
എസ്.ഐ.ആർ എന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ പദ്ധതിയോ തന്ത്രമോ അല്ല. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ഒരു നടപടിക്രമം മാത്രമാണ്. തെറ്റായി നീക്കം ചെയ്യപ്പെട്ട ഒരു പേര് തിരികെ ലഭിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെടുന്നതു കൊണ്ട് കാര്യമില്ല. രേഖാമൂലമുള്ള പരാതികൾ, സുതാര്യമായ വിവരങ്ങൾ, നീതിന്യായ പരിശോധന എന്നിവയിലൂടെയാണ് അതിന് പരിഹാരം കാണാനാവുക
എസ്.ഐ.ആർ (തീവ്ര വോട്ടർപട്ടിക പുതുക്കൽ) പ്രക്രിയയുടെ നിയമപരമായ സാധുതയും നടപ്പാക്കലിലെ പോരായ്മകളും വേർതിരിച്ചു കാണേണ്ടതുണ്ട്. രാജ്യത്തുടനീളം നടക്കുന്ന സമീപകാല സംഭവങ്ങൾ, എസ്.ഐ.ആർ സംബന്ധിച്ച ചർച്ചകളെ കൂടുതൽ സങ്കീർണ്ണവും ശബ്ദമുഖരിതവുമാക്കിയിരിക്കുന്നു. ഈ വിഷയം സമഗ്രമായി മനസിലാക്കാൻ മൂന്ന് കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. എന്താണ് എസ്.ഐ.ആർ, എന്തുകൊണ്ട് അത് ആവശ്യമാണ്, ഇതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പങ്കെന്താണ് എന്നിവയാണവ.
ആദ്യമേ തന്നെ പറയട്ടെ, എസ്.ഐ.ആർ എന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ പദ്ധതിയോ തന്ത്രമോ അല്ല. മറിച്ച് ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ഒരു നടപടിക്രമം മാത്രമാണ്. ഭരണഘടനയുടെ 324-ാം അനുച്ഛേദവും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21(3)-ാം വകുപ്പും പ്രകാരം തീവ്ര വോട്ടർപട്ടിക പുതുക്കൽ നടത്താനുള്ള കമ്മിഷന്റെ അധികാരം സുപ്രീംകോടതി 2026 മേയ് മാസത്തിലെ വിധിയിൽ അസന്ദിഗ്ദ്ധമായി ശരിവച്ചിട്ടുണ്ട്.
പതിവ് വാർഷിക പുതുക്കൽ നടപടികളിൽ നിന്ന് വ്യത്യസ്തമാണ് എന്നതുകൊണ്ട് ഈ പ്രക്രിയ നിയമ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന തത്വവുമായി പൊരുത്തപ്പെടുന്നതാണ് എസ്.ഐ.ആറിന്റെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ സാധുതയുടെ കാര്യത്തിൽ ഈ വിഷയം ഇതിനകം തന്നെ തീർപ്പാക്കപ്പെട്ട ഒന്നാണ്.
എസ്.ഐ.ആർ
അനിവാര്യമാകുന്നത്
സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് കുറ്റമറ്റ വോട്ടർ പട്ടിക അത്യന്താപേക്ഷിതമാണ്. മിക്ക സംസ്ഥാനങ്ങളിലും വോട്ടർ പട്ടികയുടെ സമഗ്രമായ പുനഃപരിശോധന അവസാനമായി നടന്നത് 2000ങ്ങളുടെ തുടക്കത്തിലാണ്. അതിനുശേഷം രണ്ട് പതിറ്റാണ്ടുകളായി വലിയ തോതിലുള്ള കുടിയേറ്റം, അതിവേഗത്തിലുള്ള നഗരവത്കരണം, രേഖപ്പെടുത്തപ്പെടാതെ പോയ മരണങ്ങൾ എന്നിവ സംഭവിച്ചിട്ടുണ്ട്.
അതിന്റെ ഫലമായി, പലരും ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർമാരാണ്. ഇത്തരം കാരണങ്ങളാൽ രൂപപ്പെട്ട പിശകുകളും ഒന്നിലധികം സ്ഥലങ്ങളിലുള്ള പേരുകളും സാധാരണയായി നടത്തുന്ന വാർഷിക പുനഃപരിശോധനയിലൂടെ പൂർണമായി പരിഹരിക്കാനാവില്ല. അതിനാൽ, ഇടയ്ക്കിടെയുള്ള പുനഃസർവേ എന്നത് പ്രായോഗികമായ ആവശ്യകതയാണ്.
ആരോപണമല്ല,
തെളിവാണ് മുഖ്യം
രേഖകൾ ഹാജരാക്കാനുള്ള ബാദ്ധ്യത കുടിയേറ്റക്കാർ, ദരിദ്രർ, സ്ത്രീകൾ എന്നിവരിലാണ് ഏറ്റവും കൂടുതൽ അടിച്ചേൽപ്പിക്കപ്പെടുന്നതെന്നും അതിനാൽ, അർഹരായ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ നിന്ന് പുറത്താകേണ്ടി വന്നേക്കാമെന്നും വിമർശകർ വാദിക്കുന്നു. പൗരത്വം സംബന്ധിച്ച വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർണായകമായ ഇടപെടൽ നടത്തുന്നതിനെ അവർ എതിർക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രക്രിയ നടത്തുന്നു, സുതാര്യതയുടെ അഭാവം കമ്മിഷനിലുള്ള വിശ്വാസത്തിന് മങ്ങലേൽപ്പിച്ചു തുടങ്ങിയവയും ആരോപിക്കുന്നു. പ്രതിപക്ഷത്തിന്റെ പരാതികളോട് പ്രതികരിക്കുന്നതിൽ കമ്മിഷൻ കാലതാമസം വരുത്തുന്നുണ്ടെന്നും വിമർശകർ പരാതിപ്പെടുന്നു.
ഏകപക്ഷീയമായ തീരുമാനങ്ങൾ, അധികാരം ദുരുപയോഗം ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. അതുകൊണ്ട്, ഈ നടപടിക്രമം നീതിയുക്തവും കൃത്യവുമായിരുന്നോ എന്നത് വസ്തുതാപരമായ പരിശോധനയിലൂടെ മാത്രം ഉത്തരം കണ്ടെത്തേണ്ട കാര്യമാണ്. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ എത്രപേരെ തിരികെ ഉൾപ്പെടുത്തി, വ്യാജമായ എത്ര പേരുകൾ യഥാർത്ഥത്തിൽ നീക്കം ചെയ്തു, അന്തിമമായി എത്രപേരെ ഒഴിവാക്കി എന്നിങ്ങനെയുള്ള കണക്കുകളിലാണ് ഇതിനുള്ള ഉത്തരം അടങ്ങിയിരിക്കുന്നത്.
പഴയതും പുതുക്കിയതുമായ വോട്ടർ പട്ടികകൾ തമ്മിൽ വോട്ടർമാരുടെ എണ്ണത്തിൽ എത്ര വലിയ അന്തരം ഉണ്ടാകാമെന്ന് ചില സംസ്ഥാനങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഭാവിയിലെ തിരഞ്ഞെടുപ്പുകളെ ദോഷകരമായി ബാധിച്ചേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ എസ്.ഐ.ആർ അംഗീകരിക്കപ്പെടേണ്ടതുണ്ട് എന്നതും ശ്രദ്ധേയമാണ്. ഏറ്റവും ഒടുവിലായി നടന്ന തിരഞ്ഞെടുപ്പുകളെ എസ്.ഐ.ആർ ബാധിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത് കേവലം സൈദ്ധാന്തികമായ ചർച്ച മാത്രമാണ്.
ഓരോ തിരഞ്ഞെടുപ്പിന് മുമ്പും വോട്ടർ പട്ടിക പൂർണമായി പുതുക്കുക എന്നത് പ്രായോഗികമല്ല. അതേസമയം, പുതുക്കാതിരുന്നാൽ വോട്ടർ പട്ടികയിൽ അനാവശ്യമായ പേരുകൾ നിറയുന്നതും അത് അവിശ്വസനീയമായി മാറുന്നതും പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും.
കോടതിയെ സമീപിക്കാം
ഓരോ നടപടിയും യാതൊരു പിഴവുകളുമില്ലാതെയാണ് സ്വീകരിച്ചതെന്നും അതിനാൽ നടപ്പാക്കലിൽ ഒരു കുറവുകളും ഉണ്ടായിട്ടില്ലെന്നും പറയുന്നത് അപ്രായോഗികമായ സങ്കൽപ്പം മാത്രമായിരിക്കും. നടപ്പാക്കലിലുണ്ടാകുന്ന പോരായ്മകൾ ആ പ്രക്രിയയെ മൊത്തത്തിൽ അസാധുവാക്കുന്നില്ല.
നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായി ആരോപണമുണ്ടാകുമ്പോൾ, ആവശ്യമെങ്കിൽ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുകയാണ് അതിനുള്ള പരിഹാരം. കോടതികൾ മുൻപും അത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
തെറ്റായി നീക്കം ചെയ്യപ്പെട്ട ഒരു പേര് തിരികെ ലഭിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെടുന്നതു കൊണ്ട് കാര്യമില്ല. രേഖാമൂലമുള്ള പരാതികൾ, സുതാര്യമായ വിവരങ്ങൾ, നീതിന്യായ പരിശോധന എന്നിവയിലൂടെയാണ് അതിന് പരിഹാരം കാണാനാവുക. ഇത് ഭരണഘടനയെയും ഭരണഘടനാപരമായ മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതിന് തുല്യമാണ്.
(കേരള ഹൈക്കോടതി മുൻ ജഡ്ജിയാണ് വി. ചിദംബരേഷ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |