ് സർക്കാർ ജസ്റ്റിസ് (റിട്ട.) വി. ഗോപാല ഗൗഡ അദ്ധ്യക്ഷനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. കേന്ദ്ര കോഡുകളിലെ അപകടകരമായ വകുപ്പുകളെ തള്ളിക്കളയുകയും, സ്ഥിര നിയമനം ഉറപ്പാക്കൽ, താത്കാലിക കരാർ ജീവനക്കാരുടെ തൊഴിൽ സുരക്ഷ, അസംഘടിത ഗിഗ് തൊഴിലാളികളുടെ അവകാശ സംരക്ഷണം എന്നിവയ്ക്ക് കൃത്യമായ ഭേദഗതികളും പ്രത്യേക നിയമനിർമ്മാണങ്ങളും നിർദ്ദേശിക്കുന്ന വിശദമായ റിപ്പോർട്ട് ഈ സമിതി സമർപ്പിച്ചിട്ടുമുണ്ട്. ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ വൈകരുത്.

ഈ ശുപാർശകൾ സംസ്ഥാനം അടിയന്തരമായി അംഗീകരിക്കണം. തൊഴിൽ സുരക്ഷയും അവകാശങ്ങളും ഉറപ്പുനൽകുന്ന നിയമനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണം.

അതോടൊപ്പം പിരിച്ചുവിട്ട താത്കാലികവും കരാറടിസ്ഥാനത്തിലുള്ളതുമായ ജീവനക്കാരെ തിരിച്ചെടുക്കുകയും തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണം. കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായി പോരാടുന്നതിനൊപ്പം, സർക്കാരിന്റെ സ്വന്തം സമിതി നിയോഗിച്ച ലേബർ കോഡ് റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കി അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം നിൽക്കുകയാണ് സംസ്ഥാന ഭരണാധികാരികൾ ചെയ്യേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V SHIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION