SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

കുട്ടിക്കളിയല്ല മൂല്യനിർണയം

READ ENGLISH VERSION
neet-exam

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും യു.ജി.സി നെറ്റ് പരീക്ഷാ നടത്തിപ്പിലെ പിഴവും രാജ്യത്തുണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങളും പ്രക്ഷോഭങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല. കേരളത്തിൽ പി.എസ്.സി പരീക്ഷയിലെ ക്രമക്കേടുകൾ വലിയ ഒച്ചപ്പാടുണ്ടാക്കി. അതേപ്പറ്റിയുള്ള അന്വേഷണം നടന്നുവരികയാണ്. പരീക്ഷാ നടത്തിപ്പുകാരുടെ കണ്ണുതുറപ്പിക്കാൻ ഇതൊക്കെ സഹായിക്കുമെന്നാണ് പൊതുജനം കരുതിയത്. എന്നാൽ അതുകൊണ്ടൊന്നും പഠിക്കില്ലെന്നും എത്ര തല്ലിയാലും നന്നാകാത്തവരാണെന്നും ചില ഉദ്യോഗസ്ഥർ വീണ്ടും തെളിയിച്ചിരിക്കുന്നു.

കേരള സർവകലാശാല ഈ വർഷം നടത്തിയ എൽഎൽ.ബി പരീക്ഷയുടെ വിവിധ സെമസ്റ്ററുകളിലെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച 292 വിദ്യാർത്ഥികളിൽ 231 പേർക്കും ലഭിച്ചത് ഉയർന്ന മാർക്ക്. ഇതോടെ ആദ്യ മൂല്യനിർണയത്തിലുണ്ടായത് ഗുരുതരമായ

വീഴ്ചയാണെന്ന് വ്യക്തമാകുന്നു.

ആദ്യ മൂല്യനിർണയത്തിൽ ഒന്നരപ്പേജിൽ കൃത്യമായി ഉത്തരമെഴുതിയ വിദ്യാർത്ഥിക്ക് പൂജ്യം മാർക്കാണ് ലഭിച്ചതെന്ന ആക്ഷേപം ഉയർന്നതോടെ ആദ്യ മൂല്യനിർണയം നടത്തിയ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ സമരം ആരംഭിച്ചിരുന്നു. തുടർന്നാണ് പുനർമൂല്യനിർണയത്തിൽ വിജയികളായ എല്ലാ വിദ്യാർത്ഥികളുടെയും മാർക്ക് വിവരങ്ങൾ ഹാജരാക്കാൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ആവശ്യപ്പെട്ടത്. അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ പുനർ മൂല്യനിർണയത്തിനായി അപേക്ഷിച്ച 44 വിദ്യാർത്ഥികളിൽ എല്ലാവരുടെയും മാർക്ക് മാറി. പരീക്ഷാ കൺട്രോളർ വൈസ് ചാൻസലർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം വിവിധ സെമസ്റ്ററുകളിലായി പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ച 292 വിദ്യാർത്ഥികളിൽ 231 പേർക്കും മാർക്ക് ഉയർന്നു. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച മിക്കവരുടേയും മാർക്ക് മാറിയെന്നത് നിസാരമല്ല. അതീവ ഗൗരവമായിട്ടാണ് സർവകലാശാലയും ഇതിനെ കാണുന്നത്. ചില ഉത്തരക്കടലാസുകളിൽ പത്തു ശതമാനം മുതൽ അമ്പതു ശതമാനംവരെ മാർക്ക് വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സർവകലാശാലാ ചട്ടപ്രകാരം ആദ്യ മൂല്യനിർണയവും പുനർ മൂല്യനിർണയവും തമ്മിൽ 20 ശതമാനത്തിലധികം മാർക്ക് വ്യത്യാസമുണ്ടായാൽ ആദ്യ മൂല്യനിർണയം നടത്തിയ അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ ഇതുസംബന്ധിച്ച് സിൻഡിക്കേറ്റിന് റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിവാദം ശക്തമായതോടെ പുനർ മൂല്യനിർണയം നടത്തിയ മുഴുവൻ ഉത്തരക്കടലാസുകളും അടിയന്തരമായി സീൽ ചെയ്ത് പരീക്ഷാ കൺട്രോളറുടെ കസ്റ്റഡിയിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വൈസ് ചാൻസലർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എൽഎൽ.ബി പരീക്ഷാ നടത്തിപ്പിൽ സമഗ്ര മാറ്റത്തിന് സർവകലാശാല ഒരുങ്ങുകയാണ്. ചോദ്യപേപ്പർ വിതരണം മുതൽ മൂല്യനിർണയം വരെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. പി.ജി, എം.ബി.ബി.എസ് പരീക്ഷകൾക്കു സമാനമായി എൽഎൽ.ബി പരീക്ഷയ്ക്കും ഇരട്ട മൂല്യനിർണയം നടപ്പാക്കും. ഇതിനു പുറമെ സ്വന്തം ഉത്തരക്കടലാസ് പരിശോധിച്ച് ഉറപ്പുവരുത്താനുള്ള അവസരം നൽകാനും സാദ്ധ്യതയുണ്ട്.

പരീക്ഷാമൂല്യനിർണയം കുറ്റമറ്റ രീതിയിൽ നടന്നിരുന്ന കാലം കേരള സർവകലാശാലയ്ക്ക് അഭിമാനമായിരുന്നു. പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും അത്ര ശുഷ്‌ക്കാന്തിയോടെയാണ് നടന്നിരുന്നത്. അന്നത്തെക്കാൾ സൗകര്യങ്ങളും കൂടുതൽ ശമ്പളവും അദ്ധ്യാപകർക്ക് ഇപ്പോൾ കിട്ടുന്നുണ്ട്. അർപ്പണബോധവും ഉത്തരവാദിത്വവും പലരിലും ചോർന്നുപോയി എന്നതാണ് ഈ വിവാദങ്ങൾക്കെല്ലാം കാരണം. വിദ്യാർത്ഥികളുടെ മനസിൽ അദ്ധ്യാപനത്തിലൂടെ സ്ഥാനം നേടണമെന്ന ചിന്ത പലർക്കും നഷ്ടമായിട്ട് കുറേക്കാലമായി. രാഷ്ട്രീയ പാർട്ടികളുടെയും അധികാര കേന്ദ്രങ്ങളുടെയും താളത്തിനൊത്തു തുള്ളാൻ വരെ അക്കൂട്ടർ കച്ചകെട്ടിയിറങ്ങുന്നു. രാഷ്ട്രീയ അതിപ്രസരം എല്ലാ രംഗത്തുമെന്നപോലെ പരീക്ഷാ നടത്തിപ്പിനെയും മൂല്യനിർണയത്തെയും ബാധിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താനും എങ്ങനെയും രക്ഷപ്പെടുത്താനും രാഷ്ട്രീയ താത്പര്യങ്ങൾ തടസമാകരുത്. ഇത് വിദ്യാർത്ഥികളുടെ ഭാവിയുടെ പ്രശ്നമാണെന്ന് എല്ലാവരും ചിന്തിക്കണം. മുഖം നോക്കാതെയുള്ള നടപടികളാണ് ഇക്കാര്യത്തിൽ വേണ്ടത്. വിദ്യാർത്ഥികളുടെ ഭാവിയെന്നത് രാഷ്ട്രത്തിന്റെയും ഭാവിയെ ബാധിക്കുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY