കേരള രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വക്കത്തിന്റെ പ്രിയ പുത്രൻ വക്കം പുരുഷോത്തമൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് മൂന്നു കൊല്ലം തികയുന്നു. നല്ലൊരു ജനസേവകൻ എന്ന നിലയിലും രാഷ്ട്രീയ പോരാളി എന്ന നിലയിലും വക്കം പുരുഷോത്തമന്റെ പേര് എന്നും കേരള രാഷ്ട്രീയ ചരിത്രത്തിൽ തിളങ്ങി നിൽക്കും. ആൻഡമാന്റെ ഉന്നമനത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണ്.
സി. അച്യുതമേനോൻ മന്ത്രിസഭയിലെ കൃഷി, തൊഴിൽ വകുപ്പുകളുടെ മന്ത്രിയായ വക്കം 1980ലെ നായനാർ സർക്കാരിൽ ആരോഗ്യ, ടൂറിസം വകുപ്പ് മന്ത്രിയായി. ആരോഗ്യത്തിന്റെ വെളിച്ചവും ടൂറിസത്തിന്റെ സൗന്ദര്യവും അദ്ദേഹം കേരളത്തിനു സമ്മാനിച്ചു. സ്പീക്കർ എന്ന നിലയ്ക്കു വക്കം പുരുഷോത്തമൻ നടത്തിയ ഇടപെടലുകൾ നിയമസഭ ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടുന്ന അദ്ധ്യായമാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായ അദ്ദേഹം തന്റെ കർമ്മ കുശലതകൊണ്ട് കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വളരെയേറെ ശ്രമിച്ചിട്ടുണ്ട്. മിസോറാമിന്റെ മലയിടുക്കുകളിലും നാഗാലാൻഡിന്റെ നാട്ടുവഴികളിലും ലെഫ്റ്റനന്റ് ഗവർണർ ആയും, ഗവർണറായും അദ്ദേഹം സ്നേഹത്തിന്റെ പരിമളം വിതറി.
ക്യാൻസർ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും സഹായ ഹസ്തങ്ങൾ നൽകാനായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ക്യാൻസർ കെയർ അസിസ്റ്റൻസ് ബ്യൂറോയുടെ (ക്രാബ്) പരമ രക്ഷാധികാരിയായിരുന്ന അദ്ദേഹം അക്കാലത്ത് ക്രാബിന്റെ നെടുംതൂണും ജീവനാഡിയുമായിരുന്നു. അദ്ദേഹം ക്രാബിന്റെ വളർച്ചയിൽ സ്തുത്യർഹ സേവനമാണ് നൽകിയിട്ടുള്ളത്.
സമയോചിതമായ ഇടപെടലുകളിലൂടെ വളർച്ചയുടെ പടവുകൾ കയറാൻ ക്രാബിനെ സഹായിച്ചിട്ടുണ്ട്. ക്രാബിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം പലപ്പോഴും ഒരു വേദനയായി നിലകൊള്ളുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |