SignIn
Kerala Kaumudi Online
Friday, 16 October 2026 2.00 AM IST

ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊല

READ ENGLISH VERSION
f

ലജ്ജിച്ച് തലതാഴ്‌ത്തേണ്ടുന്ന ക്രൂരസംഭവങ്ങൾക്ക് കുറവില്ലാത്ത കാലമാണ്. ബാലപീഡനങ്ങളും കൂട്ടബലാത്സംഗങ്ങളും ബന്ധുത്വം മറന്നുള്ള കൂട്ടക്കൊലപാതകങ്ങളും ഗാർഹിക പീഡനങ്ങളും മലയാളി സമൂഹത്തെ ‍‍ഞെട്ടിക്കുകയും നാണംകെടുത്തുകയും ചെയ്യുന്ന നിത്യവർത്തമാനങ്ങൾക്കിടയിൽ വ്യത്യസ്തമാണ് ആൾക്കൂട്ടക്കൊലയുടെ ആവർത്തനം. പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടിട്ട് എട്ടര വർഷം കഴിഞ്ഞതേയുള്ളൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പശുക്കടത്തിന്റെയും ജാതിവെറിയുടെയും മറ്റും പേരിൽ നടക്കുന്ന ആൾക്കൂട്ടവിചാരണകളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ വായിച്ച് മൂക്കത്ത് വിരൽവയ്ക്കുന്നവരാണ് നമ്മൾ. അതിനോടൊന്നും ചേർത്തുവയ്ക്കാവുന്നതല്ല,​ പാലക്കാട് ചിറ്റൂരിൽ അജ്ഞാതനായ അനാഥ യുവാവിനെ വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ സംഘംചേർന്നു മർദ്ദിച്ച് മരണത്തിലേക്കു വലിച്ചെറിഞ്ഞ നിഷ്ഠൂരകൃത്യം. ആൾക്കൂട്ടക്കൊലയുടെ ആവർത്തനം സമൂഹമനസ്സാക്ഷിക്കു മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുന്നു.

ചിറ്റൂരിൽ മൂലത്തറ ഡാമിനു സമീപം ഊരുംപേരുമറിയാത്ത,​ ഭിക്ഷാടകനെന്നു സംശയിക്കുന്ന

യുവാവിനെയാണ് ആൾക്കൂട്ടം കല്ലെറിഞ്ഞും മരക്കഷണംകൊണ്ട് അടിച്ചും കൊലപ്പെടുത്തിയത്. സഹായം അഭ്യർത്ഥിക്കാൻ സംസാരശേഷി പോലുമില്ലാതിരുന്ന നിസ്സഹായനായ സഹജീവിയെ കാരുണ്യലേശമില്ലാതെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയവരുടെ മന:ശാസ്ത്രം വിചിത്രമാണ്. പ്രകോപനമോ മുൻവൈരാഗ്യമോ ഇല്ലാതെയായിരുന്നു ക്രൂര മർദ്ദനവും കൊലപാതകവും. കുറച്ചുദിവസമായി മൂലത്തറ ഡാം പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന യുവാവ് പ്രതികളിൽ ഒരാളുടെ വീടിനു മുന്നിൽ കിടന്നുറങ്ങാറുണ്ടായിരുന്നത്രേ. ഇതു വിലക്കിയെങ്കിലും അനുസരിക്കാതിരുന്നതാണ് സംഘം ചേർന്നുള്ള കൊലയ്ക്കു പിന്നിലെന്നാണ് പൊലിസിന്റെ നിഗമനം. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മൂലത്തറ ഡാമിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെളിപ്പെടുകയും ചെയ്തു.

ഇയാളുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ അമ്പതോളം മുറിവുകളുണ്ടായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നും കണ്ടെത്തി. അറസ്റ്റിലായ ഏഴു പ്രതികളും റിമാൻഡിലാണ്. തന്റെ വീടിനു മുന്നിൽ അനാഥ യുവാവ് കിടന്നുറങ്ങിയതിന്റെ പേരിൽ നീരസമുണ്ടായിരുന്ന കതിരേശൻ എന്നയാളും സംഘവുമാണ് കൊലയ്ക്കു പിന്നിലെന്നും പൊലീസ് കണ്ടെത്തി. ഭിക്ഷാടകനെന്നു സംശയിക്കുന്നയാൾ ശല്യമായി അനുഭവപ്പെടുന്നെങ്കിൽ പൊലീസിൽ അറിയിക്കുകയോ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഏല്പിക്കുകയോ പോലെ സ്വീകരിക്കാവുന്ന നിയമപരമായ മാർഗങ്ങൾ പലതുണ്ട്. വ്യക്തിയുടെ മനശ്ശാസ്ത്രമല്ല ആൾക്കൂട്ടത്തിന്റേത്. നിയമവിചാരമോ ദയാവായ്പോ വീണ്ടുവിചാരമോ കൂടാതെ,​ കാരണമില്ലാത്ത പ്രതികാരബുദ്ധി മാത്രം ഭരിക്കുന്നതാണ് കൂട്ടംചേരലിന്റെ മനോനില. 'ആൾക്കൂട്ട വിചാരണയിൽ ഇത് അവസാനത്തേതാകട്ടെ' എന്നാണ് അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷ വിധിച്ചുകൊണ്ട് വിചാരണ കോടതി അന്നു പറഞ്ഞത്. അത് വെറുതെയായി.

പിന്നീട് മധു വധക്കേസിൽ ഹൈക്കോടതി 12 പ്രതികൾക്ക് മൂന്നുവീതം ജീവപര്യന്തവും പിഴയുമായി ശിക്ഷ വർദ്ധിപ്പിച്ചിരുന്നു. മതിയായ തെളിവുകളില്ലെന്ന കാരണത്താൽ ഒന്നാംപ്രതിയെ മാത്രം വെറുതെവിട്ടു. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്ന് ഈ സർക്കാർ മധുവിന്റെ കുടുംബത്തിന് ഉറപ്പും നൽകിയിരുന്നു. കേസും വിചാരണയും ശിക്ഷയും അപ്പീലുമൊക്കെ നിയമവാഴ്ചയുടെ വഴികളിൽ തുടരട്ടെ. പക്ഷേ,​ വ്യക്തികളുടെ മനോവിചാരത്തിലും അവർ കൂട്ടംചേരുമ്പോഴത്തെ സംഘമനശ്ശാസ്ത്രത്തിലും എന്താണ് സംഭവിക്കുന്നത് എന്നത് വിശദമായ ശാസ്ത്രീയപഠനത്തിന് വിധേയമാക്കേണ്ടതാണ്. സഹനശീലവും ക്ഷമാശീലവുമില്ലാത്തതാണ് ആത്മഹത്യകളും കൊലപാതകങ്ങളും വർദ്ധിച്ചുവരുന്നതിന് ഒരു കാരണം. മദ്യലഹരിയിലാണ് പല കൊലപാതകങ്ങളും എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ചിറ്റൂരിൽ യുവാവിനെ മർദ്ദിച്ചുകൊലപ്പെടുത്തിയ പ്രതികളും മദ്യലഹരിയിലായിരുന്നു. സമൂഹത്തിന്റെ മാനസികാരോഗ്യം എന്നത് ഗൗരവമുള്ള വിഷയമായി കാണുകയും,​ ബോധവത്കരണം ഉൾപ്പെടെയുള്ള പരിഹാരമാർഗങ്ങളെക്കുറിച്ച് സർക്കാരും സന്നദ്ധ സംഘടനകളും അടിയന്തരമായി ചിന്തിക്കുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION