SignIn
Kerala Kaumudi Online
Sunday, 18 October 2026 2.52 AM IST

അതിരുകടക്കുന്ന മൃഗങ്ങൾ, അതിജീവനം തേടി മനുഷ്യർ

1

 ഒരു കാലത്ത് പച്ചപ്പുതച്ച വയലുകളുടെയും കൊയ്ത്തുപാട്ടുകളുടെയും നാടായിരുന്നു വയനാട്. എന്നാൽ, കാലത്തിന്റെ കുത്തൊഴുക്കിൽ ആ പച്ചപ്പ് നഷ്ടമായി. വയലുകളെല്ലാം ഇന്ന് തരിശായി. പകരം, കാട്ടാനയും കാട്ടുപോത്തും മയിലും മാനും പന്നിയുമെല്ലാം വാഴുന്ന മണ്ണായി ആ ഭൂമി മാറി. കാടും നാടും ഒന്നിച്ച് ഇടകലർന്നു കിടക്കുന്ന ഈ മണ്ണിൽ, മനുഷ്യനും വന്യമൃഗങ്ങളും തമ്മിൽ നിലനിൽപ്പിനായുള്ള ഒരു യുദ്ധക്കളം തന്നെ രൂപപ്പെട്ടിരിക്കുന്നു.

വയലുകളുടെ നാടായിരുന്നു വയനാട്. എന്നാൽ അതെല്ലാം പഴങ്കഥയായി. വയലുകളെല്ലാം തരിശായി. കാട്ടാനയും കാട്ടുപോത്തും മയിലും മാനും പന്നിയുമെല്ലാമാണ് ഇപ്പോൾ ഇവിടെ കാണാൻ കഴിയുന്നത്. കാട്ടുമൃഗങ്ങളും മനുഷ്യരും ഒന്നിച്ചുള്ള സഹവാസം . ഇരുകൂട്ടരും ജീവിക്കാനായുള്ള മത്സരത്തിലാണ്. വന്യമൃഗങ്ങളിൽ നിന്ന് ജീവനും സ്വത്തും സംരക്ഷിക്കാനായി ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ, വന്യമൃഗങ്ങൾ കർഷകർ നട്ടുനനച്ച കൃഷികൾ തിന്ന് വിശപ്പടക്കും. കർഷകരുമായി ഏറ്റുമുട്ടും. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് മുന്നിൽ കാടും നാടും വേർതിരിച്ചുള്ള ലക്ഷ്മണരേഖ ഏതാണെന്ന് വന്യമൃഗങ്ങൾക്കുമറിയില്ല കർഷകർക്കുമറിയില്ല. കാരണം വയനാട് വന്യജീവി സങ്കേതം 1973-ൽ പ്രഖ്യാപിച്ചപ്പോൾ തന്നെ വനത്തിനകത്ത് കഴിഞ്ഞിരുന്ന കർഷകരെ മാറ്റി പാർപ്പിക്കാതെയാണ് സങ്കേതമായി പ്രഖ്യാപിച്ചത്.

നാല് ഭാഗവും വനത്താൽ ചുറ്റപ്പെട്ട പ്രദേശത്തിന്റെ ഉൾപ്രദേശത്താണ് ഇപ്പോഴും ജനങ്ങൾ അധിവസിക്കുന്നത്. ഇവയ്ക്ക് പുറമെ വനയോര ഗ്രാമങ്ങളുമുണ്ട്. ഇവിടെയെല്ലാം കാടും നാടും ഒന്നിച്ചാണ് കിടക്കുന്നത്. വനം വകുപ്പ് ജണ്ടകെട്ടി അതിർത്തി തിരിച്ചിട്ടുണ്ടെങ്കിലും, 'നമ്മുടെ അതിർത്തി കഴിഞ്ഞു, ഇനി തിരിച്ചു പോകാം' എന്ന് കരുതി വഴിതിരിഞ്ഞുപോകാൻ ഒരു വന്യമൃഗത്തിനും കഴിയില്ല. നൂറ്റാണ്ടുകളായി ആ മണ്ണിൽ ജീവിച്ച മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ കൃഷിയിടങ്ങളിലൂടെയാണ് അതിർത്തി വരച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി തലമുറകൾ മാറി മാറി താമസിച്ചുവന്നവരാണ് വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ. വേലിയും കിടങ്ങും, സെൻസറിംഗ് സംവിധാനവും തൂക്ക് ഫെൻസിംഗുമെല്ലാം അതിർത്തിയിലുണ്ട്.

വന്യജീവി സങ്കേതമായി വയനാട് പ്രഖ്യാപിച്ചപ്പോൾ ചെയ്യേണ്ട കാര്യമായിരുന്നു വനത്തിനകത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കുക എന്നത്. അരനൂറ്റാണ്ട് പിന്നിട്ട് വന്യമൃഗങ്ങളുടെയും ജനങ്ങളുടെയും എണ്ണം വർദ്ധിച്ചപ്പോഴാണ് മാറ്റി പാർപ്പിക്കുന്നതിന് വിവിധ പദ്ധതികളുമായി രംഗത്തിറങ്ങിയത്. അപ്പോഴേക്കും ഇരുകൂട്ടരും നിലനിൽപ്പിനായുള്ള സംഘർഷവും തുടങ്ങി. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം എങ്ങിനെ ലഘൂകരിക്കാമെന്നതാണ് ഇപ്പോൾ വനം വകുപ്പിന്റെയും പ്രധാന ചിന്ത. നിത്യേനയെന്നോണം വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും നാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നിലനിൽപ്പിനായുള്ള പോരാട്ടം ഇരുകൂട്ടരും തുടരുകയുമാണ്.

 സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി

കർഷകരുടെ കൃഷിയിടത്തിൽ കന്നുകാലികൾ മേഞ്ഞ് നടക്കുന്നതുപോലെയാണ് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിളകൾ തിന്നും ചവിട്ടി നശിപ്പിച്ചും കൃഷിയിടത്തിലൂടെ നടക്കുന്നത്. വന്യമൃഗങ്ങളെക്കൊണ്ട് നിലനിൽപ്പില്ലാതായതോടെ താമസിക്കുന്ന സ്ഥലത്ത് നിന്ന് പോകാൻ തയ്യാറായി നിൽക്കുകയാണ് പലരും. നഷ്ടപരിഹാരം കിട്ടിയാൽ പോകാമെന്ന് കരുതിയിരിക്കുമ്പോഴാണ് വനമേഖലയിൽ കഴിയുന്നവരെ മാറ്റി പാർപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് വനം വകുപ്പ് രൂപ രേഖ തയ്യാറാക്കിയത്. ഇതനുസരിച്ച് 18 വയസ് പ്രായപൂർത്തിയായ ഒരു കുടുംബത്തിന് 10 ലക്ഷം രൂപയായിരുന്നു തുടക്കത്തിൽ നിശ്ചയിച്ചത്. പിന്നീട് ഇത് 15 ലക്ഷം രൂപയാക്കി. പുനരധിവാസ പട്ടികയിൽപ്പെട്ട പ്രദേശത്തെ ജനങ്ങളിൽ കുറെപേർ ഇതിനകം ഒഴിഞ്ഞുപോകാൻ തയ്യാറായി സ്ഥലത്തിന്റെ പ്രമാണം വനം വകുപ്പിന് കൈമാറി.

എന്നാൽ കൂടുൽ ഭൂമിയുള്ള ആളുകൾ താമസിക്കുന്ന ഇടം വിട്ടുപോകാൻ തയ്യാറായിട്ടില്ല. അ‌ഞ്ചും പത്തും ഏക്കർ സ്ഥലമുള്ളവർക്ക് കൃഷിയിൽ നിന്ന് ലഭിക്കുന്ന ആദായം പോലുമാകുന്നില്ല ഈ തുക. അതിനാൽ സ്ഥലത്തിന്റെയും കുഴിക്കൂറുകളുടെയും ആദായത്തിനനുസരിച്ച തുക വേണമെന്നാണ് ഒഴിഞ്ഞുപോകാൻ തയ്യാറാകാതെ കിടക്കുന്നവരുടെ ആവശ്യം. അതേപോലെ കാടുമായി ഇഴുകി ചേർന്ന് കഴിയുന്ന ഗോത്രവാസികളും അവരുടെ പാരമ്പര്യം വിട്ട് പോകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

കൊട്ടങ്കര, അമ്മവയൽ, ഗോളൂർ എന്നിവിടങ്ങളിൽ പൂർണമായും ആളുകൾ മാറി താമസിച്ചു.

അതേസമയം പട്ടികയിലുള്ള ചെട്ട്യാലത്തൂർ, കുണ്ടർ, കാപ്പാട് എന്നിവിടങ്ങളിലെ മാറ്റി പാർപ്പിക്കൽ പൂർണമായിട്ടില്ല. മാത്രമല്ല മാറ്റിപ്പാർപ്പിക്കാൻ നിശ്ചയിക്കപ്പെട്ട പ്രദേശത്തെ മുഴുവൻ ആളുകൾക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഭൂമിയുടെ രേഖ കൈമാറിയെങ്കിലും ഫണ്ട് എത്തിയില്ല എന്ന് പറഞ്ഞാണ് നഷ്ടപരിഹാര തുക നൽകാത്തത്. പ്രദേശത്ത് താമസമില്ല എന്നതിനാലാണ് തുക വൈകാൻ കാരണമെന്നാണ് അറിയുന്നത്. മാറിത്താമസിക്കുന്നതിന് തയ്യാറാണെന്ന് കാണിച്ച് സമ്മതപത്രം നൽകുകയും ഭൂമിയുടെ രേഖകൾ കൈമാറുകയും ചെയ്ത കർഷകരും ബുദ്ധിമുട്ടിലാണ്. ഭൂമി സംബന്ധമായ രേഖകൾ ഒന്നും കൈവശമില്ലാത്തതിനാൽ ഒരു ആനുകൂല്യത്തിനും ഇവർ അർഹരല്ലാതായി.

പരിസ്ഥിതി ലോലമേഖല, ഡെമോക്ലീസിന്റെ വാൾ

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയിൽപ്പെടുന്നവയാണ്. ഇവിടെ താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളാണ് ഇ.എസ്.എ പരിധിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്നത്. വയനാട് ജില്ലയിലെ 13 വില്ലേജുകളാണ് ഇ.എസ് .എ പരിധിയിലുള്ളത്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്.

ഉരുൾപ്പൊട്ടൽ പോലുള്ള ദുരന്തസാദ്ധ്യതകളും വനമേഖലയുടെ സാമീപ്യവും പരിഗണിച്ചാണ് ഈ വില്ലേജുകളെ പരിസ്ഥിതി ലോലമേഖലയായി അടയാളപ്പെടുത്തിയത്. സംസ്ഥാന സർക്കാർ സമർപ്പിച്ച പുതിയ മാപ്പിൽ ജനവാസമേഖലകളെയും കാർഷികമേഖലയേയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടങ്കിലും 13 വില്ലേജുകളിലെ ജനങ്ങളുടെ തലയ്ക്ക് മുകളിൽ തന്നെയാണ് ഇ.എസ്.എ എന്നഡെമോക്ലീസിന്റെ വാൾ ഇപ്പോഴും നിലകൊള്ളുന്നത്. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയായി നിർവ്വചിക്കപ്പെട്ടതാണ് ജനങ്ങൾക്ക് ഭീഷണിയായി തീർന്നത്. അതിനിടെയാണ് കാടും നാടും വേർതിരിക്കണമെന്ന ആശയം ഉയർന്നത്. വനവും കൃഷിയിടവും പരസ്പരം ചേർന്ന് കിടക്കുന്നതിനാൽ ഇത് വേ‌ർതിരിക്കുക അസാദ്ധ്യമായ കാര്യമായി തീർന്നിരിക്കുകയാണ്. കാട് ഏത് നാട് ഏത് എന്നറിയാതെ ജനങ്ങളും വന്യമൃഗങ്ങളും ഒന്നിച്ച് കഴിയുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONFLICT, MAN-ANIMAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION