SignIn
Kerala Kaumudi Online
Sunday, 05 July 2026 5.20 AM IST

വിഴിഞ്ഞത്തെ വിവാദത്തിര

port

അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി ലോകത്തെ വലിയ കപ്പൽ കമ്പനിയായ എം.എസ്.സിക്ക് കൈമാറുന്നതിനെച്ചൊല്ലി വിവാദം തിരയടിക്കുകയാണ്. 13,000 കോടിയുടെ ഓഹരി കൈമാറിയാലും വിഴിഞ്ഞം തുറമുഖത്തെ ടെർമിനലുകളെല്ലാം അവർക്ക് നൽകില്ലെന്നും ഒരു ടെർമിനൽ മാത്രമേ നൽകൂവെന്നും അദാനി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ഓഹരി കൈമാറാനാവില്ലെന്നത് വാസ്തവമാണ്. എന്നാൽ സെബിയുടെ (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ) അനുമതി ലഭിച്ച ശേഷമായിരിക്കണം സർക്കാരിന്റെ അനുമതി തേടേണ്ടതെന്ന ചട്ടം പാലിക്കുകയാണ് ചെയ്‌തതെന്ന് അദാനി പറയുന്നു.

പങ്കാളിത്തത്തിലൂടെ വിഴിഞ്ഞം തുറമുഖത്തേക്ക് കൂടുതൽ ബിസിനസ് എത്തുമെന്നും സംസ്ഥാനത്തിന് സാമ്പത്തിക വികസനമുണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു. പ്രത്യേകാവകാശങ്ങൾ ഒന്നുമില്ലാത്ത പങ്കാളിയാണ് എം.എസ്.സി. കൺസെഷൻ കരാറിന് അനുസൃതമാണ് ഓഹരി ഇടപാട്. ക്രൂയിസ്,ബങ്കറിംഗ്,കയറ്റുമതി-ഇറക്കുമതി (എക്സിം) പോലുള്ള മറ്റ് ബിസിനസ് സാദ്ധ്യതകൾ വികസിപ്പിക്കാൻ ഇത് വഴിയൊരുക്കും. ഈ ഇടപാടിന് ശേഷവും മാസ്റ്റർ പ്ലാനിനും കൺസെഷൻ കരാറിനും വിധേയമായി അദാനിക്ക് തന്നെയായിരിക്കും തുറമുഖത്തിന്റെ നിയന്ത്രണവും സംയോജനവും.

എം.എസ്.സിയുമായുള്ള പങ്കാളിത്തം തുറമുഖത്ത് കൂടുതൽ വരുമാനമുണ്ടാക്കാനാകും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. വലിയ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയുടെ പങ്കാളിത്തം തുറമുഖത്തെ ശക്തിപ്പെടുത്തുകയും അനുബന്ധ വ്യവസായ മേഖലകളുടെ വികസനത്തിന് വേഗത കൂട്ടുകയും ചെയ്യും. ഒരു കാർഗോ ഓപ്പറേറ്റർ എന്നതിനപ്പുറം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂയിസ് ലൈൻ നടത്തുന്നതും എം.എസ്.സിയാണ്. വിഴിഞ്ഞത്ത് ക്രൂയിസ് ടെർമിനൽ നിർമ്മിക്കാനും ഇത് സഹായകമാവും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഗേറ്റ്‌വേയായി വിഴിഞ്ഞം തുറമുഖം മാറും. കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിൽ തുറമുഖത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാനാവും.

ആഗോള സമുദ്ര,ലോജിസ്റ്റിക്സ് ഹബാവും

എം.എസ്.സിയുടെ പങ്കാളിത്തത്തോടെ വിഴിഞ്ഞത്തെ കാർഗോ കൈകാര്യം ചെയ്യുന്നതിന്റെ അളവ് വേഗത്തിൽ കൂടും. 1.65 ബില്യൺ യു.എസ് ഡോളർ നിക്ഷേപത്തോടെ വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിലേക്ക് കടക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസനം നിർമ്മാണ ഘട്ടത്തിലും പ്രവർത്തന ഘട്ടത്തിലും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആഗോള സമുദ്ര-ലോജിസ്റ്റിക്സ് ഹബായി കേരളം മാറും. രാജ്യത്തിന്റെ ട്രാൻസ്ഷിപ്പ്മെന്റ് ശേഷി വർദ്ധിപ്പിക്കാനിടയാക്കും. എം.എസ്.സിയുമായുള്ള പങ്കാളിത്തം രാജ്യത്തിന്റെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തും. രാജ്യത്തിന് സാമ്പത്തികവും തന്ത്രപരവുമായ നേട്ടമുണ്ടാവും.

ഓഹരി ഇടപാടിൽ ക്രമക്കേടുകളില്ല

ലിസ്റ്റഡ് കമ്പനികൾക്ക് ബാധകമായ സെബി ചട്ടങ്ങൾക്ക് അനുസൃതമായാണ് അദാനി- എം.എസ്.സി ഓഹരി ഇടപാടിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്. അദാനി തുറമുഖ കമ്പനിയായ എ.പി.എസ്.ഇ.എസിലിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി മാത്രമാണ് എം.എസ്.സിയുടെ ഓഹരിയിടപാട്. എ.വി.പി.പി.എല്ലിന്റെ ഓഹരി പങ്കാളിത്ത ഘടനയിൽ ഉടനടി മാറ്റമുണ്ടാവില്ല. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിന് ശേഷം അദാനി സംസ്ഥാന സർക്കാരിനെ വിവരമറിയിച്ചു. ആവശ്യമായ എല്ലാ അനുമതികളും നേടിയ ശേഷമായിരിക്കും ഓഹരി കൈമാറ്റം. സർക്കാരിന്റെ അനുമതിയില്ലാതെ ഓഹരി കൈമാറ്റം സാദ്ധ്യമാവില്ല.

തുറമുഖത്തിന്റെ ഉടമസ്ഥാവകാശം മാറില്ല

ഓഹരി ഇടപാടിന് ശേഷവും ഭൂരിപക്ഷ നിയന്ത്രണം എ.പി.എസ്.ഇ.സെഡിൽ തുടരും. കൺസെഷൻ കരാറിന് വിധേയമായി കമ്പനിയുടെ ഡയറക്ടർ ബോർഡിലെ ഭൂരിഭാഗം ഡയറക്ടർമാരെയും നിയമിക്കുന്നത് എ.പി.എസ്.ഇ.സെഡ് ആയിരിക്കും. തുറമുഖത്തിന്റെ പൂർണമായ പ്രവർത്തനങ്ങളുടെയും മാനേജ്‌മെന്റിന്റെയും ഉത്തരവാദിത്തം എ.പി.എസ്.ഇ.സെഡിനായിരിക്കും. എം.എസ്.സിക്ക് 49% ഓഹരിയും ഡയറക്ടർ ബോർഡിൽ അംഗത്വവും ഉണ്ടായിരിക്കുമെങ്കിലും ഭൂരിപക്ഷ ഓഹരിയുടമ എന്ന നിലയിൽ അദാനി തന്നെയായിരിക്കും തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും. അവരുടെ ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായ പ്രാതിനിദ്ധ്യം ബോർഡിൽ ഉണ്ടായിരിക്കും. ഈ കരാറുകൾ അദാനിയുടെ ഭൂരിപക്ഷ നിയന്ത്രണത്തിലോ മാനേജ്‌മെന്റ് അധികാരത്തിലോ മാറ്റം വരുത്തില്ല.

ആർക്കും കുത്തക ഉണ്ടാവില്ല

ഓഹരിയിടപാടിന് ശേഷവും വിഴിഞ്ഞം തുറമുഖം ഒരു ഓപ്പൺ-ആക്‌സസ് പോർട്ട് ആയി പ്രവർത്തിക്കും. വിഴിഞ്ഞത്ത് വരാൻ ആഗ്രഹിക്കുന്ന എല്ലാ ഷിപ്പിംഗ് കമ്പനികൾക്കും സേവനം നൽകും. എം.എസ്.സിയ്ക്കോ അവരുടെ അനുബന്ധ സ്ഥാപനങ്ങൾക്കോ മാത്രമായി പ്രത്യേക ബെർത്ത് അവകാശങ്ങൾ നൽകുന്നില്ല. മറ്റ് ഷിപ്പിംഗ് ലൈനുകൾക്കുള്ള പ്രവേശനം തടയില്ല. എല്ലാ ഷിപ്പിംഗ് കമ്പനികൾക്കും നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി തുറമുഖത്തിന്റെ സൗകര്യങ്ങൾ ഉപയോഗിക്കാം. തുറമുഖം ഒരു പൊതു ഉപയോക്തൃ ടെർമിനലായി തുടരും. എം.എസ്.സി ഏറെക്കാലമായി ഇന്ത്യയുടെ സമുദ്ര വ്യാപാര യാത്രയുടെ ഭാഗമാണ്. രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ അവർക്ക് സുരക്ഷാ ക്ലിയറൻസുണ്ട്. മുന്ദ്ര (കണ്ടെയ്നർ ടെർമിനൽ നമ്പർ 3), എന്നൂർ തുറമുഖങ്ങളിലെ വിജയകരമായ സംയുക്ത സംരംഭങ്ങൾക്ക് ശേഷമാണ് എം.എസ്.സി വിഴിഞ്ഞത്തെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY