SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

ഗുണ്ടകൾക്കും അസോസിയേഷൻ !

ss

ശ്രീ രാജരാജേശ്വരി കല്യാണ മണ്ഡപം, ശ്രീ രാജരാജേശ്വരി റസിഡന്റ്സ് അസോസിയേഷൻ എന്നൊക്കെ കേട്ടിട്ടുണ്ട്. ശ്രീ രാജരാജേശ്വരി ഗുണ്ടാ അസോസിയേഷൻ എന്ന് കേട്ടാൽ പ്രബുദ്ധ കേരളീയർ ആശ്ചര്യപ്പെടും. അത്ഭുതമോ കടംങ്കഥയോ അല്ലിത്. റീൽസുണ്ടാക്കാൻ നടത്തിയ ശ്രമവുമല്ല. ഗുണ്ടകളുടെ ആക്രമണം പതിവായ കൊല്ലത്താണ് കൊടും ക്രിമിനലുകൾ സംഘടിച്ച് ഗുണ്ടാ ഓഫീസ് തുറക്കാൻ ശ്രമിച്ചത്. കൊല്ലം എസ്.എൻ കോളേജിന് സമീപം ശാരദാമഠത്തിനടുത്തുള്ള ഒഴിഞ്ഞ വീട് കയ്യേറി ഓഫീസ് തുറക്കാൻ ശ്രമിച്ച ആറംഗ സംഘത്തിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത് രണ്ട് മാസങ്ങൾക്ക് ശേഷമാണ്. കൊല്ലം ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്ന് കഷ്ടിച്ച് 350 മീറ്ററും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് 450 മീറ്ററും മാത്രം അകലെ കഴിഞ്ഞ ജനുവരിയിൽ നടന്ന ഗുണ്ടാ സംഗമം പൊലീസ് അറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നതാണ് ഏറെ വിചിത്രം. കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടാസംഘം കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവത്തിന്റെ നടുക്കം മാറും മുമ്പെയാണ് കൊല്ലം നഗരമദ്ധ്യത്തിൽ തന്നെ ഗുണ്ടാ സംഘം ഒത്തുചേർന്ന് അസോസിയേഷൻ രൂപീകരിക്കാൻ നടത്തിയ ശ്രമത്തിന്റെ വിവരം പുറത്തായത്.

6 ഗുണ്ടകൾക്കെതിരെ കേസ്

നഗരത്തിൽ ഗുണ്ടാ താവളം തുറക്കാൻ യോഗം ചേർന്ന 6 പേർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോനകപ്പുറം സ്വദേശി നൗഫൽ, കിളികൊല്ലൂർ സ്വദേശി മണികണ്ഠൻ, ശക്തികുളങ്ങര സ്വദേശി സക്കറിയ, കോളേജ് നഗർ സ്വദേശി ഷെറിൻ, പള്ളിത്തോട്ടം സ്വദേശി ഷാനു, കടപ്പാക്കട സ്വദേശി
നിസാമുദീൻ എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നൗഫലിന്റെ നേതൃത്വത്തിൽ ശാരദാമഠത്തിന് സമീപം പ്രവർത്തിച്ചിരുന്ന ജിമ്മിനോട് ചേർന്ന വീടിന്റെ ഒരു മുറിയിലാണ് ഇവർ സംഘം ചേർന്നത്. മൂന്ന് വർഷമായി ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ജിം പൊലീസ് പൂട്ടിച്ചു. ജിമ്മിനോട് ചേർന്ന് വിൽക്കാനിട്ട വീടാണ് ഇവർ കയ്യേറി യോഗം ചേർന്നത്. ജനുവരിയിൽ നടന്ന സംഭവത്തിന്റെ വിവരങ്ങളും വീഡിയോയും പുറത്തു വന്നതോടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം കേസെടുക്കുകയായിരുന്നു. ഗുണ്ടാ സംഘം ഒരുമിച്ചെത്തി റോഡിൽ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇവർ തന്നെ സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിരുന്നു. ജില്ലയിലെ മറ്റു കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളെപ്പോലെ സമൂഹമാധ്യമത്തിൽ പേരടുക്കാനായിരുന്നുവത്രെ ഇവരുടെ പദ്ധതി. കേസുകളിൽ പ്രതിയായ ആരോമലിന്റെ വീട്ടിൽ മറ്റൊരു പ്രതി തോക്കുമായി നിൽക്കുന്നതിന്റെ ചിത്രവും പ്രതികൾ തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ശാരദാമഠത്തിന് സമീപം ഗുണ്ടാ അസോസിയേഷൻ ഓഫീസ് തുറക്കുന്നതിന്റെ പേരിലാണ് പ്രതികൾ വീഡിയോ ചിത്രീകരിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. റോഡിൽ ഉച്ചത്തിൽ പാട്ടുവച്ച് നൃത്തം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ച് സമൂഹത്തിൽ ലഹളയും ഭീതിയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പാണ് ചുമത്തിയിട്ടുള്ളത്.

പട്ടാപ്പകൽ നടുറോഡിലെ കൊല

ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ വെട്ടി കൊന്നത് മാർച്ച് 14 നാണ്. കരുനാഗപ്പള്ളി പുതിയകാവിന് സമീപം ദേശീയ പാതയിൽ ആളുകൾ നോക്കി നിൽക്കെ നടന്ന അരും കൊലയിൽ കേരളം ഞെട്ടിത്തരിച്ചു. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതി അലുവ
അതുലിനെ ആണ് കൊലപ്പെടുത്തിയത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങവെ പിന്തുടർന്ന ഗുണ്ടാ സംഘം പുതിയ കാവിൽ വച്ച് അതുൽ സഞ്ചരിച്ച കാറിനെ ദേശീയ പാത നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് ഇടിച്ചു വീഴ്ത്തി. തുടർന്ന് ഗുണ്ടാ സംഘം ചാടിയിറങ്ങി അതുലിനെ കാറിനുള്ളിലും പുറത്ത് വലിച്ചിട്ടും തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആറംഗ ഗുണ്ടാസംഘത്തെ പിന്നീട് അറസ്റ്റ് ചെയ്തു. ഒരു വർഷത്തിനിടെ രണ്ട് ഗുണ്ടാ നേതാക്കളാണ് കരുനാഗപ്പള്ളിയിൽ കൊല്ലപ്പെട്ടത്. 2025 മാർച്ച് 27നാണ് എ.സന്തോഷ് കുമാർ എന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്. പുലർച്ചെ കാറിലെത്തിയ ഒരു സംഘം മാരകായുധങ്ങളുമായി സന്തോഷിനെ ആക്രമിച്ച്, അമ്മയുടെ മുന്നിൽ വച്ച് കൊലപ്പെടുത്തി. ആറംഗ സംഘത്തിലെ ഒന്നാം പ്രതിയാണ് അതുൽ. ഇതിന്റെ പ്രതികാരമായാണ് അതുലിനെ നടുറോഡിൽ വെട്ടി കൊന്നത്. വലുതും ചെറുതുമായ നിരവധി ഗുണ്ടാ സംഘങ്ങൾ കരുനാഗപ്പള്ളിയിൽ സജീവമാണ്. കൊല്ലും കൊലയും ക്വട്ടേഷനും പതിവാക്കിയ ഗുണ്ടാ സംഘങ്ങൾക്ക് രാഷ്ട്രീയ പിന്തുണയുള്ളതിനാൽ പൊലീസിനും ഇവരെ തൊടാൻ മടിയാണ്. കരുനാഗപ്പള്ളിയിലുണ്ടായതിന് സമാനമായ നിരവധി അക്രമണങ്ങളും കൊലപാതകങ്ങളുമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ അരങ്ങേറിയത്.

ഗുണ്ടാ സംഘങ്ങൾ പല പേരിൽ

കൊല്ലത്തെ രണ്ട് പ്രധാന ഗുണ്ടാ സംഘങ്ങളായിരുന്നു ജിം സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും ഓച്ചിറ കേന്ദ്രീകരിച്ചുള്ള ചങ്ങൻ കുളങ്ങര വിനോദിന്റെ കടത്തൂർ സംഘവും. ഗുണ്ടാ നേതാവ് അലുവ അതുലിനെ എതിർ ടീമായ കടത്തൂർ സംഘം ആക്രമിക്കുമെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ അതുലിനോടും സഹായി മനുവിനോടും പൊലീസ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ സ്റ്റേഷനിൽ നിന്നിറങ്ങി രണ്ട് കിലോമീറ്റർ ദൂരം എത്തും മുമ്പേ കടത്തൂർ സംഘം പിന്തുടർന്നെത്തി അതുലിനെ കൊലപ്പെടുത്തി. ഗുണ്ട, ക്വട്ടേഷൻ സംഘങ്ങൾ യഥേഷ്ടം അഴിഞ്ഞാടുന്ന കേരളത്തിൽ ഇവരെ ഒതുക്കാൻ പൊലീസിന് ശക്തിയുണ്ടെങ്കിലും രാഷ്ട്രീയക്കാരുമായുള്ള ഗുണ്ടാ സംഘങ്ങളുടെ ചങ്ങാത്തമാണ് തടസമായി നിൽക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലുമൊക്കെ ഗുണ്ടാ സംഘങ്ങളെ പേടിച്ച് ജനങ്ങൾ പട്ടാപ്പകൽ പോലും ഭയപ്പാടോടെ കഴിഞ്ഞ
കാലമുണ്ടായിരുന്നു. എന്നാൽ യോഗി ആദിത്യനാഥിനെ പോലെ ശക്തരായ ഭരണാധികാരികൾ എത്തി കർശനമായ നടപടി സ്വീകരിച്ചതിനാൽ ഇന്ന് ആ സംസ്ഥാനങ്ങളിലൊക്കെ ഗുണ്ടാ രാജിന് അവസാനമായി. ഏറ്റുമുട്ടൽ കൊലയിലൂടെ കൊടും ക്രിമിനലുകളെ ഇല്ലാതാക്കുകയും ഗുണ്ടായിസം കാട്ടുന്നവരുടെ വീടുകൾ ലക്ഷ്യമിട്ട് ബുൾഡോസറുകൾ എത്തുകയും ചെയ്തതോടെയാണ് ഗുണ്ടകൾക്ക് നിലനിൽപ്പില്ലാതായത്. എന്നാൽ കേരളത്തിൽ ഗുണ്ടകളോടുള്ള മൃദുസമീപനവും രാഷ്ട്രീയ കൂട്ടുകെട്ടും കാരണം ഗുണ്ടകൾക്ക് ഭയമില്ലാതായതോടെയാണ് നാട്ടുകാരുടെ സ്വൈരജീവിതത്തിന് ഭംഗം നേരിട്ടത്. അതുകൊണ്ടാണ് സംഘടന പോലും രൂപീകരിക്കാൻ ഗുണ്ടാ സംഘങ്ങൾക്ക് ധൈര്യം പകർന്നത്. ഗുണ്ടകളെയും അക്രമികളെയും കർക്കശമായി അടിച്ചൊതുക്കാൻ പ്രാപ്തിയുള്ള ഭരണാധികാരികളാണ് ഇന്നത്തെ കേരളത്തിനാവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY