SignIn
Kerala Kaumudi Online
Sunday, 18 October 2026 2.52 AM IST

പട്ടിണിയുടെ വക്കിലും ആഗോള ശക്തിയെന്ന സ്വപ്നം

1

 ഏകദേശം 645 ദശലക്ഷം ആളുകൾ പട്ടിണിയിൽ

 ആകാശചുംബികളായ കെട്ടിടങ്ങൾക്കും, മിന്നിമറയുന്ന സാങ്കേതിക വിദ്യകൾക്കും നടുവിൽ, ലോകം ഒരു വലിയ പ്രതിസന്ധിയെയും നേരിടുന്നു. പട്ടിണി മരണങ്ങളും ദാരിദ്ര്യവും. ഓരോ കാലം ചെല്ലുന്തോറും അത് ക്രമാതീതമായി വർദ്ധിക്കുന്നു. ആഗോളതലത്തിൽ നേരിടുന്ന പ്രധാനപ്പെട്ടതും കഠിനവുമായ വെല്ലുവിളിയായി പട്ടിണി മാറിയെന്ന് ആഗോള വിശപ്പ് സൂചിക (ജി.എച്ച്.ഐ) കണക്കുകൾ പറയുന്നു. വൻ സാമ്പത്തിക വളർച്ചയും സാങ്കേതിക മുന്നേറ്റങ്ങളും അവകാശപ്പെടുമ്പോഴും ലോകത്തിലെ പട്ടിണി മാറ്റാൻ വികസിത-വികസ്വര രാജ്യങ്ങൾക്കാകുന്നില്ല.

ലോകമെമ്പാടും ഏകദേശം 645 ദശലക്ഷം ആളുകളാണ് കടുത്ത വിശപ്പും പോഷകാഹാരക്കുറവും അനുഭവിക്കുന്നത്. ഈ ആഗോള പ്രതിസന്ധിയിൽ നിന്നും ഭാരതവും മുക്തമല്ല. 2026ലെ ആഗോള വിശപ്പ് സൂചിക (ജി.എച്ച്.ഐ) പ്രകാരം മൂല്യനിർണ്ണയം നടത്തിയ 122 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 100 ആണ്. 24.1 എന്ന ജി.എച്ച്.ഐ സ്‌കോർ നേടിയതോടെ 2012 മുതൽ ഇന്ത്യ തുടർന്നുപോരുന്ന 'ഗുരുതരം' എന്ന വിഭാഗത്തിൽ തന്നെ ഇപ്പോഴും തുടരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജി.എച്ച്.ഐ സ്‌കോറിൽ ചെറിയ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും 2006 മുതൽ 2012 വരെയുള്ള കാലയളവിൽ രാജ്യം കൈവരിച്ച പുരോഗതിയുടെ വേഗം പിൽക്കാലത്ത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. 2026ലെ സൂചിക പ്രകാരം ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ (25.5 സ്‌കോർ), സോളമൻ ദ്വീപുകൾ (23.4 സ്‌കോർ) എന്നിവർക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. തിമോർലെസ്‌റ്റെ, പാപുവ ന്യൂഗിനിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ ചില രാജ്യങ്ങളേക്കാൾ ഭേദപ്പെട്ട നിലയിലാണ് ഭാരതം സ്ഥിതി ചെയ്യുന്നത് എന്നത് ആശ്വാസമാണ്.

 നാല് പ്രധാനമാനദണ്ഡങ്ങൾ

നാല് പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ആഗോള വിശപ്പ് സൂചിക കണക്കാക്കുന്നത്. പോഷകാഹാരക്കുറവ് (ആവശ്യത്തിന് കലോറിയുള്ള ഭക്ഷണം ലഭിക്കാത്ത ജനസംഖ്യയുടെ അനുപാതം), കുട്ടികളിലെ ക്ഷീണം/തളർച്ച (പൊക്കത്തിന് അനുസരിച്ച് ഭാരമില്ലാത്ത അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ നിരക്ക്), കുട്ടികളിലെ വളർച്ചാ മുരടിപ്പ് (പ്രായത്തിന് അനുസരിച്ച് പൊക്കമില്ലാത്ത അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ നിരക്ക്), ശിശുമരണ നിരക്ക് (അഞ്ച് വയസ് തികയും മുൻപ് മരണമടയുന്ന കുട്ടികളുടെ നിരക്ക്) എന്നിവയാണിത്. 2026ലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ നിരക്കിൽ ചെറിയൊരു പുരോഗതി ഉണ്ടായിയെന്നാണ്. മുൻ വർഷത്തെ 10.5 ശതമാനത്തിൽ നിന്ന് ഇത് 9.8 ശതമാനമായി കുറഞ്ഞു. എന്നാൽ ഇതിന് വിപരീതമായി കുട്ടികളിലെ ക്ഷീണം 16.9 ശതമാനത്തിൽ നിന്ന് 19.0 ശതമാനമായി വർദ്ധിച്ചത് അതീവ ആശങ്കാജനകമാണ്. ഈ നിരക്ക് നമ്മുടെ മേഖലയിലെ ഏറ്റവും ഉയർന്നതാണ് എന്ന വസ്തുത ഇന്ത്യ നേരിടുന്ന ഭക്ഷ്യ ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

 പോഷകങ്ങൾ പ്രധാനം

പട്ടിക സൂചികയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും പട്ടിണിയും പോഷകാഹാരക്കുറവും നിർമ്മാർജ്ജനം ചെയ്യാനും ചില നടപടികൾ പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ട്: വയറുനിറയ്ക്കൽ എന്നതിനപ്പുറം കലോറിയും പോഷകങ്ങളും അടങ്ങിയ ഭക്ഷണം ലഭ്യമാക്കുകയാണ് ആദ്യപടി. നിലവിൽ സൗജന്യമായി അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്ന അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമെ ചെറുധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ വിതരണം ചെയ്യണം. ഇത് ജനങ്ങളിലേക്ക് ആവശ്യത്തിന് പ്രോട്ടീനും മൈക്രോന്യൂട്രിയന്റുകളും എത്തിക്കും. സ്‌കൂളുകളിലെ ഉച്ചഭക്ഷണം വഴിയും അങ്കണവാടികൾ വഴിയും വിറ്റാമിനുകളും അയണും ചേർത്ത് ഫോർട്ടിഫൈഡ് ചെയ്ത അരി, പാൽ, എണ്ണ നൽകുന്നത് കുട്ടികളിലെയും കൗമാരക്കാരിലെയും പോഷകാഹാരക്കുറവ് പരിഹരിക്കും. ഗർഭധാരണം മുതൽ കുട്ടിക്ക് രണ്ട് വയസ് തികയുന്നത് വരെയുള്ള ആദ്യ 1,000 ദിവസങ്ങൾ ഒരു കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ നിർണായകമാണ്. ഈ ഘട്ടത്തിൽ അമ്മയ്ക്കും കുഞ്ഞിനും കൃത്യമായ പോഷകാഹാരവും ആവശ്യമായ വൈദ്യപരിചരണവും ഉറപ്പാക്കണം. കുട്ടി ജനിച്ച ഉടനെ മുലപ്പാൽ നൽകുന്നതും ആദ്യ ആറ് മാസം പൂർണ്ണമായും മുലപ്പാൽ മാത്രം നൽകുന്നതും കുഞ്ഞുങ്ങളിലെ വളർച്ചാ മുരടിപ്പും രോഗങ്ങളും തടയാൻ സഹായിക്കും. ഗർഭിണികൾക്കിടയിലെ വിളർച്ച തടയാൻ ഐ.എഫ്.എ ഗുളികകളും കൃത്യമായ ഭക്ഷണക്രമവും ഉറപ്പുവരുത്തണം.

 ആരോഗ്യകരമായ അന്തരീക്ഷവും വേണം

പോഷകാഹാരം കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല, അത് ശരീരത്തിൽ പിടിക്കണമെങ്കിൽ ആരോഗ്യകരമായ അന്തരീക്ഷം വേണം. മലിനജലത്തിലൂടെ ഉണ്ടാകുന്ന വയറിളക്കം, വിരബാധ രോഗങ്ങളാണ് കുട്ടികളിൽ പോഷകാഹാരം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിനെ തടയുന്നത്. അതിനാൽ എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കി, ശുചിത്വമുള്ള ശൗചാലയങ്ങളുടെ ഉപയോഗവും സാമൂഹിക ക്ഷേമ പദ്ധതികളും പ്രോത്സാഹിപ്പിക്കണം. പ്രാദേശിക തലത്തിൽ അങ്കണവാടികളുടെയും ആശാ വർക്കർമാരുടെയും പ്രവർത്തനം മെച്ചപ്പെടുത്തുകയും കുട്ടികളുടെ ഉയരവും ഭാരവും കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കുകയും ചെയ്യണം. പ്രാദേശികമായി വൈവിദ്ധ്യമുള്ള പച്ചക്കറികളും ചെറുധാന്യങ്ങളും ഉത്പാദിപ്പിക്കുന്ന ചെറുകിട കർഷകർക്ക് ആവശ്യമായ സാമ്പത്തിക - സാങ്കേതിക സഹായങ്ങൾ സർക്കാർ നൽകണം.

 വരുമാനവർദ്ധനവും വേണം

പാവപ്പെട്ട കുടുംബങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കാനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള ക്ഷേമപദ്ധതികൾ വേതനം വർദ്ധിപ്പിച്ചും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിയും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണം. രാജ്യത്തുടനീളമുള്ള കുട്ടികളുടെ വളർച്ച (ഉയരവും ഭാരവും) കൃത്യമായി രേഖപ്പെടുത്താനും, പോഷകാഹാരക്കുറവുള്ള കുട്ടികളെ തത്സമയം കണ്ടെത്തി ചികിത്സ നൽകാനും ഡിജിറ്റൽ ഡാറ്റാബേസും ആപ്പും (ഉദാഹരണത്തിന് പോഷൻ ട്രാക്കർ) വിപുലമായി ഉപയോഗിക്കണം. ഇന്ത്യ മഹാരാജ്യമെന്ന് നാം അഭിമാനത്തോടെ ഉദ്‌ഘോഷിക്കുമ്പോൾ അതിർത്തികൾക്കുള്ളിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ യഥാർത്ഥ അവസ്ഥയും ചുറ്റുപാടും മാറിമാറി വരുന്ന സർക്കാരുകൾ നിർബന്ധമായും മനസിലാക്കേണ്ടതുണ്ട്. സാമ്പത്തികമായും സാങ്കേതികമായും രാജ്യം പുരോഗതിയുടെ പടവുകൾ ഒന്നൊന്നായി കുതിച്ചുയരുമ്പോൾ സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെയും അടിസ്ഥാന ആവശ്യം നിറവേറ്റപ്പെടുന്നുണ്ടോ എന്ന് പുനരവലോകനം ചെയ്യണം. യഥാർത്ഥ വികസനം ആരംഭിക്കേണ്ടത് ആകാശംമുട്ടുന്ന കെട്ടിടങ്ങളിൽ നിന്നോ വ്യവസായങ്ങളിൽ നിന്നോ അല്ല, മറിച്ച് അടിത്തട്ടിലുള്ള പട്ടിണി പാവങ്ങളുടെ വയറുനിറയ്ക്കുന്നതിൽ നിന്നാണെന്ന വസ്തുത നാം മറക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HUNGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION