SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.21 AM IST

ദേവസ്വം വകുപ്പിന്റെ നല്ല തീരുമാനം

READ ENGLISH VERSION
aa

ജനങ്ങൾ ആരാധനാലയങ്ങളിൽ പോകുന്നത് പ്രധാനമായും മനസിനെ അലട്ടുന്ന പലതരം വിഷമതകൾക്കും പരിഹാരം തേടിയാണ്. അകമഴിഞ്ഞ് പ്രാർത്ഥിച്ച് കഴിയുമ്പോൾ പ്രശ്നങ്ങൾക്ക് ശുഭകരമായ പര്യവസാനം ഉണ്ടാകുമെന്ന് യഥാർത്ഥ ഭക്തർ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ അത് മനസിന് പ്രദാനം ചെയ്യുന്ന പ്രശാന്തത വളരെ വലുതാണ്. എന്നാൽ, ചില ക്ഷേത്രങ്ങളിലെങ്കിലും ഭക്തന്മാരോടുള്ള ജീവനക്കാരുടെ പെരുമാറ്റം വളരെ മോശവും മനസിനെ കൂടുതൽ പ്രക്ഷുബ്ദ്ധമാക്കാൻ ഇടയാക്കുന്നതുമാണെന്ന പരാതി വളരെക്കാലമായി ഉയരുന്നതാണ്. തിരക്കുള്ള ചില ക്ഷേത്രങ്ങളിൽ നിന്നാണ് പതിവായി ഇത്തരം ആക്ഷേപങ്ങൾ ഉയരാറുള്ളത്. ബലം പ്രയോഗിച്ച് ഭക്തരെ തള്ളിമാറ്റുക, പരുഷമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുക തുടങ്ങിയ ക്ഷേത്രാന്തരീക്ഷത്തിന് ഒട്ടും ചേരാത്ത നടപടികൾ വളരെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ വരെ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന ഭക്തരോട് കൂടുതൽ മോശമായ രീതിയിൽ പെരുമാറുന്ന പ്രവണതകളും നിലനിൽക്കുന്നു. നിയമം ലംഘിച്ച് പ്രകടനം നടത്തുന്നവർക്കെതിരെ പൊലീസുകാർ പെരുമാറുന്നതു പോലെയല്ല ക്ഷേത്രജീവനക്കാർ ഭക്തന്മാരോട് പെരുമാറേണ്ടത്. എല്ലാ ക്ഷേത്രജീവനക്കാരും അങ്ങനെ പെരുമാറുന്നവരാണ് എന്നല്ല പറയുന്നത്. എന്നാൽ, ഒറ്റപ്പെട്ടവരായാലും ചിലരുടെ പെരുമാറ്റം അസഹ്യമാണെന്നത് പറയാതിരിക്കാനാവില്ല. ഈ സാഹചര്യത്തിലാവണം ക്ഷേത്രങ്ങളിലെത്തുന്ന ഭക്തന്മാരോടു മോശമായി പെരുമാറുന്ന ജീവനക്കാരെ 'നല്ല പെരുമാറ്റം' പഠിപ്പിച്ച് പ്രൊഫഷണൽ രീതി കൊണ്ടുവരാനുള്ള തീരുമാനം ദേവസ്വം വകുപ്പ് എടുത്തിരിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളുടെയും യോഗം ഉടനെ വിളിച്ചുചേർക്കും. ക്ഷേത്രത്തിന്റെ വിശുദ്ധിയും വിശ്വാസ്യതയും നിലനിറുത്തുന്നതിന് ഇത് അനിവാര്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം വകുപ്പിന്റെ ഈ നീക്കം. പുതിയ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് വകുപ്പ് ഈ നടപടിക്ക് മുതിരുന്നത്.

നിലവിൽ ക്ഷേത്രങ്ങളിൽ സെക്യൂരിറ്റി തലത്തിലും മറ്റും നിയമിക്കപ്പെടുന്നവർക്ക് പ്രത്യേകിച്ച് യാതൊരു പരിശീലനവും ലഭിക്കാറില്ല. ഭക്തരോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അവർക്ക് ആരും പഠിപ്പിച്ചുകൊടുത്തിട്ടുമില്ല. ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട സ്ഥാനം നൽകുന്നത് യഥാർത്ഥ ഭക്തനാണെന്നാണ് സമസ്ത പുരാണങ്ങളും പറയുന്നത്. ഭഗവത്‌ഗീതയുടെ സന്ദേശവും വ്യത്യസ്തമല്ല. യഥാർത്ഥ ഭക്തന്റെ വീട്ടുകാര്യം വരെ നോക്കേണ്ടത് ഭഗവാന്റെ ചുമതലയാണെന്ന് ഭഗവത്‌ഗീതയിൽ എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും ആരും ക്ഷേത്രജീവനക്കാർക്ക് പ്രത്യേക ക്ളാസുകൾ നടത്തി പറഞ്ഞുകൊടുത്തിട്ടുമില്ല. പ്രാർത്ഥിക്കാനെത്തുന്ന ഭക്തന്മാർ നൽകുന്ന സംഭാവനകളിലൂടെയാണ് ഓരോ ക്ഷേത്രവും മുന്നോട്ട് പോകുന്നതെന്ന വിചാരം ക്ഷേത്രഭരണം നിർവഹിക്കുന്നവർപോലും വേണ്ടത്ര പ്രാധാന്യത്തോടെ ഉൾക്കൊണ്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

അതിനാൽ ജീവനക്കാരുടെ പെരുമാറ്റം പ്രൊഫഷണലാക്കി മാറ്റുന്നതിന് ക്ഷേത്രാചാരത്തിലും അനുഷ്ഠാനങ്ങളിലും പാണ്ഡിത്യമുള്ളവരുടെ സമിതിയെ നിയോഗിച്ച് ജീവനക്കാരെ പഠിപ്പിക്കാനാണ് ദേവസ്വം വകുപ്പ് ഒരുങ്ങുന്നത്. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ മാത്രമല്ല, വർഷത്തിൽ എല്ലാ ദിവസവും ഒരേപോലെ തിരക്കുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്കും ഇത്തരം പരിശീലനം ആവശ്യമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹമണ്ഡപത്തിനടുത്തുവച്ച് ഭക്തരെ സുരക്ഷാജീവനക്കാർ തടയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ജീവനക്കാർക്കെതിരെ ഭക്തന്മാർ പരാതി നൽകിയാൽ നടപടി ഉണ്ടാകും എന്നുകൂടി അവർക്ക് ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഇത്തരം പെരുമാറ്റങ്ങൾ കുറഞ്ഞുവരൂ. ക്ഷേത്രത്തിലെത്തുന്നവർക്ക് പൂജകളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചും വിശദമായി പറഞ്ഞു മനസിലാക്കി കൊടുക്കാനും ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതും നല്ല കാര്യം തന്നെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY