ന്യൂഡൽഹി: ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പരീക്ഷകൾ നടത്തുന്നത് കൂടുതൽ ശാസ്ത്രീയവും സുരക്ഷിതവുമായ സംവിധാനത്തിലൂടെയാകണമെന്ന നിർദേശവുമായി സുപ്രീംകോടതി. യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) മാതൃകയിൽ പരീക്ഷാ നടത്തിപ്പിനായി പ്രത്യേക വൈദഗ്ദ്ധ്യമുള്ളതും സാങ്കേതികമായി ശക്തവുമായ സംവിധാനമാണ് എൻടിഎയ്ക്ക് ആവശ്യമെന്ന് കോടതി നിരീക്ഷിച്ചു. എൻടിഎ സ്ഥാപനവത്ക്കരിക്കണം എന്ന നിർദേശമാണ് കോടതി മുന്നോട്ടുവച്ചത്.
ഈ വർഷത്തെ നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എൻടിഎയുടെ ഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാദെ എന്നിവരടങ്ങിയ ബെഞ്ച് നിർണായക പരാമർശങ്ങൾ നടത്തിയത്. മുൻ ഐസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി മുന്നോട്ടുവച്ച പരീക്ഷാ പരിഷ്കാര നിർദേശങ്ങൾ എത്രത്തോളം നടപ്പാക്കിയെന്ന് കേന്ദ്രത്തോട് കോടതി വിശദീകരണം തേടി. നന്ദൻ നിലേകനി അദ്ധ്യക്ഷനായ സമിതി നിർദേശിച്ച മാറ്റങ്ങളും പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. ശുപാർശകൾ നടപ്പാക്കിയതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും കേന്ദ്രത്തോട് കോടതി നിർദേശിച്ചു.
ഒരു പരീക്ഷയ്ക്ക് വേണ്ടി മാത്രം പുതിയ സുരക്ഷാ നടപടികൾ ഒരുക്കുന്നതല്ല ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്നും കോടതി വ്യക്തമാക്കി. പരിഷ്കാരങ്ങൾ സ്ഥിരമായി നടപ്പാക്കേണ്ടതാണെന്നും കോടതി നിർദേശിച്ചു. ചോദ്യപ്പേപ്പർ ചോർച്ച സംവിധാനത്തിലെ അടിസ്ഥാനപരമായ വീഴ്ചയാണെന്ന് രാധാകൃഷ്ണൻ സമിതി കണ്ടെത്തിയത് ശരിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ എൻടിഎ സ്വീകരിക്കുന്ന നടപടികൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വിശദീകരിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലവിലെ സംവിധാനം 'ഫുൾപ്രൂഫ്' ആണെന്ന് അവകാശപ്പെട്ടു. എന്നാൽ നിലവിലുള്ള സുരക്ഷാ നടപടികൾ മാത്രം മതിയാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. വ്യക്തികളെ ആശ്രയിക്കാതെ സ്ഥിര സംവിധാനം എൻടിഎയിൽ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. നീറ്റ് പോലുള്ള വലിയ ദേശീയതല പരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യം, വിദഗ്ദ്ധ ജീവനക്കാർ, സൈബർ സുരക്ഷാ സംവിധാനം, സാങ്കേതികവിദ്യ എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.
The Supreme Court directed the National Testing Agency (NTA) to adopt more scientific and secure exam systems, advocating institutionalization similar to UPSC. Amidst NEET-UG paper leak concerns, the court emphasized permanent structural reforms. It sought the Centre's report on implementing expert committee recommendations, stressing the need for robust infrastructure, expert staff, and cybersecurity for flawless national examinations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |