SignIn
Kerala Kaumudi Online
Saturday, 11 July 2026 1.33 AM IST

പി.എസ്.സി തട്ടിപ്പ്: മൂന്നു പരാതിക്കാർക്ക് എസ്.ഐ.ടി നോട്ടീസ്

kerala-psc

തിരുവനന്തപുരം: പി.എസ്.സിയിലെ പരീക്ഷാ, നിയമന ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്.ഐ.ടി) മൂന്ന് പരാതിക്കാർക്ക് മൊഴി ആവശ്യപ്പെട്ട് നോട്ടീസ് നൽകി. തിങ്കളാഴ്ച എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. ആസൂത്രണ ബോർഡ്, കെ.എ.എസ് എന്നിവയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരാതി നൽകിയവരെയാണ് വിളിപ്പിച്ചത്. ലഭിച്ച എല്ലാ പരാതികളും അന്വേഷിക്കാൻ ഇന്നലെ എസ്.ഐ.ടി യോഗം തീരുമാനിച്ചു. ഐ.ജി അജിതാബീഗത്തിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ സെൽ എസ്.പി സക്കറിയമാത്യു, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈ.എസ്.പി ജി.അജയ്‌നാഥ് എന്നിവരാണ് എസ്.ഐ.ടിയിലുള്ളത്.

പരാതി നൽകിയില്ലെങ്കിലും മാദ്ധ്യമങ്ങളിൽ ആരോപണമുന്നയിച്ചവരെയും കണ്ടെത്തി മൊഴിയെടുക്കും. ഇനി ലഭിക്കുന്ന പരാതികളിലും വസ്തുതാ അന്വേഷണം നടത്തും. മൊഴിയെടുത്ത ശേഷം രേഖകൾ ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറിക്ക് കത്ത് നൽകും. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണവുമായി പി.എസ്.സി സഹകരിക്കുമെന്ന് യോഗം വിലയിരുത്തി. രേഖകൾ ലഭിച്ചില്ലെങ്കിൽ തുടർനടപടിയെന്തെന്ന് നിയമോപദേശം തേടും.

ലഭിച്ച പരാതികൾ വഞ്ചന, വ്യാജരേഖ, ക്രിമിനൽ ഗൂഢാലോചന അടക്കം ആരോപിച്ചുള്ളവയാണ്. മൂന്നുമുതൽ ഏഴുവർഷം വരെ ശിക്ഷകിട്ടാവുന്ന ഇത്തരം കേസുകളിൽ പ്രാഥമികാന്വേഷണം നിർബന്ധമായതിനാലാണ് രേഖകൾ ആവശ്യപ്പെടുന്നതെന്ന് പി.എസ്.സിയെ എസ്.ഐ.ടി അറിയിക്കും. രേഖകളുടെ പരിശോധനയ്ക്ക് ശേഷം കേസെടുക്കാനാണ് തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA