SignIn
Kerala Kaumudi Online
Thursday, 15 October 2026 12.55 AM IST

അഭിവാദനം, ആർലേക്കർജി

r-v-arlekar

അഞ്ച് പതിറ്റാണ്ടു മുമ്പ് ഗോവയിലെ തടവറയിൽ ഒരു പിതാവും പുത്രനും കണ്ടുമുട്ടി. ഇരുവരും തടവുകാർ തന്നെ. പക്ഷേ, വായോധികനായ ആ അച്ഛന് അറിയില്ലായിരുന്നു തന്റെ ഏക മകനും തടവുകാരനായി അതേ ജയിലിൽ എത്തിയ വിവരം. അതിരാവിലെ പ്രാതൽ കഴിക്കാൻ അവരെ ജയിൽ അധികൃതർ എത്തിച്ചപ്പോഴായിരുന്നു ആ അപ്രതീക്ഷിത കൂടിക്കാഴ്ച. ഇരുവരുടെയും ജീവിതത്തിലെ ഒരപൂർവ്വ അഭിമാന മുഹൂർത്തമായിരുന്നു അത്.

അന്ന് അച്ഛനോടൊപ്പം തടവുശിക്ഷ അനുഭവിക്കേണ്ടി വന്ന കോളേജ് വിദ്യാർത്ഥിയാണ് കേരള ലോക്ഭവന്റെ പടിയിറങ്ങുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്തതിനാണ് അന്ന് അച്ഛനെയും മകനെയും വേവ്വേറെ സമയത്ത് ജയിലിലാക്കിയത്. അച്ഛൻ അന്ന് രാഷ്ട്രീയ നേതാവ്. മകൻ പിൽക്കാലത്താണ് നേതാവായത്. നിയമസഭയിലും മന്ത്രിസഭയിലും അംഗമായും പിന്നെ സഭാദ്ധ്യക്ഷനായും വളർന്ന് വലുതായി. തുടർന്ന് ഒന്നിനുപിറകെ, നാല് സംസ്ഥാനങ്ങളുടെ ഗവർണറായി.

കേരളത്തിലെ കാലാവധി കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പോകുമ്പോൾ ആർലേക്കർക്ക് കേരളത്തിലെ ജനങ്ങളെക്കുറിച്ച്, അവരുടെ സംസ്കാരത്തെ കുറിച്ച് ഏറെ അഭിമാനം. പഠിക്കാനും പണി തേടാനും കേരളത്തിലെ യുവത സ്വന്തം നാട് വിട്ട് പോകുന്നതിൽ ആശങ്കയും. ഒപ്പം അല്പം അപകർഷതയും. മലയാളം സംസാരിക്കാൻ കഴിഞ്ഞില്ലെന്നതിൽ. എന്നാലും ഒന്നര വർഷം കൊണ്ട് കുറെയൊക്ക പഠിച്ച് വച്ചിട്ടുണ്ട്. ഇടയ്ക്കിടെ പ്രയോഗിക്കാറുമുണ്ട്.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സംഘർഷം കൊടുമ്പിരികൊള്ളവേയാണ് ആർലേക്കറെ രാഷ്ട്രപതി, ബീഹാറിൽ നിന്ന് കേരളത്തിലേക്ക് നിയോഗിച്ചത്. "മുൻഗാമി മൂർഖനെങ്കിൽ ഇനി എത്തുന്ന പിൻഗാമി രാജവെമ്പാല" എന്നൊക്കെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പലരും കോറിയിട്ടു. പക്ഷേ, തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നതിന് മുമ്പ് നിയുക്ത കേരള ഗവർണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി, "ഞാൻ സംഘട്ടനത്തിനല്ല, സഹകരണത്തിനാണ് കേരളത്തിലേക്ക് പോകുന്നത്".

പ്രഖ്യാപിച്ചത് പോലെയായിരുന്നു ആർലേക്കറുടെ പ്രവർത്തന ശൈലി. ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തന ചരിത്രമുള്ള ഗവർണർ ആർലേക്കർ മാർക്സിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് ഡൽഹിയിലെ കേരള ഹൗസിൽ ധനമന്ത്രി നിർമ്മല സീതാരാമന് പ്രാതൽ ഒരുക്കിയപ്പോൾ പലരും നെറ്റി ചുളിച്ചു. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്കായി ഏതറ്റം വരെയും പോകും എന്നായിരുന്നു അത്ഭുതം കൂറിയവരോട് അന്ന് ആർലേക്കർ പ്രതികരിച്ചത്.

എന്നാൽ നിലപാടുകളിൽ അദ്ദേഹം പാറപോലെ ഉറച്ചുതന്നെ നിന്നു. ദേശീയ വികാരങ്ങളിൽ തെല്ലും വിട്ടുവീഴ്ചയ്ക്ക് കൂട്ടാക്കിയില്ല. ഭാരതാംബയെ ആദരിക്കുന്നതിലും 'വന്ദേ മാതരം' ആലപിക്കുന്നതിലും ആർലേക്കർ ഉറച്ചു നിന്നു. സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനം പോലുള്ള തർക്ക വിഷയങ്ങളിൽ സമവായത്തിന് അദ്ദേഹം ആത്മാർത്ഥമായി ശ്രമിച്ചു. ചിലയിടങ്ങളിൽ അത് സഫലവുമായി.

തികച്ചും ജനകീയനാണ് ആർലേക്കർ. ആചാരമര്യാദകൾ അതിന് തടസമാവാൻ അദ്ദേഹം അനുവദിക്കാറില്ല. അതിനായി പലപ്പോഴും 'പ്രോട്ടോക്കോൾ' മറികടന്നു. ഏത് സാധാരണക്കാരനെയും ചേർത്തു നിറുത്തും. ആശ്ലേഷിക്കും. തലസ്ഥാന നഗരിയിൽ യാത്ര ചെയ്യവേ, മാർഗമദ്ധ്യേ ഒരു വായോധികൻ കുഴഞ്ഞു വീഴുന്നത് കണ്ട മാത്രയിൽ, വാഹനവ്യൂഹം നിറുത്തിച്ച് ഗവർണർ നേരിട്ടിറങ്ങി അയാൾക്ക് വെള്ളം കൊടുത്തതും, ആശ്വസിപ്പിച്ച് ആശുപത്രിയിലേക്ക് അയച്ചതും കഴിഞ്ഞ ഓണക്കാലത്ത് വാർത്തയായിരുന്നു.

വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമായിരുന്ന ലോക്ഭവനിലെ 'അറ്റ് ഹോം' വിരുന്നുകളിലേക്ക് ഭിന്നശേഷിക്കാരും 'ട്രാൻസ്‌ജെൻഡേഴ്സും' ഉൾപ്പെട്ട ദുർബ്ബല വിഭാഗങ്ങളിൽ നിന്നുള്ളവരെ ആർലേക്കർ ക്ഷണിച്ചു വരുത്തി. ഇങ്ങനെ 'രാജ്ഭവൻ' 'ലോക്ഭവൻ' ആക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾ നിർണ്ണായകമാണ്. രണ്ടുവർഷം മുമ്പ്, ഗവർണർമാരുടെ സമ്മേളനത്തിൽ, രാജ്യത്തെ രാജ്ഭവനുകൾ 'ലോക്ഭവൻ' എന്ന് പുനർ നാമകരണം ചെയ്യണം എന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചതു തന്നെ ആർലേക്കറാണ്.

ലോക്ഭവനിലെ ഗ്രന്ഥശാലയ്ക്ക് 'തുഞ്ചൻ സ്മൃതി ' എന്ന് പേരിട്ട്, പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള പ്രവർത്തനവും ഇപ്പോൾ പുരോഗമിക്കുകയാണ്. ഗവർണർ തന്നെ മുൻകൈയെടുത്ത് ലോക്ഭവനുള്ളിൽ കേരളീയ മാതൃകയിൽ ഒരു സമ്മേളന മണ്ഡപം, ഇതിനിടെ ശിൽപ്പി ജി.ശങ്കറെ കൊണ്ട് രൂപകല്പന ചെയ്തു കഴിഞ്ഞു. ഒപ്പം സുരേഷ് ഇളമൺ സംവിധാനം ചെയ്യുന്ന ഒരു ചിത്രശലഭ ആരാമത്തിനും ആർലേക്കറുടെ നിർദ്ദേശമുണ്ടായിട്ടുണ്ട്.

ബാബ സാഹബ് അംബേദ്‌കറുടെ ഛായാചിത്രം ലോക്ഭവനിലെ ഗവർണറുടെ ഓഫീസ് മുറിയിൽ ഇടംപിടിച്ചത് ആർലേക്കറുടെ കാലഘട്ടത്തിലാണ് എന്നതും എടുത്ത് പറയേണ്ടതുണ്ട്. മുൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ കാലത്ത് പണി പൂർത്തിയാക്കിയ കെ.ആർ. നാരായണന്റെ പ്രതിമയുടെ അനാഛാദനത്തിന് രാഷ്ട്രപതി മുർമു എത്തിയതും കേരള ലോക് ഭവനിൽ നിർവഹിച്ചതും ഒരു വർഷം മുമ്പ്. അംബേദ്‌കർ തിരുവനന്തപുരം സന്ദർശിച്ച് പ്രജാ സഭയിൽ പ്രസംഗിച്ചതിന്റെ എഴുപത്തഞ്ചാം വാർഷികം കേരളത്തെ ഓർമ്മിപ്പിക്കാൻ നിയമസഭയിലെ തന്റെ നയപ്രഖ്യാപന പ്രസംഗ വേളയിൽ ഗോവാക്കാരനായ ഗവർണർ വേണ്ടിവന്നു എന്നതും ചരിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJENDRA VISWANATH ARLEKKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION