SignIn
Kerala Kaumudi Online
Sunday, 26 July 2026 4.44 PM IST

തമിഴക വിശേഷം,​ മന്ത്രിമാർക്ക് അഴിമതിപ്പട്ടം മുന്നേറ്റം കൊതിച്ച് മറുപക്ഷം

d

തമിഴ്നാട്ടിലെ നഗരാസൂത്രണ, ജലസേചന മന്ത്രി കെ.എൻ. നെഹ്റുവിനെതിരെ കേസെടുക്കാൻ വിജിലൻസിനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. വകുപ്പിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് 365 കോടി രൂപയുടെ അഴിമതി നടത്തിയെന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലിന്റെ വെളിച്ചത്തിലാണ് ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഡി.എം.കെയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ മന്ത്രി കേസിൽ പ്രതിയാകാൻ പോകുന്നത് ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് കനത്ത പ്രഹരമാണ്.

പക്ഷെ, ഇതൊക്കെ 'ബി.ജെ.പിയുടെയും അണ്ണാ ഡി.എം.കെയുടെയും വെറും പണി"യെന്നു പറഞ്ഞ് മുന്നോട്ടു പോവുകയാണ് ഡി.എം.കെ നേതൃത്വം. തുടർഭരണം ലക്ഷ്യമിട്ട് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ മുന്നണി ജനത്തെ അഭിമുഖീകരിക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം അഴിമതി ആരോപണങ്ങളാണ്. കെ.എൻ. നെഹ്റു,​ ഈ മന്ത്രിസഭയിൽ അഴിമതിക്കേസിൽ കുടുങ്ങുന്ന മൂന്നാമത്തെയാളാണ്. സെന്തിൽ ബാലാജിയും കെ. പൊന്മുടിയുമാണ് നേരത്തേ അഴിമതി കേസിൽ പ്രതികളായത്.

അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി പളനിസാമിയുടെ ഉപദേശപ്രകാരം ബി.ജെ.പി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് കെ.എൻ. നെഹ്റുവിനെതിരായ കേസിൽ ഡി.എം.കെയുടെ ആരോപണം. നെഹ്റു ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഡി.എം.കെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മന്ത്രിക്കെതിരായ കേസ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുള്ള 'രാഷ്ട്രീയ അസൂയ" മൂലമാണെന്ന് ഭാരതി ഉറപ്പിച്ചു പറയുന്നു!. നെഹ്റുവിനെ അടുത്തിടെയാണ് 41 മണ്ഡലങ്ങളുടെ ചുമതല പാർട്ടി ഏല്പിച്ചത്. ന്യായീകരണം മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും കോടതി കൂടുതൽ കടുപ്പിച്ചാൽ ഡി.എം.കെ നേതൃത്വം കുഴങ്ങും

നേട്ടമാക്കാൻ

ആകാതെ...

ഡി.എം.കെ മന്ത്രിമാർക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയ്ക്ക് കഴിഞ്ഞിരുന്നില്ല. ബി.ജെ.പിയുമായുള്ള സഖ്യം പുന:സ്ഥാപിച്ച ശേഷം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് എടപ്പാടി പളനിസാമി. കെ.എൻ. നെഹ്റുവിനെതിരെയുള്ള കോടതി നടപടി ഉൾപ്പെടെ തിരഞ്ഞെടുപ്പ് ആയുധമാക്കി മുന്നോട്ടു പോകാനാണ് പാർട്ടി സംസ്ഥാന നേതൃയോഗം തീരുമാനമെടുത്തിരിക്കുന്നത്.

ഇ.പി.എസ് നേതൃത്വം നൽകുന്ന പ്രചാരണ റാലികൾ അന്ത്യഘട്ടത്തിലാണ്. അഴിമതി ആരോപണങ്ങളും ഡി.എം.കെ സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് എടപ്പാടി യോഗങ്ങളിൽ സംസാരിക്കുന്നത്. അതേസമയം,​ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജനങ്ങളെ ആകർഷിക്കുന്ന വിധത്തിലുള്ള സമര പരിപാടികൾ സംഘടിപ്പിക്കാൻ അണ്ണാ ഡി.എം.കെയ്ക്ക് കഴിഞ്ഞിരുന്നില്ല.

മോദി തന്നെ

ബി.ജെ.പി

കെ. അണ്ണാമലൈയെ ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയ ശേഷം ‌ഡി.എം.കെ സർക്കാരിനെതിരായ ബി.ജെ.പിയുടെ സമര പരിപാടികൾക്ക് മൂർച്ച കുറഞ്ഞിരുന്നു. അണ്ണാ ഡി.എം.കെയുമായുള്ള ബന്ധം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അണ്ണാമലൈയെ മാറ്റി പകരം പ്രസിഡന്റ് സ്ഥാനം നൈനാർ നാഗേന്ദ്രന് നൽകിയത്. സംസ്ഥാനത്ത് പാർട്ടിയുടെ സംഘടനാ ശക്തി വളർത്തുന്നതിന് നൈനാർ നാഗേന്ദ്രന് എത്രത്തോളം കഴിഞ്ഞുവെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബോദ്ധ്യമാകും.

ബി.ജെ.പിയുടെ കേന്ദ്രമന്ത്രി എൽ. മുരുകൻ, മഹിളാ മോർച്ച ദേശീയ സെക്രട്ടറിയും എം.എൽ.എയുമായ വാനതി ശ്രീനിവാസൻ, സംസ്ഥാന മുൻ പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജൻ തുടങ്ങിയവരൊക്കെയാണ് സംസ്ഥാനത്തെ മറ്റ് മുതിർന്ന ബി.ജെ.പി നേതാക്കൾ. പക്ഷെ, ഇവർ തമ്മിലുള്ള ഐക്യമില്ലായ്മ പ്രശ്നമായിത്തന്നെ നിൽക്കുന്നുണ്ട്. അതേസമയം പ്രധാനമന്ത്രി മോദിക്ക് തമിഴ്നാട് ജനതയെ ഒരുപരിധിവരെ സ്വാധീനിക്കാനായിട്ടുണ്ട്. ബി.ജെ.പിക്കു ലഭിക്കുന്ന വോട്ടിൽ നല്ലൊരു പങ്കും മോദിയോടുള്ള ആരാധന കാരണം കിട്ടുന്നതാണ്.

പങ്കാളിത്തം

കിട്ടാക്കനി

ഡി.എം.കെ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണ പങ്കാളിത്തം വേണമെന്ന് മുന്നണിയിലെ രണ്ടാം കക്ഷിയായ കോൺഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എൻ.ഡി.എ അധികാരത്തിൽ വന്നാൽ ഭരണ പങ്കാളിത്തം വേണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുന്നണിയായി മത്സരിച്ചലും ഭരണം ഒറ്റയ്കാകുമെന്ന 'ദ്രാവിഡ വാശി"യിലാണ് ഡി.എം.കെയും അണ്ണാ ഡി.എം.കെയും.

ഡി.എം.കെ രൂപീകരിച്ച സീറ്റ് വിഭജന സമിതി 26-നും 27-നും കോൺഗ്രസുമായി ചർച്ച നടത്തും. മുൻ കേന്ദ്രമന്ത്രി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിൽ ഏഴംഗ സമിതിയെയാണ് സീറ്റ് വിഭജനത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. 30 സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എൻ.ഡി.എ സീറ്റ് വിഭജന ചർച്ചകളും ഉടൻ ആരംഭിക്കും. 60 സീറ്റുകൾ വേണമെന്ന് ബി.ജെ.പി അണ്ണാ ഡി.എം.കെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉണ്ടാകുമോ

വിജയ് മാജിക്?

എം.ജി.ആറിനെപ്പോലെ മുഖ്യമന്ത്രിയാകാൻ ടി.വി.കെ രൂപീകരിച്ച് മുന്നോട്ടു പോകുന്ന സൂപ്പർതാരം വിജയ് തിരഞ്ഞെടുപ്പിൽ എത്രത്തോളം തരംഗം സൃഷ്ടിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റാലികളിലൂടെ ജനസാഗരം സൃഷ്ടിച്ചു മുന്നേറിയ വിജയ്‌യുടെ അശ്വമേധം കരൂർ ദുരന്തത്തോടെ നിന്നു. അവിടെ നിന്ന് സമ്മേളനങ്ങളിലൂടെ ഓളം തീർത്ത് അധികാരത്തിലേക്ക് എത്താനുള്ള പെടാപ്പാടിലാണ് വിജയ്. ചെറുപ്പക്കാരുടെയും സ്ത്രീകളുടേയും വോട്ടുകളെല്ലാം സമാഹരിക്കാനാകുമെന്നാണ് ടി.വി.കെ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

വിജയ് എന്ന ഒരേയൊരു നേതാവിനെ മുൻനിറുത്തിയുള്ള യാത്രയിൽ എത്രത്തോളം സീറ്റുകൾ നേടാനാവും എന്നത് പ്രവചനാതീതമാണ്. ഭരണ പങ്കാളിത്തം വാഗ്ദാനം ചെയ്തിട്ടും പ്രധാന പാർട്ടികളൊന്നും വിജയ്‌യെ സമീപിക്കാത്തതു തന്നെ അധികാരം ടി.വി.കെയ്ക്കു കിട്ടുമെന്ന ഉറപ്പ് അവർക്കില്ലാത്തതിനലാണ്.

സ്റ്റാലിൻ

തന്ത്രം

അഴിമതി ആരോപണങ്ങളിൽ വിയർക്കുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിനൊപ്പമുണ്ടായിരുന്ന പാ‌ർട്ടികളെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കുകയാണ് സ്റ്റാലിൻ ചെയ്യുന്നത്. കഴി‌ഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കമലഹാസന്റെ മക്കൻ നീതി മയ്യം ഡി.എം.കെ മുന്നണിയിലെത്തി. ഇപ്പോൾ വിജയകാന്തിന്റെ ഡി.എം.ഡി.കെ എത്തി. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവവുമായി ചർച്ച നടത്തി. കഴിഞ്ഞ തിര‌ഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ രണ്ടാം കക്ഷിയായിരുന്ന പി.എം.കെ ഔദ്യോഗിക വിഭാഗം ഡി.എം.കെ മുന്നണി പ്രവേശം ആഗ്രഹിക്കുന്ന പാർട്ടിയാണ്.

കോൺഗ്രസ്, വി.സി.കെ, സി.പി.എം, സി.പി.ഐ തുടങ്ങിയ പ്രമുഖ പാർട്ടികളെല്ലാം തന്നെ നേരത്തേ ഡി.എം.കെയ്ക്ക് ഒപ്പമാണ്. ഒപ്പമുണ്ടായിരുന്ന നേതാക്കളും പാർട്ടികളും ഡി.എം.കെയിലേക്കു പോകുന്നത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം അവരുടെ ശക്തി ചോർത്തുന്നതാണ്.

തമിഴ്നാട് നിയമസഭ

നിലവിലെ കക്ഷിനില

ആകെ സീറ്റ്: 234

ഡി.എം. മുന്നണി

ഡി.എം.കെ: 133

കോൺഗ്രസ്: 17

വി.സി.കെ: 4

സി.പി.എം: 2

സി.പി.ഐ: 2

 എൻ.ഡി.എ

അണ്ണാ ഡി.എം.കെ: 60

പി.എം.കെ: 5

ബി.ജെ.പി: 4

സ്വതന്ത്രർ: 2

ഒഴിവുള്ളത്: 5

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION