
'ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം.' കേരള പബ്ലിക് സർവീസ് കമ്മിഷനിലെ നിയമനങ്ങളിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഏതാണ്ട് പി.എസ്.സിയോളം പഴക്കമുണ്ടെന്നാണ് കേൾവി. രാമനാണ്ടാലും രാവണനാണ്ടാലും പതിവിന് മാറ്റമില്ല.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന വീതംവയ്പിൽ ഒരു ഘടകകക്ഷിക്ക് ലഭിച്ച അംഗത്വം 50
ലക്ഷത്തിന് മറിച്ചു വിറ്റത് വാർത്തയായി. തന്റെ ഭാര്യയ്ക്ക് പി.എസ്.സി അംഗത്വം തരപ്പെടുത്താൻ ഇടതുനേതാവിന് 60 ലക്ഷം രൂപ കോഴ നൽകിയെന്നാണ് ഒരു ബിസിനസുകാരൻ പറഞ്ഞത്.
ഉദ്യോഗാർത്ഥികളുടെ യോഗ്യത നിശ്ചയിക്കുന്ന പി.എസ്.സിയിലെ അംഗമാകാൻ പ്രത്യേകിച്ച് യോഗ്യത വേണ്ടെന്നതാണ് കൗതുകകരം. യു.പി.എസ്.സിയിലെ അംഗസംഖ്യ ഒമ്പത്.മറ്റ് സംസ്ഥാനങ്ങളിൽ പരമാവധി 14. കേരളത്തിൽ മാതം 21പേർ. കേരളത്തിൽ അംഗങ്ങളുടെ പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും നാല് ലക്ഷമായും,പെൻഷൻ രണ്ടരലക്ഷമായും ഉയർത്തിയത് കഴിഞ്ഞ പിണറായി സർക്കാർ. ചെയർമാന് ശമ്പളം 4.10 ലക്ഷം. മറ്റ് സംസ്ഥാനങ്ങളിൽ ശമ്പളം പരമാവധി 2.5 ലക്ഷം.
ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്നവർക്ക് അവരെ നിയമിച്ച ഭരണക്കാരോട് ഉപകാര സ്മരണ!
എഴുത്തു പരീക്ഷയിൽ പിന്നിലായാലും ഭരണക്കാരെ സ്വാധീനിച്ചാൽ ഇന്റർവ്യൂവിൽ മാർക്ക് ഒഴുകിയെത്തും.റാങ്ക് ലിസ്റ്റിൽ മുന്നിലെത്തും.നിയമനം ഉറപ്പ്. ഒന്നാം റാങ്കുകാരൻ പിന്നിലാവും. ചോദ്യകർത്താക്കളെ നിശ്ചയിക്കുന്നത് ചെയർമാൻ. എഴുത്തു പരീക്ഷയിലെ മാർക്ക് ഇന്റർവ്യൂ ബോർഡിലുള്ളവർ അറിയരുതെന്നതൊക്കെ പഴങ്കഥ.
നിലവിൽ പി.എസ്.സിയിൽ ചെയർമാൻ ഉൾപ്പെടെ 15 ഇടത് അംഗങ്ങൾ. ആറ് സീറ്റ് ഒഴിവ്. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രഖ്യാപനം.ഇതിനകം പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തണം. ഒപ്പം മാറാലകൾ അടിച്ചുവാരി കമ്മിഷനെ ശുദ്ധീകരിക്കാനും അംഗസംഖ്യ മുമ്പത്തേതുപോലെ 14 ആയും,ശമ്പളം നിലവിലുള്ളതിന്റെ പകുതിയായി കുറയ്ക്കാനും സർക്കാർ ആർജ്ജവം കാട്ടുമോ? അതോ, നിലവിലെ ആറ് ഒഴിവുകൾ കൂടി വീതംവച്ച്
നികത്തി കമ്മിഷനിൽ തനിയാവർത്തനമാകുമോ?
'ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായൊരിണ്ടൽ ബദ മിണ്ടാവതല്ല മമ.' 1979ൽ കോൺഗ്രസ് പിളരുകയും, പിന്നീട് കേരളത്തിൽ ആന്റണി ഗ്രൂപ്പ് ഇടതുമുന്നണിയിൽ ചേക്കേറുകയും ചെയ്തപ്പോൾ ലീഡർ കെ.കരുണാകരന്റെ പ്രതികരണം ഇതായിരുന്നു. രണ്ട് ഗ്രൂപ്പുകളും വീണ്ടും ഒന്നായെങ്കിലും എ,ഐ ഗ്രൂപ്പു പോര് പിന്നെയും വർഷങ്ങളോളം തുടർന്നു.സി.പി.എമ്മിൽ ദശകങ്ങളോളം തുടർന്ന വി.എസ്-പിണറായി ഗ്രൂപ്പ് പോരിന്റെ ഭാഗമായി നടന്ന വെട്ടിനിരത്തലുകൾക്ക് പല നേതാക്കളും ബലിയാടുകളായി.
വി.എസ്.അച്യുതാനന്ദനെ അനാരോഗ്യം ബാധിക്കുകയും, പിണറായി വിജയൻ അപ്രമാദിത്വം നേടുകയും ചെയ്തശേഷം പാർട്ടിയിൽ വിഭാഗീയത ഇല്ലാതായെന്നാണ് നേതൃത്വം അവകാശപ്പെട്ടത്. കേഡർ പാർട്ടിയായ സി.പി.എമ്മിൽ വീണ്ടും ഉന്നത നേതാക്കൾക്കിടയിൽ വിഭാഗീയതയും അഭിപ്രായ ഭിന്നതയും ഇരുമ്പുമറ നീക്കി പുറത്ത് വരുന്നു. വിശേഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം. പാർട്ടിയിലെ 'തെറ്റുതിരുത്തൽ' ഇപ്പോൾ നേതാക്കൾ തമ്മിലാണ്.
പാർട്ടിയുമായി പിണങ്ങി യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ടി.കെ.ഗോവിന്ദൻ തളിപ്പറമ്പിലും,വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും ജയിച്ചത് സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് സംഭവിച്ച വീഴ്ചയാണെന്നായിരുന്നു ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പ്രതികരണം. ഒപ്പം, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ശ്രമിച്ചിരുന്നെങ്കിൽ പയ്യന്നൂരിൽ ഭാര്യ പി.കെ.ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാമായിരുന്നുവെന്ന ഒളിയമ്പും. പിന്നാലെ,ബേബിയെ തള്ളിപ്പറഞ്ഞ് പിണറായി വിജയനും എം.വി.ഗോവിന്ദനും. തോൽവിയുടെ ഉത്തരവാദിത്വം വ്യക്തികൾക്കല്ല, പാർട്ടിക്കാണെന്ന് ഇരുവരും.
എം.എൽ.എമാരായ ടി.കെ.ഗോവിന്ദനും,കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തി തിരിച്ചു വന്നാൽ പാർട്ടിയിൽ തിരിച്ചെടുക്കാമെന്ന അടുത്ത അമിട്ട് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജന്റെ വക. കൈയോടെ വന്നു, എം.വി.ഗോവിന്ദന്റെ എതിർപ്പ്.പാർട്ടിയെ വഞ്ചിച്ച ഇരുവരെയും തിരിച്ചെടുക്കാനാവില്ലെന്ന്. അത് ഭാര്യയെ തോൽപ്പിച്ചത്
കൊണ്ടാണെന്ന് പരിഹാസം. വീഴ്ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജന്റെ കുറ്റസമ്മതം. ജയരാജന്റെ പ്രതികരണം യാദൃച്ഛികമല്ലെന്നും, കണ്ണൂരിലെ പാർട്ടിയിൽ രൂപംകൊണ്ട ചേരിതിരിവിന്റെ ഭാഗമെന്നും വ്യാഖ്യാനം. കൂട്ടത്തിൽ, പാവം ജി.സുധാകരനെയും ഒന്ന് തോണ്ടിയ എം.വി.ഗോവിന്ദന് കണക്കിന് തിരിച്ചു കിട്ടി.
കമ്മ്യൂണിസം എന്താണെന്ന് അറിയാത്ത ഗോവിന്ദനാണ് വർഗ വഞ്ചകനെന്നും, മനുഷ്യന് മനസിലാകാത്ത ഭാഷയിൽ സംസാരിക്കുന്ന ഗോവിന്ദന് സൈദ്ധാന്തിക പട്ടം ചാർത്തിക്കൊടുത്തത് മാദ്ധ്യമങ്ങളാണെന്നും സുധാകരൻ. വിഴിഞ്ഞം പോർട്ടിൽ അദാനി കമ്പനിയുടെ 49% ഓഹരി സ്വിറ്റ്സർലാൻഡിലെ കമ്പനി 13000 കോടിക്ക് വാങ്ങുന്നത് പിണറായി സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമെന്ന് പ്രശംസിച്ച് പാർട്ടി മുഖപത്രം. അത് സതീശൻ- അദാനി ഡീലിന്റെ ഭാഗമായ കടൽക്കൊള്ളയെന്ന് നിയമസഭയിൽ പിണറായി വിജയൻ.
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തെ എതിർത്താൽ യു.ഡി.എഫ് മുതലെടുക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ.വിഴിഞ്ഞം പോർട്ട് സി.എം.ഡി സ്ഥാനത്തുനിന്ന്
ദിവ്യ എസ്.അയ്യരെ അദാനിയുടെ ആവശ്യപ്രകാരം സതീശൻ സർക്കാർ മാറ്റിയത് അഴിമതിക്കാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്.അത് സർക്കാർ മാറുമ്പോഴുള്ള നടപടിയാണെന്ന് വാദിച്ചും രാഗേഷിനെ തള്ളിപ്പറഞ്ഞും കേന്ദ്ര കമ്മിറ്റി അംഗങ്ങളും കണ്ണൂരുകാരുമായ കെ.കെ.ശൈലജയും പി.കെ.ശ്രീമതിയും. ആകെ കശപിശ. തെറ്റുതിരുത്തലിന് മുന്നോടിയായി ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി.ജയരാജൻ. സി.പി.എമ്മിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്?
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തയും ദിവ്യ എസ്.അയ്യരെ മാറ്റിയതിനെയും സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൾതന്നെ ന്യായീകരിച്ചപ്പോൾ, രക്ഷപ്പെട്ടത് മുഖ്യമന്ത്രി വി.ഡി.സതീശൻ.പക്ഷേ, സർക്കാരിന്റെ മെല്ലെപ്പോക്കും ചില കാര്യങ്ങളിലെ 'യു ടേണും' പാർട്ടി അണികൾക്ക് ദഹിക്കുന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തൃശൂർ പൂരം കലക്കി ബി.ജെ.പിയെ സഹായിച്ചെന്നും,ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ നടന്ന 'രക്ഷാപ്രവർത്തന'ത്തിന്റെ കേസ് ഡയറി തിരുത്തിയെന്നും ആരോപിക്കപ്പെട്ട എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയിട്ടും രണ്ടാഴ്ചയിലേറെ വെളിച്ചം കാണാതിരുന്നത് അജിത് കുമാറിനെ ഡി.ജി.പി റാങ്കിലെത്തിക്കാനുള്ള 'രക്ഷാപ്രവർത്തന'മാണോയെന്ന് യൂത്ത് കോൺഗ്രസുകാർ.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്, കോടതികളിലെ ഗവ.പ്ലീഡർ
നിയമനങ്ങളിലും അമാന്തം,കല്ലുകടി. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞത് പലതും സർക്കാർ വിഴുങ്ങുന്നുവെന്ന ആക്ഷേപം കോൺഗ്രസുകാർക്കും!
നുറുങ്ങ്
ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് വെട്ടാൻ ഇടപെട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്പോർട്സ്മാൻ സ്പിരിറ്റില്ലെന്ന് സി.പി.എം നേതാവ് ഇ.പി.ജയരാജൻ.
►ട്രംപ് ചുവപ്പ് കാർഡ് വെട്ടിയതാണ് ഇ.പിയെ പ്രകോപിപ്പിച്ചത്. വേറെ നിറത്തിലുള്ള കാർഡായിരുന്നെങ്കിൽ സാരമില്ലായിരുന്നു!
(വിദുരരുടെ ഫോൺ: 9946108221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |