SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.07 AM IST

ഇന്ത്യയുടെ ഇന്റർനെറ്റ് വിപ്ലവവും ഇലോൺ മസ്‌കും

a



ഇന്ത്യ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഇന്റർനെറ്റ് കണക്ടിവിറ്റി രൂപപ്പെടുത്തിയിട്ടുളള രാജ്യമാണ്. ദശലക്ഷങ്ങളെ ശാക്തീകരിക്കുന്ന ഈ സാങ്കേതിക മാറ്റത്തിൽ സ്റ്റാർ ലിങ്ക്സ് നിഴൽ പരത്തേണ്ട കാര്യമില്ല.

സ്റ്റാർ ലിങ്ക്സിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ ഇവിടത്തെ ശക്തമായ ചില ബിസിനസ് താൽപ്പര്യങ്ങൾ തടസപ്പെടുത്തുന്നുവെന്ന മസ്‌കിന്റെ അഭിപ്രായം വലിയ അന്താരാഷ്ട്ര ശ്രദ്ധ നേടി. ഇന്ത്യയുടെ ടെലി കമ്യൂണിക്കേഷൻ വിപണി ഇവിടത്തെ ചില വമ്പന്മാർ കൈയ്യടക്കി വച്ചിരിക്കുകയാണെന്നാണ് ഈ ശതകോടീശ്വരൻ ആരോപിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യൻ ഗവൺമെന്റ് ഇത് ശക്തമായി നിഷേധിച്ചിട്ടുണ്ട്.

എന്നാലും ഈ വിവാദം കൂടുതൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഒരിക്കൽ വളരെ വിലയേറിയ ടെലിഫോൺ കണക്ഷനുകളും പരിമിതമായ ഇന്റർനെറ്റ് സൗകര്യങ്ങളും മാത്രമുണ്ടായിരുന്ന ഇന്ത്യ എങ്ങനെ ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ സംവിധാനത്തിന് ഉടമകളായി എന്നതാണ് ആ പ്രസക്തി. അതിനുത്തരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ രാജ്യം കൈവരിച്ച സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റമാണ്.

ഇന്ത്യയുടെ ഇന്റർനെറ്റ് വിപ്ലവം കേവലം വേഗത്തിൽ സാദ്ധ്യമാകുന്ന ഡൗൺലോഡ് സംവിധാനമോ കുറഞ്ഞ ചെലവിലുളള മൊബൈൽ സബ്സ്‌ക്രിപ്ഷൻസോ അല്ല. മറിച്ച്, പൗരന്മാർ എങ്ങനെ ആശയ വിനിമയം നടത്തുന്നു എന്നതും എങ്ങനെ ബിസിനസ് നടത്തുന്നു എന്നതും എങ്ങനെ വിദ്യാഭ്യാസം നേടുന്നു എന്നതും ഏതു വിധത്തിൽ സർക്കാർ സേവനങ്ങൾ ലഭിക്കുന്നു എന്നതും എങ്ങനെ ആധുനിക സമ്പദ്ഘടനയിൽ പങ്കാളികളാകുന്നു എന്നതിനെയെല്ലാം ആശ്രയിച്ചാണ്.

ഇന്ത്യയുടെ തോതിൽ ഡിജിറ്റൽ കണക്ടിവിറ്റി നേടിയിട്ടുള്ള രാജ്യങ്ങൾ ചുരുക്കമാണ്. വ്യത്യസ്ത ഭൂവിഭാഗങ്ങളിലായി , വ്യത്യസ്ത സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകളിൽ കഴിയുന്ന 140 കോടി ജനങ്ങൾ നേടിയ ഡിജിറ്റൽ കണക്ടിവിറ്റിയുമായി താരതമ്യപ്പെടുത്താവുന്ന നില പോലും ചുരുക്കം രാജ്യങ്ങളേ കൈവരിച്ചിട്ടുള്ളു.

എല്ലാവർക്കും താങ്ങാൻ കഴിയുന്ന മൊബൈൽ ഇന്റർനെറ്റ് സംവിധാനമാണ് ഇതിന്റെ കേന്ദ്രബിന്ദു. രൂക്ഷമായ മത്സരവു ഗണ്യമായ സ്വകാര്യ നിക്ഷേപവും ഇതിനെ പിന്തുണയ്ക്കുന്ന സർക്കാർ നയവും ദ്രുതഗതിയിലുള്ള സാങ്കേതികത കൈവരിക്കലും ഒക്കെയാണ് ദശലക്ഷക്കണക്കിനാളുകൾക്ക് മൊബൈൽ ഡാറ്റ ലഭ്യമാക്കാൻ സഹായകമായത്. ഒരിക്കൽ വലിയ ആർഭാടമായി കരുതിയിരുന്നത് ഇന്ന് ദൈനംദിന അനിവാര്യതയായി മാറി.

കേരളത്തിന്റെ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മുതൽ അങ്ങു ഹിമാലയ ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾ വരെയുള്ളവർക്ക് ഡിജിറ്റൽ കണക്ടിവിറ്റി സാധ്യമായിരിക്കുന്നു.

കേരളത്തെ സംബന്ധിച്ച് ഇതിന് സവിശേഷ പ്രാധാന്യമുണ്ട്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലും ആഗോള ബന്ധങ്ങളിലും പേരു കേട്ട കേരളത്തിന് വികസിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിൽ നിന്ന് വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിയും. ഐ.ടി. രംഗത്തെ കുതിച്ചുചാട്ടം, ഹൈ സ്പീഡ് ഇന്റർനെറ്റ്, ഡിജിറ്റൽ സംരംഭങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസം, ടെലി മെഡിസിൻ, അന്താരാഷ്ട്ര വ്യാപാരം എന്നിവയെ ആശ്രയിച്ചാണ് ഐ.ടി. ആവാസ വ്യവസ്ഥ മുന്നേറുന്നത്. ഇത് കേരളത്തിലെ പ്രതിഭയുള്ള തൊഴിൽ ശക്തിക്ക് അന്താരാഷ്ട്ര വിപണികളിൽ ഇടപെടാനും സൗകര്യമൊരുക്കുന്നു. വിപുലമായ ഇന്ത്യൻ ഡിജിറ്റൽ ആവാസ വ്യവസ്ഥ ഈ നേട്ടങ്ങളെ പതിന്മടങ്ങ് വർധിപ്പിക്കുന്നുണ്ട്.

യു.പി.ഐ. സംവിധാനം ദൈനം ദിന പണമിടപാടുകൾ വേഗത്തിലാക്കി. ബിസിനസ് മേഖലയ്ക്ക് ഈ ഡിജിറ്റൽ പണമിടപാട് കൂടുതൽ സഹായകരമായി. ചെറുകിട കച്ചവടക്കാർ , തെരുവുവാണിഭക്കാർ , നാട്ടുമ്പുറങ്ങളിലെ കടക്കാർ എന്നിവർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞത് വലിയ മാറ്റങ്ങൾക്ക് ഇട നൽകി. ക്ഷേമ സേവനങ്ങൾക്ക് ഗവൺമെന്റിനെ സഹായിക്കാനും ഇതുവഴി സാധിച്ചു.
ഇതാണ് ഇന്ത്യയിലെ ഇന്റർനെറ്റ് വിപ്ലവത്തെ അടയാളപ്പെടുത്തുന്നത്. കേവലമായ ഉപഭോക്തൃ സേവനത്തിൽ നിന്ന് സാമ്പത്തിക പങ്കാളിത്തത്തിലേക്ക് ജനങ്ങളെ പരിവർത്തനപ്പെടുത്തി.

ഈ പശ്ചാത്തലത്തിലാണ് ഒരു വിദേശ സാറ്റലൈറ്റ് ഓപ്പറേറ്ററുടെ കടന്നുവരവ് രാജ്യത്തെ ഡിജിറ്റൽ സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കുന്ന നില കാണേണ്ടത്. സ്റ്റാർ ലിങ്ക് ഒരു പക്ഷെ അമൂല്യമായ സാങ്കേതിക ശേഷി വാഗ്ദാനം ചെയ്‌തേക്കാം. പ്രത്യേകിച്ച് പരമ്പരാഗത ഫൈസർ ശൃംഖലയ്ക്ക് എത്തിപ്പെട്ടാൽ കഴിയാത്ത വിദൂര മലമ്പ്രദേശങ്ങളിലും ഒറ്റപ്പെട്ട തുരുത്തുകളിലും. ഇത്തരം നവീകരണങ്ങൾ ഇന്ത്യ സ്വാഗതം ചെയ്യണം. വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നത് ഇവിടത്തെ നിയന്ത്രണ ചുമതലകൾ ഇല്ലാതാക്കുന്നതിനോ ഏതെങ്കിലുമൊരു കമ്പനിക്ക് സവിശേഷ പരിഗണന നൽകുന്നതിനോ ഒന്നുമല്ല. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സ്‌പെക്ട്രം മാനേജ്‌മെന്റ്, ദേശീയ സുരക്ഷാ പരിഗണനകൾ, ലൈസൻസിനുളള ഉപാധികൾ, ക്രിട്ടിക്കൽ കമ്യൂണിക്കേഷൻ സംവിധാനത്തിനുള്ള സംരക്ഷണം എന്നിവയടങ്ങിയതാണ്. ഏതൊരു പരമാധികാര രാഷ്ട്രത്തിന്റെയും നിയമപരമായ ഉത്തരവാദിത്വവുമാണിത്.

സ്റ്റാർ ലിങ്കോ അതുപോലെയുള്ള അപേക്ഷകരോ രാജ്യത്തെ നിയമ നിയന്ത്രണ സംവിധാനങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയരാകേണ്ടതാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം പരിശോധനാ മാനദണ്ഡങ്ങൾ ഈ മേഖലയിലെ നവീകരണത്തിനോ രാജ്യാന്തര നിക്ഷേപത്തിനോ സ്വമേധയാ തന്നെ എതിരാണെന്ന് ധരിക്കേണ്ടതില്ല. യഥാർത്ഥത്തിൽ ഇന്ത്യയുടെ ടെലി കമ്യൂണിക്കേഷൻ വിജയം ആഭ്യന്തര സംരംഭങ്ങളുടേയും അന്താരാഷ്ട്ര സാങ്കേതികതയുടേയും മത്സരാധിഷ്ഠിത വിപണിയുടേയും പൊതുനിക്ഷേത്തിന്റേയും കൂട്ടായ ചേരുവയാണ്.

സ്റ്റാർ ലിങ്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആത്യന്തികമായി അന്താരാഷ്ട്ര വാർത്താ തല വാചകങ്ങളിൽ നിന്ന് അപ്രത്യക്ഷമാകും. ഇന്ത്യയുടെ ഡിജിറ്റൽ മാറ്റം കോടിക്കണക്കിനു മനുഷ്യരുടെ ജീവിതത്തിന് പുതിയ രൂപങ്ങൾ നൽകുകയും ചെയ്യും. ഇലോൺ മസ്‌കിന്റെ സാങ്കേതിക വിദ്യയും ആത്യന്തികമായി ഇന്ത്യൻ ഡിജിറ്റൽ കണക്ടിവിറ്റിയുടെ ഭാഗമാകും. അത് സ്വാഗതാർഹവുമാണ്. എന്നാൽ ഇന്ത്യയുടെ ഡിജിറ്റൽ ഭാവി രൂപീകരിക്കപ്പെട്ടത്, സ്റ്റാർ ലിങ്ക് ഇങ്ങോട്ടുള്ള കടന്നു വരവ് തേടുന്നതിനും മുമ്പാണെന്ന് ഓർക്കണം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് സാങ്കേതിക വിദ്യയിൽ വിശ്വാസ്യത സ്ഥാപിച്ചെടുക്കാൻ ഏതെങ്കിലുമൊരു ശതകോടീശ്വരന്റെ അനുമതി ആവശ്യമില്ല. ഇന്ത്യയുടെ ഈ രംഗത്തെ നേട്ടങ്ങൾ ഇവിടത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ബിസിനസ്സിലും ജനങ്ങളുടെ ദൈനം ദിന ജീവിതത്തിലും പ്രകടവുമാണ്. അതുകൊണ്ട് ഇന്ത്യ ഇന്റർനെറ്റ് വിപ്ലവം തുടങ്ങാൻ കാത്തു നിൽക്കുകയല്ല, ഇന്റർനെറ്റ് വിപ്ലവം ഇന്ത്യയെ ഇപ്പോൾത്തന്നെ പരിവർത്തിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION