
അതൊരു അന്വേഷണയാത്രയായിരുന്നു. സ്വപ്നങ്ങളും അനുഭവങ്ങളും ചേർന്നൊരുക്കിയ വഴികളിലൂടെ പറവൂർ സ്വദേശി സുധീഷ് എന്ന ചെറുപ്പക്കാരന്റെ സമാനതകളില്ലാത്ത അനുഗ്രഹയാത്ര. ഒരേയൊരു ചോദ്യമേ മനസിൽ ഉണ്ടായിരുന്നുള്ളൂ-ആരാണ് ഞാൻ. തത്വമസിയുടെ പൊരുൾ തേടിയെത്തിയത് ഹരിദ്വാറിൽ. ഭാഷയോ ഭക്ഷണമോ ചിന്തകളോ തടസമായില്ല. അവിടെനിന്ന് ഹൃഷികേശിൽ. ഒന്നുമറിയാതെ തീർത്ഥഘട്ടത്തിൽ പകച്ചുനിന്നപ്പോൾ, അരുവിയിൽ നിന്ന് വെള്ളമെടുക്കുന്ന ഒരു തേജോരൂപം സൂക്ഷിച്ചു നോക്കി. ആ ചെറുചിരിയിൽ ജന്മാന്തര ബന്ധങ്ങളുടെ കാന്തിക വലയമുണ്ടായിരുന്നു. ബാബ കൽക്കിനാഥായിരുന്നു അത്.
നീട്ടിവളർത്തിയ താടിയും മുടിയും. തലയിലൊരു ചുവന്ന വട്ടക്കെട്ട്. വേഷവും ചുവപ്പ്. ശരീരമാകെ വെള്ളപ്പാണ്ഡുള്ള കൃശഗാത്രൻ. എവിടെനിന്നാണ് വരവെന്ന് ചോദിച്ചു. കേരളത്തിൽനിന്ന് എന്നു പറഞ്ഞപ്പോൾ, ഞങ്ങളുടെ ശങ്കരന്റെ (ശ്രീശങ്കരാചാര്യർ) നാട്ടിൽ നിന്നല്ലേയെന്നു കുസൃതിയോടെ ചോദിച്ച് ആശ്രമത്തിലേക്കു കൊണ്ടുപോയി. കാലംകാത്തുവച്ച പുണ്യനിമിഷമായിരുന്നു അത്. ശിഷ്യന്റെ വരവുകാത്തിരിക്കുകയായിരുന്നു ഗുരുവെന്നു തോന്നി. നാലരവർഷത്തെ സാധന. ഹോമാഗ്നി ജ്വലിപ്പിക്കാനാണ് ആദ്യം പഠിപ്പിച്ചത്. ഭൂമി, ജലം, ആകാശം, അഗ്നി, വായു എന്നീ പഞ്ചഭൂതങ്ങളെക്കുറിച്ചായിരുന്നു തുടർപഠനം. അപ്പോഴേക്കും പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിത്തുടങ്ങി. ഗുരുവിന്റെ മൗനം വാചാലവും പുഞ്ചിരി പ്രചോദനവും ആയിരുന്നു. ഒടുവിൽ സർപ്പകുണ്ഡലിനി ദീക്ഷ നൽകി ഗുരുനാഥൻ അനുഗ്രഹിച്ചു. ഇട, പിംഗള, സുഷുമ്ന നാഡികളിലെ ഊർജപ്രവാഹം അനുഭവിച്ചറിഞ്ഞു.
ചെറുപ്പത്തിൽത്തന്നെ യോഗി പറവൂർ സുധീഷിന് ആത്മീയമാർഗത്തിലായിരുന്നു താത്പര്യം. വീട്ടുകാർക്കൊപ്പം വർഷത്തിലൊരിക്കൽ കാശിയിൽ പോകുമായിരുന്നു. ദുർഗയെ ഉപാസിക്കുന്ന വൈദിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. അമ്മാവൻ ശശിധരനാണ് തിരിച്ചറിഞ്ഞത്. കുലദേവതയെ കണ്ടെത്തി ഉപാസിക്കുന്നതിന് അപ്പുറം മറ്റൊരു ആത്മീയതയില്ലെന്നാണ് പൊതുവിശ്വാസം. ദൈവമെന്നത് ഒരു പ്രതിഷ്ഠയിലൊതുങ്ങുന്നതാണെന്നത് തെറ്റിദ്ധാരണയാണ്. കുലത്തിലെ ഗുരുവിനെയും കുലദേവതയെയും അറിഞ്ഞശേഷം ആ ചൈതന്യത്തെ ഉള്ളിൽ കുടിയിരുത്തണം. 'ഞാൻ തന്നെയാണ് നീ' എന്ന തിരിച്ചറിവാണിത്.
ഹിമാലയത്തിലെ ദിവ്യദർശനം
ഗുരുവിനൊപ്പം ഹിമാലയത്തിലേക്കുള്ള യാത്രയായിരുന്നു മറ്റൊരു ജീവിതനിയോഗം. ഹിമാലയത്തെ അടുത്തറിഞ്ഞു മടങ്ങി. രണ്ടാമത്തെ യാത്രയിൽ, ഹിമവാന്റെ മടിത്തട്ടിൽ വ്യാഖ്യാനങ്ങൾക്കതീതമായ സത്യങ്ങൾ അനുഭവിച്ചറിഞ്ഞു. മഞ്ഞിന്റെ ഉള്ളറകളിൽ എവിടെയോ ഉള്ള ഗുഹയിൽ മഹാവതാർ ബാബാജിയുടെ ദർശനം ലഭിച്ചു. യുഗങ്ങളായി അവിടെ ജീവിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്ന അദ്ദേഹം കുട്ടിയുടെ രൂപത്തിലാണ് ദർശനം നൽകിയത്. ശരീരം പൂത്തുലയുന്ന അനുഭവമായിരുന്നു. ഓരോ അണുവിലും പരമാനന്ദം അനുഭവിച്ചറിഞ്ഞു. അങ്ങനെ ഗുഹയിൽ നാലുദിവസം കഴിഞ്ഞു. ക്രിയായോഗയുടെ അനന്തസാദ്ധ്യതകളിലേക്കുള്ള അറിവുകളുമായാണ് ബാബ കൽക്കിനാഥിനൊപ്പം ഹരിദ്വാറിലേക്കു മടങ്ങിയത്. അദ്ദേഹത്തിൽനിന്ന് ക്രിയായോഗ അഭ്യസിച്ചു. നാട്ടിലേക്കു മടങ്ങാനും നിരന്തരം ഇതു പരിശീലിച്ചശേഷം, മറ്റുള്ളവർക്കു പകർന്നു നൽകാനും ഗുരു ഉപദേശിച്ചു. അതിനുള്ള സമയം സ്വയം തിരിച്ചറിയാനാകുമെന്നും പറഞ്ഞു. ആ ദൗത്യം ഏറ്റെടുത്തു. യോഗി പറവൂർ സുധീഷിന്റെ മടക്കയാത്ര പുതിയൊരു ദൗത്യത്തിന്റെ തുടക്കമായിരുന്നു. ഒട്ടേറെ ശിഷ്യർ ക്രിയായോഗയുടെ അദ്ഭുത ഫലങ്ങൾ അനുഭവിച്ചറിയുന്നു.
ആർക്കും പരിശീലിക്കാമെന്നതാണ് ക്രിയായോഗയെ വ്യത്യസ്തമാക്കുന്നത്. പുലർച്ചെ മൂന്നരയോടെ എഴുന്നേൽക്കുന്ന യോഗി സുധീഷ് ധ്യാനത്തിലേക്കും യോഗ പരിശീലനത്തിലേക്കും കടക്കുന്നു. ഒരു ദിവസത്തേക്കുള്ള ഊർജം മുഴുവൻ അതിൽനിന്നു ലഭിക്കും. ദിവസത്തിൽ ഉച്ചയ്ക്ക് ഒരുനേരം മാത്രമാണ് ഭക്ഷണം. ഇഷ്ടമുള്ളത് എന്തും കഴിക്കുന്നതാണ് ശീലം.
സ്വയം തിരിച്ചറിയൽ എന്ന പരമാനന്ദം
തന്നിലെ ആത്മബോധത്തെ കണ്ടെത്തുന്നതാണ് ഓരോ വ്യക്തിയുടെയും ജീവിതവിജയമെന്ന് യോഗി സുധീഷ് പറയുന്നു.
ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്ന, കഠിന യോഗമുറകൾ പിന്തുടരുന്ന ഒരു അനുഷ്ഠാനവും ഇവിടെയില്ല. ജീവിതത്തെ ത്യജിക്കാതെ തന്നെ മനസിനെ തിരിച്ചറിവുകളുടെ പ്രകാശബിന്ദുവിൽ കേന്ദ്രീകരിക്കാം. ആത്മീയത ആർക്കും അനുഭവിച്ചറിയാം. അതുകൊണ്ടുതന്നെ കാലാതീതമാണ് ക്രിയയോഗ.
ക്രിയായോഗ ചെയ്യാൻ ഭൗതികജീവിതത്തിൽനിന്നു മാറി സഞ്ചരിക്കേണ്ടതില്ല. ആർക്കും പരിശീലിക്കാം. ശരീരത്തിലെ ഓരോ രോമകൂപത്തിലൂടെയും ശ്വസിക്കാനാകുമെന്നു യോഗിക്ക് തിരിച്ചറിയാനാകും. അതായത് മൂക്കിലൂടെയോ വായയിലൂടെയോ അല്ലാതെയും ശ്വസിക്കാം. ശരീരത്തിലെ ഓരോ അവയവത്തിനും നേരിട്ട് ശ്വാസം കിട്ടുന്ന അവസ്ഥയിലെത്തുമ്പോഴാണ് ഒരാൾ യോഗിയാകുക. അറിഞ്ഞുകൊണ്ടുള്ള മരണംപോലും ആനന്ദകരമാകും. ഓരോ അവയവത്തിനും യോജിച്ച ക്രിയകൾ ക്രിയായോഗയിലുണ്ട്. ശാരീരികമായ പല ദൗർബല്യങ്ങളും ഇല്ലാതാക്കാം. ജീവിത പങ്കാളിയും ഇതുപരിശീലിപ്പിക്കണമെന്ന് ആചാര്യന്മാർ പറയുന്നു. വ്യക്തികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളെ ഉണർത്തി വ്യക്തിത്വ വികസനം പൂർണമാക്കുന്നു. ശരീരം പൂർണ വിശ്രമത്തിലാണെങ്കിലും മനസ് ശ്രദ്ധയോടെ പ്രവർത്തിക്കുന്നു. ഇത് സമ്മർദ്ദം കുറയ്ക്കുകയും സർഗാത്മകത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ശ്വസന നിയന്ത്രണത്തിലൂടെ ശരീരത്തിലെ രോഗങ്ങളെയും രോഗാവസ്ഥയെയും ഇത് നിയന്ത്രിക്കുന്നു. ശരീരവും ആത്മാവുമായുള്ള ബന്ധം എന്താണെന്ന് സ്വയം ചിന്തിക്കാൻ സഹായിക്കുന്നു. ശ്വാസത്തെ നിയന്ത്രിച്ചുകൊണ്ട് മനസിനെ കൈയിലെടുക്കാം. അതുവഴി പ്രാണനെയും. പ്രകൃതിയെപ്പോലും സ്വാധീനിക്കാനാകും.
'ചക്രങ്ങളെ" ഉണർത്തുന്ന 'സർപ്പം"
യോഗയെന്നത് ശാസ്ത്രീയമായ പ്രക്രിയയാണ്. ശ്വാസമാണ് ജീവന്റെ അടിസ്ഥാനം. മൂലാധാരം, സ്വാദിഷ്ഠാനം തുടങ്ങി നട്ടെല്ലിലെ ഏഴ് ചക്രങ്ങളെ സർപ്പത്തെപ്പോലെ ചുറ്റിയ നാഡികളാണ് ഇടയും, പിംഗളയും. ഈ നാഡികളെ ഉദ്ദീപിപ്പിക്കുമ്പോൾ ചക്രങ്ങൾ ഉണരുന്നു. അതായത്, ഒരു റോക്കറ്റിനെ ജ്വലിപ്പിക്കുന്ന അഗ്നിപോലെ. ഇടനാഡിയെ ശിവനായും പിംഗളനാഡിയെ ശക്തിയായും കാണുക. ഈ നാഡികളുടെ അഗ്രമാണ് മൂക്കെന്നു പറയാം. ശിവശക്തിയുടെ സംഗമമാണ് ശാസ്ത്രീയ ശ്വാസോച്ഛ്വാസം. ഇടതു മൂക്കിലൂടെ ശ്വാസമെടുത്ത് വലതു മൂക്കിലൂടെ പുറത്തേക്കും നേരെ തിരിച്ചും ചെയ്യുക. നാഡീശുദ്ധിയാണ് ഇതിലൂടെ സംഭവിക്കുന്നത്. മനുഷ്യൻ ശ്വസിക്കുന്നതും സർപ്പം ചീറ്റുന്നതും തമ്മിൽ സാമ്യമുണ്ട്.
ക്രിയായോഗ മസ്തിഷ്ക തരംഗങ്ങൾക്ക് കൂടുതൽ ഉണർവേകി ചിന്തകളെയും വികാരങ്ങളെയും ശാന്തവും ക്രിയാത്മകവുമാക്കുന്നു. ശ്വസന നിയന്ത്രണത്തിലൂടെ നെഗറ്റീവ് എനർജിയെ പുറന്തള്ളുന്നു. മനുഷ്യന്റെ അവസ്ഥകൾക്ക് അനുസൃതമായി ശ്വാസഗതിപോലും മാറുന്നു. സന്തോഷം വരുമ്പോഴും ദേഷ്യപ്പെടുമ്പോഴും ദുഃഖിക്കുമ്പോഴും ശ്വാസഗതിയിൽ മാറ്റമുണ്ടാകും.
മനസിനനുസരിച്ച് ശ്വാസഗതി മാറുന്നത് പോലെ തന്നെ, ശ്വാസഗതി നിയന്ത്രിക്കുന്നതിലൂടെ മനസിനെയും അതിന്റെ വികാരങ്ങളെയും മാറ്റാനാകും. ശാസ്ത്രവും ആത്മീയതയും ഒരുപോലെ അംഗീകരിക്കുന്ന സത്യമാണിത്. അതായത്, നെഗറ്റീവ് എനർജിയെയും വികാരങ്ങളെയും പുറന്തള്ളാൻ ശ്വസനത്തെക്കാൾ മികച്ച ഒന്നുമില്ല. മനസിന്റെ കടിഞ്ഞാൺ കൂടിയാണ് ശ്വാസം. കടിഞ്ഞാണിലൂടെ ഒരു മൃഗത്തെ നിയന്ത്രിക്കുന്നത് പോലെ ശ്വസനപ്രക്രിയയിലൂടെ മനസിനെയും നിയന്ത്രിക്കാം.
ബാഹ്യലോകം മനസിന്റെ പ്രതിഫലനം
പ്രപഞ്ചസമസ്യകളെ അക്ഷോഭ്യനായി നേരിടാൻ കഴിയുന്ന യോഗാ സാധകന്റെ മാനസിക ഔന്നത്യം അനന്തമാണ്. സാധകൻ എങ്ങനെ കാണുന്നുവോ അതാണ് ഈ ലോകം. ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ബാഹ്യലോകം എന്നത് മനസിന്റെ പ്രതിഫലനം മാത്രം. ഉള്ളിൽ ഭയമോ ദേഷ്യമോ ആണെങ്കിൽ പുറംലോകവും അങ്ങനെയാണെന്നു തോന്നും. ഉള്ളിൽ സമാധാനവും സ്നേഹവുമാണെങ്കിൽ ലോകം മനോഹരമായി അനുഭവപ്പെടും. 'യഥാ പിണ്ഡേ തഥാ ബ്രഹ്മാണ്ഡേ" (നമ്മുടെ ഉള്ളിൽ എന്താണോ, അതുതന്നെയാണ് പ്രപഞ്ചത്തിലും) എന്നാണ് പ്രമാണം. പിണ്ഡം എന്നാൽ സൂക്ഷ്മമായ മനുഷ്യശരീരവും, ബ്രഹ്മാണ്ഡം എന്നാൽ വിശാലമായ പ്രപഞ്ചമെന്നും അർത്ഥമാക്കുന്നു. ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന അദ്വൈത ദർശനത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണിത്.
സാധാരണക്കാരൻ സാഹചര്യങ്ങൾക്ക് അടിമപ്പെടുമ്പോൾ യോഗാസാധകൻ ആന്തരിക മാറ്റത്തിലൂടെ ലോകത്തെ ഉൾക്കൊള്ളുന്നു. ഞാൻ തന്നെയാണ് ലോകം എന്ന എന്ന പരമമായ തിരിച്ചറിവാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |