SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.10 AM IST

നികുതി കുറച്ചത് നല്ല തീരുമാനം

s

വീര്യം കുറഞ്ഞ മദ്യത്തിന്റെ പേരിൽ വീര്യം കൂടിയ വിവാദമാണ് ഇപ്പോൾ സംസ്ഥാനത്ത് നുരയുന്നത്. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കാനായി തീരുമാനമെടുത്തത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരായിരുന്നു. ഇതിന്റെ വിപണനം സംസ്ഥാനത്ത് അനുവദിക്കുന്നതിന്റെ ഭാഗമായി 2022- 23ലെ അബ്‌കാരി നയത്തിന്റെ വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കഴിഞ്ഞ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ‌ഈ ഭേദഗതി പ്രകാരം 0.5 ശതമാനം മുതൽ 20 ശതമാനംവരെ ആൽക്കഹോൾ വീര്യമുള്ള ബിയറും വൈനും ഒഴികെയുള്ള ഉത്‌പന്നങ്ങളെ 'ലോ ആൽക്കഹോളിക് ബിവറേജസ്' എന്ന ഒരു പ്രത്യേക വിഭാഗമായി പരിഗണിച്ചു. അന്ന് ഇതിന്റെ ഉത്‌പാദനം നടന്നില്ല. അതിനാൽ ഇതിന് ചുമത്തേണ്ട നികുതി ഘടനയും നിശ്ചയിച്ചിരുന്നില്ല. വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കപ്പെട്ടാൽ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനാവുമെന്ന വാദങ്ങളും അന്ന് ഉയർന്നിരുന്നു. പറയത്തക്ക എതിർപ്പുകൾപോലും അന്ന് ഈ തീരുമാനത്തിനെതിരെ ഉയർന്നിരുന്നില്ല. ‌

എന്നാൽ ഇന്ന് അതല്ല സ്ഥിതി. വീര്യം കുറഞ്ഞ മദ്യവും അതിന് നികുതി കുറച്ച നടപടിയും സംസ്ഥാനത്തെ ഒട്ടാകെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന മട്ടിലാണ് എതിർപ്പുകൾ ഉയരുന്നത്. കോൺഗ്രസിനുള്ളിൽനിന്നുപോലും എതിർപ്പുകൾ നുരഞ്ഞുപൊങ്ങുന്നുണ്ട്. മദ്യ‌നയത്തിന്റെ പേരിൽ കോൺഗ്രസിലെ ഒരു മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മിൽ നടന്ന ഈഗോ ക്ളാഷും തുടർന്ന് മദ്യശാലകളെല്ലാം അടച്ചിട്ട തലതിരിഞ്ഞ നടപടിയുമാണ് കോൺഗ്രസ് സർക്കാരിന്റെ തിരിച്ചുവരവ് തടഞ്ഞ പ്രധാന ഘടകങ്ങളിലൊന്ന്. പത്തുവർഷത്തോളം പുറത്തുനിൽക്കേണ്ടിവന്നു. ഇതിനിടയിൽ കേരളത്തിലെ ബാറുകളുടെ എണ്ണം അന്നത്തെ 645ൽ നിന്ന് തൊള്ളായിരത്തോളമായി മാറി. അബ്‌കാരി ചട്ടപ്രകാരം മദ്യം വിൽക്കാൻ മാനദണ്ഡങ്ങൾ പാലിച്ച് ബാർ ഹോട്ടലുകൾ നിർമ്മിച്ച് അനുമതി വാങ്ങുന്ന ആർക്കും കഴിയും. അതിലൂടെ വൻ നികുതി വരുമാനവും സർക്കാരിന് ലഭിക്കുന്നുമുണ്ട്. ഇതിനുപുറമെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ സർക്കാർതന്നെ മദ്യക്കച്ചവടം നടത്തുകയും ചെയ്യുന്നു.

യാഥാർത്ഥ്യം ഇതായിരിക്കെ ഒരു ബാർ അധികം വരുന്നതും വീര്യം കുറഞ്ഞ മദ്യം വരുന്നതുമൊന്നും സംസ്ഥാനത്തെ മദ്യക്കയത്തിൽ മുക്കാനൊന്നും പോകുന്നില്ല. ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല രാഷ്ട്രീയക്കാരായ ഭരണാധികാരികൾ. മുൻപ് ബിവറേജസുകൾക്ക് മുന്നിൽ ഒരു കിലോമീറ്ററോളം നീളുന്ന ക്യൂവുകളും റോഡിൽ ഗതാഗത തടസങ്ങളും മറ്റും ഉണ്ടാകുമായിരുന്നു. ഇതൊഴിവാക്കാൻ ഒരു ഭരണാധികാരിക്കും തോന്നിയില്ല. ഒടുവിൽ ഹൈക്കോടതി ഇടപെടേണ്ടിവന്നു പ്രീമിയം കൗണ്ടറുകൾ തുറക്കാൻ. ഹൈക്കോടതി പറയാതെ തന്നെ ഇതൊക്കെ അറിയാവുന്നവരാണ് നമ്മുടെ ഭരണാധികാരികളെങ്കിലും മദ്യത്തിന്റെ കാര്യമായതിനാൽ എതിർപ്പുണ്ടാകുമോ എന്ന് ഭയന്ന് ഒന്നും ചെയ്യില്ല. അതിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനം ഇതാദ്യമായി വി.ഡി.സതീശൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനമാണത്. വീര്യം കൂടിയ മദ്യത്തിനും വീര്യം കുറഞ്ഞ മദ്യത്തിനും ഒരേ നികുതി വേണമെന്ന് വാദിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്. വീര്യം കൂടിയ മദ്യത്തിന് 251 ശതമാനമാണ് നികുതി. മദ്യത്തിന്റെ നികുതി ഇത്രയും കൂട്ടിവച്ചിരിക്കുന്നതാണ് മറ്റ് പല ലഹരി മരുന്നുകളും സംസ്ഥാനത്ത് ഇത്രയധികം വ്യാപിക്കാനിടയാക്കിയതെന്നും സംശയിക്കേണ്ടതാണ്. പ്രതിപക്ഷത്തിന്റെയും കോൺഗ്രസിലെ തന്നെ 'ആദർശ പുരുഷ'ന്മാരുടെയും വിമർശനത്തിന്റെപേരിൽ ‌ കുറഞ്ഞനികുതി പിൻവലിക്കുന്ന നടപടി സർക്കാർ എടുത്താൽ അത് യാഥാർത്ഥ്യബോധമില്ലാത്ത വെറും കാപട്യത്തിന്റെ പേരിലുള്ള നടപടിയായി മാറും. അത്തരം നടപടികൾ ഇന്നല്ലെങ്കിൽ നാളെ തിരിച്ചടിയാവുകയും ചെയ്യും. അതിനാൽ കപ്പലിന് ക്യാപ്ടൻ തന്നെ തുടക്കത്തിലേ തുള ഇടരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALCOHOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY