SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

ചതുരംഗക്കളത്തിലെ വൈശാലി വിജയം

s

കുറച്ചു വർഷം മുമ്പുവരെ ചെസ്‌ലോകത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഒരു വിശ്വനാഥൻ ആനന്ദ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോൾ പുരുഷ- വനിതാ വിഭാഗങ്ങളിൽ ഒരുപിടി ഇന്ത്യൻ ചെറുപ്പക്കാർ ചതുരംഗക്കളം കീഴടക്കിയിരിക്കുന്നു. ആ നിരയിലെ ഒടുവിലെ കണ്ണിയാണ് കഴിഞ്ഞ ദിവസം സൈപ്രസിലെ ലിമാസോളിൽ നടന്ന കാൻഡിഡേറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ കിരീടം ചൂടിയ ആർ. വൈശാലി. നിലവിലെ ലോക ചാമ്പ്യനെ അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ എതിരിടുന്നത് ആരെന്ന് കണ്ടെത്തുന്നതിനുള്ള ടൂർണമെന്റാണ് കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പ്. ലോകത്തെ ഏറ്റവും മികച്ച ചെസ് താരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ടുപേരാണ് കാൻഡിഡേറ്റ്സിൽ മത്സരിക്കുന്നത്. ഇതിൽ വിജയിക്കുന്നയാൾക്ക് ലോക ചാമ്പ്യനെതിരെ മത്സരിക്കാം.

തുടക്കത്തിൽ റേറ്റിംഗിൽ ഒമ്പതാം സ്ഥാനത്തായിരുന്നിട്ടും, ലോകോത്തര താരങ്ങളെ ഒന്നിനുപുറകെ ഒന്നായി അട്ടിമറിച്ചാണ് ചെന്നൈ സ്വദേശിനിയായ വൈശാലി കരിയറിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ കാൻഡിഡേറ്റ്സിൽ തലനാരിഴയ്ക്ക് നഷ്ടമായ സ്ഥാനമാണ് വൈശാലി ഇക്കുറി വെട്ടിപ്പിടിച്ചത്.സഹോദരൻ ആർ. പ്രഗ്നാനന്ദയ്‌ക്കൊപ്പം അന്താരാഷ്ട്ര ചെസ് ഭൂപടത്തിൽ ഇന്ത്യയുടെ യശസുയർത്തിയ വൈശാലി കാൻഡിഡേറ്റ്സ് ജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. ഈ വർഷം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ചൈനീസ് താരം ജു വെൻ ജുനെയാണ് വൈശാലി നേരിടേണ്ടത്. ഈ വർഷത്തെ പുരുഷ ലോക ചെസ് ചാമ്പ്യൻഷിപ്പിലും വനിതാ ലോക ചാമ്പ്യൻഷിപ്പിലും ബോർഡിന്റെ ഒരു വശത്ത് ഇന്ത്യൻ താരങ്ങളാണെന്നതാണ് ഏറ്റവും അഭിമാനകരം.പുരുഷ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യനായാണ് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ് കളിക്കാനെത്തുന്നത്. ഇതാദ്യമായാണ് ഇന്ത്യൻ താരങ്ങൾ പുരുഷ- വനിതാ വിഭാഗങ്ങളിൽ ഒരേ വർഷത്തിൽ മത്സരിക്കുന്നത്.

തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് വൈശാലിയുടെയും പ്രഗ്നാനന്ദയുടെയും വരവ്. സാധാരണക്കാരിയായ അമ്മയുടെ ചേലത്തുമ്പിൽപ്പിടിച്ച് ചെസ് മത്സരവേദികളിലേക്ക് എത്തിയിരുന്ന ഈ സഹോദരങ്ങളെ ലോകമറിയുന്ന താരങ്ങളാക്കി മാറ്റിയതിൽ സാക്ഷാൽ വിശ്വനാഥൻ ആനന്ദിന്റെ പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്. പത്തൊമ്പതു വയസ് തികയുന്നതിനു മുമ്പ് ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷും കൗമാരപ്രായത്തിൽത്തന്നെ വിസ്മയവിജയങ്ങൾ തീർത്ത പ്രഗ്നാനന്ദയും വൈശാലിയും ദിവ്യ ദേശ്മുഖും അർജുൻ എരിഗേയ്സിയും പ്രണവ് വെങ്കിടേഷും മലയാളികളായ നിഹാൽ സരിനും എസ്.എൽ. നാരായണനും ദിവി ബിജേഷുമൊക്കെച്ചേർന്ന് ഇന്ത്യൻ ചെസിന് സമീപകാലത്തു നൽകിയ ഉണർവ് ചെറുതല്ല. ലോക ചെസിൽ സമീപവർഷങ്ങളിൽ ഇന്ത്യയുടെ പടയോട്ടം തന്നെയാണ്. ഹംഗറിയിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ കൗമാരതാരങ്ങൾ മുന്നിൽ അണിനിരന്ന ഇന്ത്യൻ പുരുഷ - വനിതാ ടീമുകൾ സ്വർണത്തിൽ മുത്തമിട്ടതും ഡി. ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായതും കൊനേരു ഹംപി ലോക റാപ്പിഡ് ചാമ്പ്യനായതുമൊക്കെ 2024-ലാണ്.

കഴിഞ്ഞവർഷം ദിവ്യാ ദേശ്മുഖും ദിവി ബിജേഷും ഉൾപ്പടെയുള്ള താരങ്ങളുടെ ലോകകപ്പ് നേട്ടവും പ്രണവ് വെങ്കിടേഷിന്റെ ജൂനിയർ ലോകചാമ്പ്യൻഷിപ്പ് കിരീടവും ആഘോഷിക്കാനായി. ചെസ് ബോർഡിലേക്ക് കൂടുതൽ കുരുന്നുകളെ കൈപിടിച്ചു കയറ്റാൻ വൈശാലിയുടെ നേട്ടം പ്രചോദനമാകും. കേരളത്തിലും നിരവധി ചെസ് പ്രതിഭകളുണ്ട്. അന്തർദ്ദേശീയ തലത്തിൽ അവർ മികവുകൾ പ്രകടിപ്പിക്കുന്നുമുണ്ട്. സ്കൂളുകളിലും വായനശാലകളിലും നഗരകേന്ദ്രങ്ങളിലും ചെസ് കളിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ സർക്കാരിന്റെ അനുഭാവപൂർണമായ ഇടപെടലുണ്ടാകണം. ബോർഡിനും കരുക്കൾക്കും വലിയ ചെലവില്ലെങ്കിലും അന്താരാഷ്ട്ര രംഗത്തേക്ക് എത്തുമ്പോൾ വിദഗ്ദ്ധ വിദേശ പരിശീലനത്തിന് ലക്ഷങ്ങൾ വേണ്ടിവരുന്ന കളിയാണ് ചെസ് എന്നു തിരിച്ചറിഞ്ഞ് സർക്കാരും സ്വകാര്യ സ്പോൺസർമാരും താരങ്ങൾക്ക് താങ്ങാവുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY