
മലയാള പത്രപ്രവർത്തന രംഗത്തെ കുലപതികളിൽ പ്രമുഖനായ, കേരളകൗമുദിയുടെ എഡിറ്റോറിയൽ ഉപദേഷ്ടാവായിരുന്ന എൻ. രാമചന്ദ്രന്റെ 12-ാം ചരമ വാർഷിക ദിനമാണ് ഇന്ന്
പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച എൻ.രാമചന്ദ്രൻ മാദ്ധ്യമ രംഗത്തെ അതികായനായിരുന്നു. ഭരണഘടനാധികാര സ്ഥാപനമായ പബ്ലിക് സർവീസ് കമ്മീഷൻ അംഗമെന്ന നിലയിലെ പ്രവർത്തനത്തിലും മികവ് തെളിയിച്ചു. ആർ.എസ്.പി രാഷ്ട്രീയത്തിലൂടെയാണ് മലയാളത്തിനും മാദ്ധ്യമ ലോകത്തിനും മറക്കാനാവാത്ത സംഭാവന നൽകിയ മികച്ച പത്രപ്രവർത്തകന്റെ പൊതുരംഗത്തെ പ്രവേശനം.
1952 മുതൽ ആറ് പതിറ്റാണ്ട് കാലം കേരളകൗമുദിയുടെ നെടുംതൂണയായി എഡിറ്റോറിയൽ വിഭാഗത്തിൽ സേവനം നൽകി. തുടർന്ന് എഡിറ്റോറിയൽ ഉപദേഷ്ടാവുമായി. കേരളത്തിന്റെ ഭരണരംഗത്തെയും നയരൂപീകരണത്തെയും ദീർഘദർശനത്തോടുകൂടി വിമർശനാത്മകമായി എഴുതിയിരുന്ന എഡിറ്റോറിയലുകൾ ഭരണാധികാരികളെ നേർവഴിക്ക് നയിക്കുന്നവയായിരുന്നു.
അക്കാലത്ത് കേരളകൗമുദിയിൽ അച്ചടിച്ചു വരുന്ന വാർത്തകൾ, വാർത്തകൾക്കപ്പുറം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളായി മാറ്റിയിരുന്ന രാഷ്ട്രീയ വിശകലനം അദ്ദേഹത്തിന്റെ എഡിറ്റോറിയലുകളിൽ പ്രതിഫലിച്ചിരുന്നു.
പത്രവാർത്തകൾക്ക് ജനങ്ങളിൽ വിവരങ്ങൾ എത്തിക്കുന്നതിനുമപ്പുറം വിശാലമായ ലക്ഷ്യങ്ങളുണ്ടെന്ന് വായനക്കാരിൽ അവബോധം വളർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ എഡിറ്റോറിയലുകളിലെ സന്ദേശം. നിക്ഷിപ്ത താത്പര്യങ്ങൾ അല്ല പത്രധർമ്മമെന്നും വിശാലമായ പൊതുതാത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നുമുള്ള നിലപാട് സ്വീകരിക്കുകയും അധികാരി വർഗത്തിനോട് സന്ധിയില്ലാത്ത സമീപനം സ്വീകരിക്കുവാനും നിശിതമായ വിമർശനത്തിന് വിധേയമാക്കുവാനും എഡിറ്റോറിയലുകളിൽ യാതൊരുവിധ മടിയും കാണിക്കാത്ത വിശാലമായ പത്രധർമ്മം സംരക്ഷിച്ച വ്യക്തിത്വമാണ് അദ്ദേഹം.
തൊഴിലാളിവർഗ പാർട്ടിയായ ആർ.എസ്.പിയുടെ അടിസ്ഥാന തത്വങ്ങൾ പത്രപ്രവർത്തന രംഗത്തും കൈമോശം വരാതെ സൂക്ഷിച്ചു. കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും രാഷ്ട്രീയ ചേരിതിരിവുകളെയും ഭരണപരമായ പരിഷ്‌കാരങ്ങളെയും ആഴത്തിൽ പഠിക്കുവാനും ഗുണദോഷങ്ങൾ വിലയിരുത്തുവാനും നല്ലവ തുടരാനും മോശപ്പെട്ടവ ഒഴിവാക്കാനും രാഷ്ട്രീയ ഭരണ നേതൃത്വത്തിൽ ശക്തമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിരുന്ന എഡിറ്റോറിയലുകൾ കാലത്തെ അതിജീവിക്കുന്നതാണ്.
മാദ്ധ്യമ പ്രവർത്തന രംഗത്ത് സത്യത്തിനും വസ്തുതയ്ക്കും പ്രഥമ പരിഗണന നൽകി പ്രതിബദ്ധതയോടെ പ്രവർത്തിച്ചു. രാഷ്ട്രീയമായ വിശ്വാസങ്ങളും ആശയങ്ങളും വച്ചു പുലർത്തിയപ്പോഴും രാഷ്ട്രീയത്തിന്റെ സ്വാധീനത്തിൽ നിന്നും അകലം പാലിച്ചു. സ്വതന്ത്രവും നീതിപൂർവവുമായ പത്രപ്രവർത്തനത്തിന്റെ ഉദാത്തമായ ഉദാഹരണമായിരുന്നു ആ ജീവിതം. മാദ്ധ്യമ നൈതികത, ഫാക്ട് ചെക്കിംഗ്, ഉത്തരവാദിത്വമുളള റിപ്പോർട്ടിംഗ് എന്നിവ സംബന്ധിച്ച ചർച്ച സജീവമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഉത്തമമായ മാദ്ധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന ഘടകങ്ങൾ എന്താണെന്ന് ഗവേഷണ ബുദ്ധിയോടെ പഠന വിധേയമാക്കേണ്ട എഡിറ്റോറിയലുകളായിരുന്നു അദ്ദേഹത്തിന്റേത്.
തൊഴിലാളികളോടുളള സ്‌നേഹവും ബഹുമാനവും കരുതലായി കണ്ട് തൂലിക ചലിപ്പിക്കുമ്പോഴും തൊഴിലാളി സംഘടനകളുടെ അതിക്രമങ്ങളെയും തെറ്റായ നിലപാടുകളെയും രൂക്ഷമായ വിമർശനത്തിന് വിധേയമാക്കിയ കേരളത്തിലെ തൊഴിലാളി ചരിത്രത്തിലെ കരുത്തുറ്റ വിമർശകന്റെ സ്ഥാനത്തും നിലകൊണ്ടിരുന്നു.
റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ ദാർശനികമായ നയരൂപീകരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയ പ്രതിഭാധനനായ പത്രപ്രവർത്തകൻ. പ്രത്യക്ഷമായി രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി സജീവ മാദ്ധ്യമ പ്രവർത്തനത്തിൽ മുഴുകിയപ്പോഴും തൊഴിലാളികൾക്ക് അനുകൂലമായ നിലയിൽ ഭരണപരമായ നടപടികൾ സ്വീകരിക്കുവാൻ അധികാരികളെ നിർബന്ധിക്കുന്ന തരത്തിൽ പൊതുജനാഭിപ്രായവും തൊഴിലാളികളുടെ പ്രതിഷേധവും സമരവും രൂപപ്പെടുത്തുവാൻ പത്രമാദ്ധ്യമത്തെ കാര്യക്ഷമമായി വിനിയോഗിച്ചു.
പത്രപ്രവർത്തന രംഗത്ത് പൂർണമായും സജീവമായതോടെ ആർ.എസ്.പിയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിൽ നിന്നും ഒഴിഞ്ഞുവെങ്കിലും പാർട്ടിയുടെ നിലപാടുകളിലും പരിപാടികളിലും കടുത്ത സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിരുന്നു. ആർ.എസ്.പിയുടെ നേതൃനിരയുമായി എൻ.രാമചന്ദ്രൻ എന്ന പത്രപ്രവർത്തകന് ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധവും സൗഹൃദവും സ്‌നേഹവും ഇതിന് കാരണമായി.
തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളും തൊഴിലാളി സംഘടനകളുടെയും തൊഴിലാളികളുടെയും പൊതുപ്രശ്നങ്ങളും ആർ.എസ്.പി നേതൃത്വം നിരന്തരമായി ചർച്ച ചെയ്യുന്ന തരത്തിൽ ആഴത്തിലുളള ബന്ധം മരണം വരെയും സൂക്ഷിച്ചിരുന്നു. ആർ.എസ്.പിയിലും പാർട്ടിയുടെ ബഹുജന സംഘടനകളിലും പുതിയതായി നേതൃത്വത്തിലെത്തുന്ന എല്ലാവർക്കും ഗുരുനാഥനെപോലെ നിർദ്ദേശങ്ങൾക്കും ഉപദേശങ്ങൾക്കും സമീപിക്കുവാൻ കഴിയുന്ന സ്‌നേഹനിധിയായ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം.
തലമുറകൾക്ക് മാതൃക
പുതുതലമുറയിൽ നിന്നും രാഷ്ട്രീയ നേതൃനിരയിലേക്ക് ഉയർന്നുവന്ന ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശ നിർദ്ദേശങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. മൂല്യാധിഷ്ഠിതമായ പൊതുപ്രവർത്തനമാണ് ഇടതുപക്ഷ രാഷ്ട്രീയം എന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു. ഇടതുപാർട്ടികൾക്ക് ഉണ്ടാകുന്ന നയവ്യതിയാനവും മൂല്യതകർച്ചയും ഗുരുതരമായ പ്രതിസന്ധികൾ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ ഉണ്ടാകുമെന്ന് ശക്തമായ മുന്നറിയിപ്പുകൾ അദ്ദേഹത്തിന്റെ എഴുത്തുകളിൽ കൃത്യമായി പ്രതിഫലിച്ചിരുന്നു.
ആ കാലയളവിൽ അദ്ദേഹം മുഖപ്രസംഗങ്ങളിലൂടെയും അല്ലാതെയും പങ്കുവച്ച ആശങ്കകൾ ഇന്ന് പ്രസക്തമായിരിക്കുന്നു. ദീർഘവീക്ഷത്തോടെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കൃത്യമായി വിശകലനം ചെയ്ത് അവതരിപ്പിക്കാനുള്ള അനിതരസാധാരണ ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ആർ.എസ്.പിയുടെ നോമിനിയായി പി.എസ്.സി അംഗമായി നിയമിതനായ അദ്ദേഹം ശ്രദ്ധേയമായ സേവനമാണ് കാഴ്ചവച്ചത്. പബ്ലിക് സർവീസ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരുത്തുന്ന തീരുമാനങ്ങൾ കൈക്കൊണ്ടത് ഈ കാലയളവിലാണ്. പ്രവർത്തിച്ച മേഖലകളിലെല്ലാം തന്റേതായ കൈയൊപ്പ് ചാർത്തിയ എൻ. രാമചന്ദ്രൻ നൽകിയ സംഭാവനകൾ തലമുറകൾക്ക് മാതൃകയാക്കാവുന്നതാണ്. മാദ്ധ്യമരംഗത്തും പൊതുരംഗത്തും രാഷ്ട്രീയരംഗത്തും ഭരണരംഗത്തും നൽകിയ സേവനം കാലത്തെ അതിജീവിക്കുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |