
വണ്ണപ്പുറം: വെൺമണിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കോളേജ് പ്രൊഫസർ മരിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് കെമിസ്ട്രി വിഭാഗം പ്രൊഫസർ കൂനംമാക്കൽ ഡോ. ബിജോയ് തോമസാണ് (52) മരിച്ചത്. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മകൻ ജോർജിനെ (10) ഗുരുതരമായ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വണ്ണപ്പുറം ഭാഗത്തേയ്ക്ക് വരികയായിരുന്ന ഡോ. ബിജോയ് തോമസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് വെൺമണി ഷാപ്പിന് സമീപത്ത് എത്തിയപ്പോൾ എതിർദിശയിൽ നിന്നെത്തിയ കാർ വന്നിടിക്കുകയായിരുന്നു. ഉടൻതന്നെ ഡോ.ബിജോയിയെ തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുരിക്കാശേരി തേക്കുംതണ്ടു സ്വദേശിയായ ഇദ്ദേഹം കരിങ്കുന്നം നെടിയകാടാണ് താമസം. പിതൃസഹോദരനെ കാണുന്നതിനായി മകനോടൊപ്പം ഞായറാഴ്ച തേക്കുംതണ്ടിലുള്ള കുടുബവീട്ടിലെത്തി ഇന്നലെ രാവിലെ തിരികെ വരുന്ന വഴിയായിരുന്നു അപകടം. പഴയരിക്കണ്ടം സ്വദേശിയുടേതാണ് ഇടിച്ച കാർ. ഭാര്യ: ജിനോ. മകൾ: അർണ. ഇന്ന് രാവിലെ 9.15 മുതൽ 10.15 വരെ തൊടുപുഴ ന്യൂമാൻ കോളേജിൽ നടക്കുന്ന പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2.30ന് നെടിയകാട് സെന്റ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ സംസ്കാരം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |