SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.51 AM IST

കുട്ടികളോട് വേണോ, ഈ ക്രൂരത

bus

സമയം വൈകി വീട്ടിൽ പോണം ചേട്ടാ... തൃശൂർ വടക്കാഞ്ചേരിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ സ്വകാര്യ ബസ് കണ്ടക്ടറോട് താണ്‌കേണ് അപേക്ഷിക്കുന്ന രംഗവും കണ്ടക്ടറുടെ ഇതൊക്കെയെന്തെന്ന തരത്തിലുള്ള പുച്ഛ ഭാവവും ജനം കണ്ടിട്ട് അധികം ദിവസങ്ങളായിട്ടില്ല. ഈ അപമാനിക്കൽ ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച്, കേരളത്തിലുടനീളം വിദ്യാർത്ഥികൾ ദിവസേന നേരിടുന്ന ക്രൂരമായ വിവേചനത്തിന്റെയും അവഗണനയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം.

കനത്ത മഴയിലും കത്തുന്ന വെയിലിലും സ്‌കൂൾ യൂണിഫോമും ധരിച്ച്, കിലോമീറ്ററുകളോളം ഭാരമുള്ള പുസ്തകസഞ്ചിയും തൂക്കി നിൽക്കുന്ന പിഞ്ചുകുട്ടികളെ കാണുമ്പോൾ മുഖം തിരിക്കുകയും വേഗത കൂട്ടുകയും ചെയ്യുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മനോഭാവം സാംസ്‌കാരിക കേരളത്തിന് ആകെ നാണക്കേടാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളുടെ മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ട ജനാധിപത്യ രാജ്യത്താണ്, വിദ്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്ന കുട്ടികളോട് ക്രിമിനലുകളോടെന്ന പോലെ ചില ബസ് ജീവനക്കാർ പെരുമാറുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് കുട്ടികളുടെ യാത്രാവകാശം മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന അവരുടെ ആത്മാഭിമാനവും പൗരാവകാശവുമാണ്.

ഭിക്ഷയല്ല കൺസെഷൻ

വിദ്യാർത്ഥികൾക്ക് ബസുകളിൽ നൽകുന്ന യാത്രാആനുകൂല്യം (കൺസെഷൻ) ബസ് ഉടമകളോ ജീവനക്കാരോ തങ്ങളുടെ ഔദാര്യമായി കുട്ടികൾക്ക് നൽകുന്ന ഭിക്ഷയല്ല. ജനാധിപത്യ സർക്കാരുകൾ ദീർഘവീക്ഷണത്തോടെ, സാധാരണക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി നിയമപരമായി നടപ്പിലാക്കിയ അവകാശമാണ്. ജനക്ഷേമകരമായ ഗതാഗത നയത്തിന്റെ ഭാഗമാണിത്. എന്നാൽ, കൺസെഷൻ ടിക്കറ്റ് വാങ്ങുന്ന കുട്ടികളെ തങ്ങളോട് യാചിക്കാൻ വരുന്നവരായോ, തങ്ങളുടെ ലാഭത്തിന് തടസം നിൽക്കുന്ന ബാദ്ധ്യതകളായോ ആണ് പല ബസ് ജീവനക്കാരും ഉടമകളും കണക്കാക്കുന്നത്.

പൂർണ തുക നൽകുന്ന യാത്രക്കാരെ മാത്രം കയറ്റുക, വിദ്യാർത്ഥികൾ കയറാൻ തുടങ്ങുമ്പോൾ അനാവശ്യമായി ദൃതിയിൽ ബെല്ലടിച്ച് വണ്ടി മുന്നോട്ട് എടുക്കുക, വാതിലടച്ച് കുട്ടികളെ പുറത്തു നിറുത്തുക, സ്റ്റോപ്പിൽ നിന്ന് ദൂരെ മാറ്റി നിറുത്തുക തുടങ്ങിയ ക്രൂരവിനോദങ്ങൾ നമ്മുടെ നിരത്തുകളിൽ നിത്യസംഭവമാണ്. വടക്കാഞ്ചേരിയിൽ സംഭവിച്ചതും ഇതേ ലാഭക്കൊതിയുടെയും ധാർഷ്ട്യത്തിന്റെയും പ്രതിഫലനമാണ്. വിദ്യാർത്ഥികളെ വഴിയിൽ തള്ളിക്കൊണ്ട് നാല് കാശ് കൂടുതൽ സമ്പാദിക്കാൻ നോക്കുന്ന ഇത്തരം പ്രവണതകൾക്ക് പിന്നിൽ കടുത്ത അമാനവികതയല്ലാതെ മറ്റൊന്നുമല്ല ഉള്ളത്.


 ആത്മവിശ്വാസത്തെ

തകർക്കരുത്
ബസ് ജീവനക്കാരുടെ മോശം പെരുമാറ്റവും പരസ്യമായ ചീത്തവിളികളും കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക ആഘാതം ചെറുതല്ല. സഹയാത്രക്കാരായ മുതിർന്നവരുടെ മുന്നിൽവച്ച് അപമാനിതരാകുമ്പോൾ കുട്ടികളുടെ ആത്മവിശ്വാസമാണ് തകരുന്നത്. വിദ്യാലയങ്ങളിൽ പോയി സമാധാനത്തോടെ അറിവ് നേടേണ്ട കുട്ടികൾ, രാവിലെയും വൈകിട്ടും ബസ് കാത്തുനിൽക്കുമ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അവരുടെ പഠനത്തെയും വ്യക്തിത്വ വികാസത്തെയും ദോഷകരമായി ബാധിക്കും.


മുതിർന്ന യാത്രക്കാർ പോലും ഈ വിവേചനത്തിന് നേരെ കണ്ണടയ്ക്കുകയാണ് പതിവ്. കുട്ടികളെ ബസിൽ കയറ്റാൻ ഒപ്പം നിൽക്കേണ്ട പൊതുസമൂഹം പുലർത്തുന്ന ഈ കുറ്റകരമായ മൗനം ഇത്തരം നിയമലംഘകർക്ക് കൂടുതൽ ധൈര്യം നൽകുന്നു. കുട്ടികൾ ഈ രാജ്യത്തിന്റെ തുല്യ അവകാശമുള്ള പൗരന്മാരാണെന്ന ബോദ്ധ്യം ബസ് ജീവനക്കാർക്കെന്ന പോലെ പൊതുസമൂഹത്തിനും ഉണ്ടാകേണ്ടതുണ്ട്. ഇത്തരം വിവേചനങ്ങൾ മനുഷ്യാവകാശ ലംഘനമായി തന്നെ കാണേണ്ടതുണ്ട്.

ചുവപ്പുനാടയും നാടകങ്ങളും
വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നുമുള്ള സ്ഥിരം പ്രഖ്യാപനങ്ങൾ ഓരോ വിവാദങ്ങൾ ഉണ്ടാകുമ്പോഴും മോട്ടോർ വാഹന വകുപ്പിൽ നിന്നും പൊലീസിൽ നിന്നും ഉണ്ടാകാറുണ്ട്. എന്നാൽ, കുറച്ചു ദിവസത്തെ പരിശോധനകൾക്കും മാദ്ധ്യമ വാർത്തകൾക്കും ശേഷം കാര്യങ്ങൾ വീണ്ടും പഴയപടിയാകുന്നു എന്നതാണ് യാഥാർത്ഥ്യം. നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ അധികാരികൾ കാണിക്കുന്ന മടിയാണ് ബസ് ജീവനക്കാരുടെ ഈ ധിക്കാരത്തിന് പ്രധാന കാരണം.

വടക്കാഞ്ചേരിയിലെ സംഭവത്തിൽ പ്രതിഷേധം ശക്തമായപ്പോൾ നടപടികളുണ്ടായി. ഇത് താത്കാലികമായി ഒതുങ്ങരുത്. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെയും ജീവനക്കാർക്കെതിരെയും മാതൃകാപരമായ ശിക്ഷാനടപടികൾ സ്ഥിരമായി ഉണ്ടാകണം. കുട്ടികളെ വഴിയിലുപേക്ഷിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള ആർജ്ജവം ഗതാഗത വകുപ്പ് കാണിക്കണം.

കർശനമായ പെർമിറ്റ് റദ്ദാക്കൽ, വിദ്യാർത്ഥി സ്‌പെഷ്യൽ സർവീസുകൾ, കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകളോ വിദ്യാർത്ഥികൾക്ക് മാത്രമായുള്ള പ്രത്യേക സർവീസുകളോ റൂട്ടുകളിൽ ഏർപ്പെടുത്തണം, കൺസെഷൻ കാർഡുകളുടെ ഡിജിറ്റലൈസേഷൻ, ബസ് ജീവനക്കാർക്ക് കൗൺസിലിംഗ് തുടങ്ങിയവയൊക്കെ നിർബന്ധമാക്കലാണ് ഇത്തരം സംസ്‌കാര ശൂന്യ നിലപാടുകൾക്കുള്ള മറുപടി.

നടപടികൾ ഉടനടി വേണം
വടക്കാഞ്ചേരിയിലെ സംഭവം കേരളത്തിനാകെ ഒരു മുന്നറിയിപ്പാണ്. നിയമങ്ങൾ നിരത്തിലിറങ്ങുന്ന ഓരോ ബസിലും കൃത്യമായി നടപ്പിലാക്കാൻ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ട്. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്ക് സുരക്ഷിതവും മാന്യവുമായ യാത്രാസൗകര്യം ഒരുക്കുകയെന്നത് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംയുക്ത ഉത്തരവാദിത്വമാണ്. ഇനി ഒരു വിദ്യാർത്ഥിയും ബസ് പടിക്കൽ അപമാനിതനായി, കണ്ണീരൊഴുക്കി തലതാഴ്ത്തി നിൽക്കേണ്ടി വരില്ലെന്ന് ഉറപ്പുവരുത്താൻ നമുക്ക് സാധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY