
മാഡിസൺ സ്‌ക്വയർപോലെ ഒന്ന് നമ്മുടെ നാട്ടിലും വരട്ടെ. മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിർദ്ദേശം നല്ലതാണ്. പക്ഷേ, അതിനായി കണ്ടെത്തിയ തിരുവനന്തപുരം മൃഗശാലയുടെ സ്ഥലം ആ പദ്ധതിക്ക് അനുയോജ്യമല്ല. ഒന്നിനെ നശിപ്പിച്ച് മറ്റൊന്നിനെകൊണ്ടുവരുന്നതിന് തുല്യമാകുമത്. കാരണം തിരുവനന്തപുരം ചെറിയൊരു നഗരമാണ്. മാത്രമല്ല പൈതൃക നഗരവും. പദ്മനാഭസ്വാമി ക്ഷേത്രവും നിരവധി പൈതൃക നിർമ്മിതികളുമടക്കം ഉൾക്കൊള്ളുന്ന നഗരം.
ഈ നഗരത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് രാജഭരണകാലത്ത് വിവിധ പദ്ധതികൾക്ക് തുടക്കമിട്ടത്. കാലമെത്ര കടന്നാലും നഗരത്തിന് അനിവാര്യമായ നിർമ്മിതികളും സംവിധാനങ്ങളുമൊക്കെയാണത്. അതൊരുപക്ഷേ മറ്റൊരു നഗരത്തിൽ കാണാനായെന്നു വരില്ല. മാറിയകാലത്ത് മാഡിസൺ സ്‌ക്വയർ പോലുള്ള നിർമ്മിതികൾ നമുക്കും ഉണ്ടാകട്ടെ. അതിന് പറ്റിയ സ്ഥലം നഗരത്തിരക്കിൽ നിന്ന് മാറി മറ്റൊരിടത്താകുന്നതാവും ഉചിതം.
ഉദാഹരണം പറയുകയാണെങ്കിൽ തലസ്ഥാനത്ത് വലിയൊരു മാൾ ആരംഭിച്ചത് നഗരത്തിരക്കിൽ നിന്ന് അകലെയുള്ള ഒഴിഞ്ഞ പ്രദേശത്തായിരുന്നു. വലിയ നിർമ്മാണ പ്രവർത്തനം നടത്താനും വിവിധ സൗകര്യങ്ങളൊരുക്കാനും അവിടെ കഴിഞ്ഞു. മാഡിഡൺ സ്‌ക്വയർ പോലുള്ള പദ്ധതികൾ ആലോചിക്കുമ്പോൾ നഗരഹൃദയത്തിലെ പൈതൃകവും അവശേഷിക്കുന്ന ജൈവവൈവിദ്ധ്യവും തകർക്കാത്ത സ്ഥലങ്ങൾ കണ്ടെത്തണം.
തൃശൂർ മൃഗശാല നഗരത്തിൽ നിന്നും മാറ്റിയതാണ് തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്ന ചിലർ ചൂണ്ടിക്കാട്ടുന്നത്. തൃശൂരിലേത് മാറ്റിയത് പരിമിതികൾമൂലം സെൻട്രൽ സൂ അതോറിട്ടിയുടെ അംഗീകാരം നഷ്ടമായതുകൊണ്ടായിരുന്നു.
തിരുവനന്തപുരമാകട്ടെ ഇന്നും സെൻട്രൽ സൂ അതോറിട്ടിയുടെ ലാർജ് കാറ്റഗറി സൂ വിഭാഗത്തിൽ ഒരു പരാതിക്കും ഇടനൽകാത്ത വിധം പ്രവർത്തിക്കുന്നു. മൃഗശാല മാറ്റേണ്ട എന്തെങ്കിലും സാഹചര്യമുണ്ടെങ്കിൽ അത് നിർദ്ദേശിക്കേണ്ടത് സെൻട്രൽ സൂ അതോറിട്ടിയാണ്.
മൃഗശാലമാറ്റൽ നീക്കം ഇതോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളെടക്കം തകർക്കുമെന്നതിൽ സംശയമില്ല.
തിരുവിതാംകൂർ വാനനിരീക്ഷണകേന്ദ്രം ഡയറക്ടറായിരുന്ന അല്ലൻ ബ്രൗൺ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സാണ് ആദ്യ മ്യൂസിയമായി മാറുന്നത്. പുരാവസ്തക്കളോടും മറ്റും കമ്പമുള്ള ഇദ്ദേഹത്തിന്റെ ശേഖരങ്ങൾ പലതും ഇവിടെയുണ്ടായിരുന്നു. ഇത് മ്യൂസിയാമാക്കണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. 1853ൽ റഡിഡന്റിന് ഇതുസംബന്ധിച്ച കത്തയച്ചു. 1855ൽ മ്യൂസിയം തുടങ്ങി.
അന്ന് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. 1857ൽ പൊതുജനങ്ങൾക്കായും തുറക്കപ്പെട്ടു. എന്നാൽ സന്ദർശകർ വളരെ കുറവായിരുന്നു. ഇതിനുള്ള പ്രതിവിധി എന്ന നിലയ്ക്കാണ് മൃഗശാലകൂടി തുടങ്ങാനുള്ള ആശയം രൂപപ്പെടുന്നത്. 1859ൽ മൃഗശാല തുടങ്ങി. ഇന്ന് രാജ്യത്ത് നിലവിലുള്ളതിൽ ഏറ്റവും പഴക്കമുള്ള മൃഗശാലകൂടിയാണിത്. 1874ൽ പഴയ ക്വാർട്ടേഴ്‌സ് കെട്ടിടം പൊളിച്ച് നേപ്പിയർ മ്യൂസിയം നിർമ്മിച്ചു.
1890കളിൽ ലാൻഡ് സ്‌കേപ്പും ബോട്ടാണിക്കൽ ഗാർഡനും വേണമെന്ന ചിന്തവന്നു. അത് തുടങ്ങിയപ്പോൾ അതും തിരുവിതാംകൂറിൽ ആദ്യത്തേതായിരുന്നു. 1935ൽ ശ്രീചിത്രാ ആർട്ട്ഗ്യാലറി തുറന്നു. 1958ൽ മൃഗശാല 100 വർഷം ആഘോഷിക്കുന്ന സമയത്ത് സുവനീർ ബിൽഡിംഗ് നിർമ്മിച്ചു. അതാണ് നേച്വറൽ ഹിസ്റ്ററി മ്യൂസിയമായത്. തുടർന്ന് ശ്രീചിത്ര എൻക്ലേവ് തുടങ്ങി. 1978ൽ കെ.സി.എസ്.പണിക്കർ ഗ്യാലറി വന്നു. അങ്ങനെ മ്യൂസിയങ്ങളും മൃഗശാലകളും മികച്ച രീതിയിൽ വളർന്നു.
ജൈവവൈവിദ്ധ്യ കലവറ
മൃഗശാല മാറ്റിയാൽ മ്യൂസിയങ്ങളിലേക്ക് സന്ദർശകർ എത്താതെവരും. അവയുടെ പ്രാധാന്യവും നഷ്ടപ്പെടും. 1992ൽ കേന്ദ്ര മൃഗശാല അതോറിട്ടി നിലവിൽ വന്നപ്പോൾ രാജ്യത്തെ മുഴുവൻ മൃഗശാലകളും പരിശോധിച്ചു. 300ഓളം മൃഗാശാലകൾ അന്ന് ഉണ്ടായിരുന്നു. പരിശോധനയ്ക്ക് ശേഷം മാനദണ്ഡങ്ങൾ പാലിക്കുന്നവ 100ൽ താഴെയായി ചുരുങ്ങി. അതിലൊന്ന് തിരുവനന്തപുരമാണ്.
1998ലെ നാഷണൽ സൂ പോളിസി പ്രകാരം ആധുനികരീതിയിൽ മൃഗശാല നവീകരിച്ചു. മൃഗങ്ങൾക്ക് മെച്ചപ്പെട്ട സംരക്ഷണ, പരിപാലന, ചികിത്സാ സൗകര്യങ്ങളൊരുക്കി. ജൈവവൈവിദ്ധ്യ കലവറയാണ് മൃഗശാല ഉൾപ്പെടുന്ന പ്രദേശം. 192 ജനുസകളിലായി 258 സ്പീഷീസിൽ 1400ലധികം വൃക്ഷങ്ങൾ ഇവിടെയുണ്ട്. 130ലധികം സ്പീഷീസിലെ പക്ഷികൾ ഇവിടത്തെ ആവാസവ്യവസ്ഥയിലേക്ക് എത്താറുണ്ട്. ചേരക്കോഴിയടക്കം ഇതിൽപ്പെടുന്നു.
(മ്യൂസിയം ആൻഡ് സൂ വകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |