
തിരുവനന്തപുരം: ഔദ്യോഗിക ചർച്ചകൾ തുടങ്ങിയില്ലെങ്കിലും കെ.പി.സി.സി അദ്ധ്യക്ഷനെ വൈകാതെ പ്രഖ്യാപിച്ചേക്കുമെന്ന സൂചന പുറത്തുവന്നതോടെ പദവിയിലെത്താൻ നേതാക്കളുടെ കൂട്ടത്തള്ള്. എം.പിമാരും യുവ എം.എൽ.എമാരുമടക്കം രംഗത്തുണ്ട്. 20ന് ലോക്‌സഭാ സമ്മേളനം തുടങ്ങുംമുമ്പ് അദ്ധ്യക്ഷനെ സംബന്ധിച്ച് ധാരണയിലെത്താനാണ് നീക്കം.
വിദേശയാത്ര കഴിഞ്ഞെത്തുന്ന രാഹുൽഗാന്ധിയുമായി എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും നടത്തുന്ന ചർച്ചയാണ് പ്രധാനം. ജനപ്രതിനിധികളെ ഈ പദവിയിലേക്ക് പരിഗണിക്കണോ എന്നതിലാകും ആദ്യം തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുതിർന്ന നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.
ജനപ്രതിനിധികളുടെ ചുമതലകൾക്കിടെ കെ.പി.സി.സി അദ്ധ്യക്ഷന്റെ ഭാരിച്ച ചുമതലകൂടി വഹിക്കുന്നത് സംഘടനയ്ക്ക് ഗുണകരമാവില്ലെന്ന അഭിപ്രായം പല നേതാക്കളും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ കെ.സുധാകരനും രമേശ് ചെന്നിത്തലയും, സണ്ണി ജോസഫുമൊക്കെ അദ്ധ്യക്ഷപദവി വഹിച്ചിരുന്നത് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.
കൊടിക്കുന്നിൽ മുതൽ
കുഴൽനാടൻ വരെ
കെ.പി.സി.സി അദ്ധ്യക്ഷ മോഹവുമായി കൊടിക്കുന്നിൽ സുരേഷ് ഏറെ നാളായി രംഗത്തുണ്ട്. എ.ഐ.സി.സി അദ്ധ്യക്ഷനുമായും അദ്ദേഹത്തിന് നല്ല ബന്ധമാണ്. എ.കെ.ആന്റണിയുടെ മാനസിക പിന്തുണകൂടി കിട്ടിയാൽ സ്ഥാനം ഉറപ്പിക്കാം. പക്ഷേ, ജനപ്രതിനിധികളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന തീരുമാനമുണ്ടായാലേ അവസരം ലഭിക്കൂ.
സാമുദായിക പരിഗണനയും ദേശീയ നേതൃത്വത്തിന്റെ പിന്തുണയും കൂടി വന്നാൽ ആന്റോ ആന്റണി എം.പിക്കുമുണ്ട് സാദ്ധ്യത.
മുതിർന്ന നേതാവ് അടൂർപ്രകാശും നേരത്തെ പരിഗണനയിൽ വന്നയാളാണ്. വി.എസ്.ശിവകുമാർ, ബെന്നിബഹനാൻ, മാത്യുകുഴൽനാടൻ എം.എൽ.എ തുടങ്ങിയവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനായ ജോസഫ് വാഴയ്ക്കനാണ് പ്രസിഡന്റ് പദത്തിനായി ദേശീയ നേതൃത്വത്തിന് മുന്നിൽ എത്തിയ മറ്റൊരാൾ. ജനപ്രതിനിധിയല്ലെന്ന പ്ളസ് പോയിന്റുമുണ്ട്. പക്ഷേ, കെ.സി പക്ഷത്തിന്റെ പിന്തുണ കിട്ടുമോ എന്നതാണ് അറിയേണ്ടത്.
പ്രതിപക്ഷ ഉപനേതൃസ്ഥാനം
അവിടെ പാർട്ടിയുടെ തള്ള്
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എം.എൻ.സ്മാരകത്തിൽ പി.കെ.വി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് ലഭിക്കണം. കീഴ്വഴക്കങ്ങൾ മാറ്റേണ്ടി വന്നാൽ മാറ്റിയേ തീരൂ. രാഷ്ട്രീയവും എൽ.ഡി.എഫും ഒന്നിച്ചു നീങ്ങുക എന്നതാണ് മുഖ്യം. എല്ലാ സ്ഥാനവും ഒരു പാർട്ടി തന്നെ കൈവശം വയ്ക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. ജനാധിപത്യമാകുമ്പോൾ മുന്നണിയിൽ എല്ലാ സ്ഥാനവും പങ്കുവെച്ചാണ് മുന്നോട്ടു പോകേണ്ടത്. സി.പി.ഐ ഇക്കാര്യം ആദ്യം പരസ്യമായല്ല ഉന്നയിച്ചത്. സി.പി.ഐ -സി.പി.എം ചർച്ചകളിലാണ് ആദ്യം ഉന്നയിച്ചത്.അതിനായി സി.പി.ഐ നൽകിയ കത്തുകളും സി.പി.എമ്മിന്റെ മറുപടികളും കൈവശമുണ്ട്. ഇതൊന്നും അറിയാതെ സി.പി.ഐ പുറത്തു പറഞ്ഞത് തെറ്റായിപ്പോയി എന്ന വാദം ശരിയല്ല. പരസ്യമായും അല്ലാതെയും എന്തെല്ലാം കാര്യം എപ്പോൾ പറയണമെന്ന ബോധ്യം സി.പി.ഐക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനങ്ങൾ ചെറുതോ വലുതോ എന്നതല്ല, അത് പങ്കിടണം എന്നതാണ് സി.പി.ഐ നിലപാട്. എൽ.ഡി.എഫിനെ ദുർബലമാക്കാനല്ല, ശക്തമാക്കാനാണ് സ്ഥാനം ആവശ്യപ്പെടുന്നത്. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ സ്ഥാനങ്ങൾ പങ്കുവക്കേണ്ടത് അനിവാര്യമാണ്. മുഖ്യമന്ത്രി പദം വേണ്ടെന്നുവെച്ച പാർട്ടിയെ സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം എന്ത് വലിപ്പം വരുമെന്നും അദ്ദേഹം ചോദിച്ചു.
14ന് കാണാമോ എന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ചോദിച്ചിരുന്നു. തീർച്ചയായും കാണാമെന്ന് താൻ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. എം.എൻ സ്മാരകത്തിലേക്ക് വരാമെന്നാണ് ടി.പി രാമകൃഷ്ണൻ പറഞ്ഞത്. എത്രവട്ടം വേണമെങ്കിലും സി.പി.ഐക്കും സി.പി.എമ്മിനും പരസ്പരം കാണാമെന്നും ഇത്തരം കൂടിക്കാഴ്ചകൾ പുതിയ കാര്യമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |