
ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യവും ആഗോള പൈതൃക പദവിയും നിലനിറുത്താൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രത്യേക നിയന്ത്രണമേർപ്പെടുത്തുന്ന മേഖലകളാണ് പരിസ്ഥിതി ലോല മേഖലകൾ ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ (ഇ.എസ്.എ). യു.പി.എ സർക്കാരിന്റെ കാലത്ത് മാധവ് ഗാഡ്ഗിൽ കമ്മിറ്റി പശ്ചിമഘട്ടത്തെ പൂർണമായും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തോടെയാണ് മലയോരത്ത് ശക്തമായ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടത്. തുടർന്ന് വന്ന ഡോ. കെ.കസ്തൂരിരംഗൻ കേരളത്തിൽ 13,108 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എയാക്കാൻ നിർദ്ദേശിച്ചു. ഇതിലും ജനവാസമേഖലകളും പ്രധാന നഗരങ്ങളും ഉൾപ്പെട്ടതോടെ ജനവികാരം വീണ്ടും ഇരമ്പി. തുടർന്നാണ് സംസ്ഥാന സർക്കാർ ഉമ്മൻ വി.ഉമ്മൻ കമ്മിഷനെ നിയോഗിച്ചത്.
ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി അത് 9,993.7 ചതുരശ്ര കിലോമീറ്ററായി (123 വില്ലേജുകൾ) ചുരുക്കാൻ ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ട് നിർദ്ദേശിച്ചു. കേരള സർക്കാർ ഈ ശുപാർശകൾ ഔദ്യോഗികമായി അംഗീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചു. ഈ ശുപാർശകൾ ഭാഗികമായി അംഗീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ 2014 മാർച്ച് 10ന് ആദ്യത്തെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്നുമുതൽ കഴിഞ്ഞ 12 വർഷത്തിനിടെ കേന്ദ്ര സർക്കാർ മാറിമാറി ഇറക്കിയ ആറ് കരട് വിജ്ഞാപനങ്ങളും സംസ്ഥാനങ്ങളുടെ എതിർപ്പ്, കാലാവധി തീരൽ, സുപ്രീംകോടതിയിലെയടക്കം കേസുകൾ എന്നിവ കാരണം റദ്ദാക്കപ്പെട്ടു. ജൂലായ് 27നാണ് ഏഴാമത്തെ കരട് വിജ്ഞാപനം പുറത്തുവന്നത്. ഈ വിജ്ഞാപനമിറങ്ങിയപ്പോഴും മലയോര കർഷകർ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും നടുവിലായിരുന്നു.
ആശ്വാസമായി കഡസ്ട്രൽ ഭൂപടം
എന്നാൽ കഴിഞ്ഞ ദിവസം പരിസ്ഥിതിലോല മേഖലയുടെ പുതിയ കഡസ്ട്രൽ ഭൂപടം പുറത്തുവന്നതോടെ ഇടുക്കി ജില്ലയിലെ മലയോരമേഖലയിലുണ്ടായിരുന്ന ആശങ്കകൾക്ക് ഒരുപരിധി വരെ ആശ്വാസമാകുകയാണ്. ജില്ലയിലെ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടെ പരിസ്ഥിതിലോല പരിധിയിൽ വരുമെന്നായിരുന്നു പ്രധാന ആശങ്ക. എന്നാൽ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചപ്പോൾ ജനവാസമേഖലകളെല്ലാം ഇതിൽ നിന്ന് പൂർണമായി ഒഴിവാക്കപ്പെട്ടു. പരിസ്ഥിതിലോല മേഖലയുടെ ഏഴാമത്തെ കരട് വിജ്ഞാപനം പുറത്തുവന്നത് ജില്ലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. ഏലമലക്കാടുകൾ ഉൾപ്പെടുന്ന വില്ലേജുകളും കരടിൽ ഇടംപിടിച്ചിരുന്നെങ്കിലും ഏതെല്ലാം പ്രദേശങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന കൃത്യമായ ഭൂപടം ലഭ്യമല്ലാതിരുന്നത് അനിശ്ചിതത്വം വർദ്ധിപ്പിച്ചു. കെ.ഡി.എച്ച്, ബൈസൺവാലി, കൊട്ടാക്കമ്പൂർ, ചിന്നക്കനാൽ ഉൾപ്പെടെ 28 വില്ലേജുകളാണ് നിലവിൽ പരിസ്ഥിതിലോല മേഖലയുടെ ഭാഗമായിട്ടുള്ളത്. സി.എച്ച്.ആർ വില്ലേജുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കർഷകരെയും ജനവാസ മേഖലകളെയും ഇത് നേരിട്ട് ബാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്. മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ പരിഗണിച്ചാണ് സി.എച്ച്.ആർ വില്ലേജുകളെ ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് അധികൃതരുടെ വിശദീകരണം.
ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
അതേസമയം ഭൂപടത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും സി.എച്ച്.ആർ വില്ലേജുകളുടെ പരിധി കൃത്യമായി വിശദീകരിക്കണമെന്നുമാണ് സി.പി.എം നിലപാട്. കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ് റോഡും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്തിമ വിജ്ഞാപനം ഈ രീതിയിൽ വന്നാൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളെ ഇത് ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പുതിയ ഭൂപടത്തിൽ ജനവാസമേഖലകൾ വന്നിട്ടുണ്ടെങ്കിൽ പരിശോധനയ്ക്ക് ശേഷം പരാതിപ്പെടാൻ സംവിധാനം ഒരുക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാതെ 16ന് പ്രഖ്യാപിച്ച ഇടുക്കി ജില്ലാ ഹർത്താലുൾപ്പെടെയുള്ള സമരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പാർട്ടിയുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും നിലപാട്.
ഇപ്പോഴും അവ്യക്തത
പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും പ്രദേശവാസികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇടയിൽ ഇപ്പോഴും കടുത്ത ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുന്നുണ്ട്. വില്ലേജുകളുടെ വിസ്തൃതിയിലും വിവരങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നും ഭൂപടത്തിൽ നിന്ന് കൃത്യമായ വിവരങ്ങൾ മനസിലാക്കുന്നത് പ്രയാസകരമാണെന്നും പരാതി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തുടനീളം 33 വില്ലേജുകളെ ഒഴിവാക്കുകയും മൊത്തത്തിലുള്ള വിസ്തൃതി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളിലെ ജനവാസ മേഖലകളും ആരാധനാലയങ്ങളും കൃഷിയിടങ്ങളും ഇ.എസ്.എ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ ആശങ്ക തുടരുന്നു. ഭൂപടം പരിശോധിക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുന്ന കർഷക സംഘടനകളും പൊതുജനങ്ങളും വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമ പ്രതികരണം നടത്തുകയുള്ളൂവെന്ന നിലപാടിലാണ്. https://envt.kerala.gov.in/ ൽ ഭൂപടം പരിശോധിക്കാം. സ്ഥലപ്പേര്, സ്ഥലത്തിന്റെ ജിയോ കോ- ഓർഡിനേറ്റുകൾ എന്നിവ ഉപയോഗിച്ചോ ഭൂപടത്തിൽ കർസർ ഉപയോഗിച്ച് സൂം ചെയ്ത് സ്ഥലം കണ്ടെത്തിയോ പരിശോധിക്കാമെന്നാണ് അറിയിപ്പ്. സ്ഥലത്ത് ഒരു തവണ മാത്രമേ ക്ലിക്ക് ചെയ്യാവൂ എന്നാണു നിർദ്ദേശം. കേരളം സമർപ്പിച്ച ഈ പട്ടിക കേന്ദ്രം പരിഗണിക്കുമോയെന്ന് അറിയണമെങ്കിൽ ഇ.എസ്.എ സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തുവരണം.
ആലപ്പുഴയും കാസർഗോഡും ഒഴികെയുള്ള കേരളത്തിലെ 12 ജില്ലകളിലെ 131 വില്ലേജുകളിലായി അരക്കോടിയോളം ജനങ്ങളെയാണ് ഈ പ്രശ്നം നേരിട്ട് ബാധിക്കുന്നത്. പുതിയ കരട് വിജ്ഞാപന പ്രകാരം 2,19,108 ഏക്കറാണ് (9993.7 ചതുരശ്ര കിലോമീറ്റർ) ഇ.എസ്.എ പരിധിയിൽ വരുന്നത്. ഇതിൽ വന ഇ.എസ്.എയും വനേതര ഇ.എസ്.എയുമുണ്ട്. 9107 ചതുരശ്ര കിലോമീറ്റർ വന ഇ.എസ്.എയ്ക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത്രയും സംരക്ഷിത വനമില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുന്നു. ഉപഗ്രഹ ചിത്രങ്ങളെ മാത്രം ആശ്രയിച്ച് അതിർത്തി നിർണയിച്ചതിനാൽ എണ്ണൂറിലധികം ജനസാന്ദ്രതയുള്ള പല ഗ്രാമങ്ങളും ജനവാസ മേഖലകളും കൃഷിയിടങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു വില്ലേജിന്റെ 20% ഭാഗം ജൈവവൈവിദ്ധ്യ സമ്പന്നമായതിന്റെ പേരിൽ ആ വില്ലേജ് മുഴുവൻ ഇ.എസ്.എയായതോടെ പല പ്രധാന ടൗണുകളും പട്ടികയ്ക്കകത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |